Entertainment News

ടെയ്‌ലര്‍ സ്വിഫ്റ്റിനും ട്രാവിസ് കെല്‍സിക്കും രഹസ്യവിവാഹം, പിന്നാലെ 224 കോടിയുടെ ചാരിറ്റി; മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ആഘോഷങ്ങള്‍ തുടങ്ങി

ന്യൂയോര്‍ക്ക് നഗരത്തിലെ വിഖ്യാതമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ച് വിവാഹാഘോഷങ്ങളുടെ ആദ്യദിന ചടങ്ങുകള്‍ പൂര്‍ത്തിയായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Entertainment Desk

അമേരിക്കയിലുടനീളമുള്ള 20 ചാരിറ്റി സംഘടനകള്‍ക്കായി 26 മില്യണ്‍ ഡോളര്‍ (224 കോടിയിലധികം രൂപ) സംഭാവന നല്‍കി പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റും പങ്കാളിയും എന്‍എഫ്എല്‍ താരവുമായ ട്രാവിസ് കെല്‍സിയും. സ്വിഫ്റ്റിന്റെ ജന്മനാടായ നാഷ്വില്ലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ വന്‍ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയത്.

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പബ്ലിസിസ്റ്റും കെല്‍സി ബ്രദേഴ്‌സും സംയുക്തമായാണ് ഈ സംഭാവന വിവരം പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതും ജീവിതവുമായി ബന്ധമുള്ളതുമായ ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, കാന്‍സസ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സംഘടനകള്‍ക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ 'ഫുഡ് ബാങ്ക് ഫോര്‍ എന്‍വൈസി', 'സിറ്റി ഹാര്‍വെസ്റ്റ്', 'മ്യൂസിക്കല്‍ മെന്റേഴ്‌സ്', 'റോഡ് ഐലന്‍ഡ് കമ്മ്യൂണിറ്റി ഫുഡ് ബാങ്ക്', ട്രാവിസ് കെല്‍സി കളിക്കുന്ന കാന്‍സസ് സിറ്റി ചീഫ്‌സ് ടീമിന്റെ നഗരത്തിലെ 'ചില്‍ഡ്രന്‍സ് മേഴ്‌സി ഹോസ്പിറ്റല്‍' എന്നിവയാണ് സഹായം ലഭിച്ച പ്രധാന സ്ഥാപനങ്ങള്‍.

ഇതിനുപുറമെ, ഡോളി പാര്‍ടണിന്റെ 'ഇമാജിനേഷന്‍ ലൈബ്രറി', 'ഫീഡിംഗ് അമേരിക്ക', 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ്' തുടങ്ങിയ ദേശീയ സംഘടനകള്‍ക്കും ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ സംഘടനയ്ക്കും എത്ര തുക വീതമാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇരുവര്‍ക്കും ജീവകാരുണ്യ മേഖലയിലുള്ള ദീര്‍ഘകാലത്തെ താല്‍പര്യത്തിന്റെ തുടര്‍ച്ചയാണ് ഈ വലിയ സംഭാവന. സ്വിഫ്റ്റ് തന്റെ പ്രശസ്തമായ 'ഇറാസ് ടൂറിനിടയില്‍' വിവിധ ഫുഡ് ബാങ്കുകള്‍ക്കായി ദശലക്ഷക്കണക്കിന് ഡോളര്‍ സംഭാവന നല്‍കിയിരുന്നു. കെല്‍സിയും തന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴി നിരവധി കമ്മ്യൂണിറ്റി പദ്ധതികളെ പിന്തുണയ്ക്കുന്നുണ്ട്.

2023 മുതല്‍ പ്രണയത്തിലായ സ്വിഫ്റ്റും കെല്‍സിയും കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവിട്ടത്. രഹസ്യവിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ 'പേജ് സിക്‌സ്' റിപ്പോര്‍ട്ട് അനുസരിച്ച്, അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാത്രം സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം എപ്പോഴാണ്, എവിടെ വെച്ചാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും, സ്വിഫ്റ്റിന്റെ സ്വകാര്യ വിമാനം അടുത്തിടെ നാഷ്വില്ലില്‍ എത്തിയിരുന്നതായി കണ്ടെത്തിയത് രഹസ്യവിവാഹ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നു.

ന്യൂയോര്‍ക്ക് നഗരത്തിലെ വിഖ്യാതമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ച് വിവാഹാഘോഷങ്ങളുടെ ആദ്യദിന ചടങ്ങുകള്‍ പൂര്‍ത്തിയായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'രാജകീയ വിവാഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചടങ്ങിന്റെ അലങ്കാരങ്ങളും പ്രമുഖരായ അതിഥികളെയും കാണാനായി ആരാധകരും മാധ്യമപ്രവര്‍ത്തകരും ഈ ചരിത്രപ്രസിദ്ധമായ വേദിക്ക് പുറത്ത് കാത്തുനിന്നിരുന്നു. എന്നാല്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും സ്വകാര്യത ഉറപ്പാക്കാനുള്ള നടപടികളും കാരണം ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച നടന്ന 'റിഹേഴ്‌സല്‍ ഡിന്നര്‍' (വിവാഹത്തിന് മുന്നോടിയായുള്ള വിരുന്ന്) എന്ന് കരുതപ്പെടുന്ന ചടങ്ങോടെയാണ് ഇവരുടെ ദിവസങ്ങള്‍ നീളുന്ന വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായത്.

Pop superstar Taylor Swift and NFL star Travis Kelce have reportedly donated 224 crore to 20 charitable organizations across the United States, just hours after reports emerged that the couple had secretly married in Nashville. The donation was jointly announced by Swift's publicist and representatives of the Kelce family. Swift and Kelce have been in a relationship since 2023 and announced their engagement last year.