അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സംവിധായകൻ തരുൺ മൂർത്തി. ഷാജികുമാറിനൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ വൈകാരിക കുറിപ്പ്. ഛായാഗ്രാഹകൻ എന്നതിലുപരി തനിക്ക് സഹോദരതുല്യനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കരിയറിലും ജീവിതത്തിലും ഒരുപോലെ വലിയ നഷ്ടമാണ് ഈ വിയോഗമെന്നും തരുൺ കുറിച്ചു. മോഹൻലാൽ നായകനായ ‘തുടരും’, വരാനിരിക്കുന്ന ‘അതിമനോഹരം’ എന്നീ ചിത്രങ്ങളിൽ തരുൺ മൂർത്തിക്കൊപ്പം പ്രവർത്തിച്ചത് ഷാജികുമാറായിരുന്നു.
ആദ്യകാലത്ത് സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും സൗന്ദര്യബോധത്തിലും തങ്ങൾ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണെന്നാണ് കരുതിയിരുന്നതെന്ന് തരുൺ പറയുന്നു. ആശയങ്ങളിലും മനോഭാവത്തിലും ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത വ്യക്തിയായാണ് ഷാജികുമാറിനെ കണ്ടിരുന്നത്. എന്നാൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങളും സംഭാഷണങ്ങളും യാത്രകളും ആ ധാരണകളെ മാറ്റി. ജോലിക്കിടയിലെ ചർച്ചകൾക്കും നിരന്തരമായ ഫോൺവിളികൾക്കും സന്ദേശങ്ങൾക്കും ഒടുവിൽ ഇരുവരുടെയും ചിന്തകളും കാഴ്ചപ്പാടുകളും ഒരേ ദിശയിലേക്ക് എത്തുകയായിരുന്നു. കലയുടെ ഒരേ ധ്രുവത്തിൽ തങ്ങൾ ഒന്നിച്ചുവെന്നും ഒടുവിൽ ലക്ഷ്യം പോലും ഒന്നായി മാറിയെന്നും സംവിധായകൻ ഓർത്തെടുത്തു.
തന്റെ ഛായാഗ്രാഹകൻ എന്നതിലുപരി ഒരു മാലാഖയെപ്പോലെയുള്ള സഹോദരനായിരുന്നു ഷാജികുമാറെന്നും തരുൺ കുറിച്ചു. സിനിമാമേഖലയിലെ മുതിർന്ന വ്യക്തിയെന്ന നിലയിൽ ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനും കാലുറപ്പിച്ച് നിൽക്കാനും സ്വന്തം കാഴ്ചപ്പാടുകൾ കൈവിടാതിരിക്കാനും അദ്ദേഹം എപ്പോഴും പ്രേരിപ്പിച്ചിരുന്നു. ഷാജികുമാറിന്റെ സാന്നിധ്യം ഇനിയുണ്ടാകില്ലെന്ന തിരിച്ചറിവ് വലിയ വേദനയാണെന്നും സംവിധായകൻ പറയുന്നു.
സിനിമാ സെറ്റിലെ തങ്ങളുടെ പതിവ് വിളിയും മറുപടിയും കുറിപ്പിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നാണ്. തരുൺ മൂർത്തി ‘ഷാജിയേട്ടാ...’ എന്ന് വിളിക്കുമ്പോൾ ഉടൻ കേൾക്കുന്ന ‘റെഡി, സാർ!’ എന്ന മറുപടി ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന വേദനയും അദ്ദേഹം പങ്കുവെച്ചു. ഒരുമിച്ചുള്ള ജോലിക്കിടയിൽ രൂപപ്പെട്ട ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ.
ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ ആണ്. ആ സിനിമയിലൂടെ ഷാജികുമാർ തനിക്ക് നൽകിയ സംഭാവനകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നും തരുൺ പറയുന്നു. ‘ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ചത്’ എന്ന് പ്രേക്ഷകർ പറയട്ടെയെന്ന ആഗ്രഹത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങി അൻപതിലേറെ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജികുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സെറ്റിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ എന്നിവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ. തന്റെ അവസാന സിനിമകളിലൊന്നായ ‘അതിമനോഹരം’ പ്രേക്ഷകരിലേക്ക് എത്തുന്നതിന് മുമ്പാണ് ഷാജികുമാർ വിടവാങ്ങിയത്.
Director Tharun Moorthy pays an emotional tribute to cinematographer Shajikumar, remembering their close bond beyond cinema. Recalling their creative journey together in Thudarum and the upcoming Athimanoharam, Tharun shares heartfelt memories of their conversations, mutual understanding and signature on-set exchanges, describing Shajikumar’s demise as a personal and professional loss.