Entertainment News

മലയാളികളുടെ ട്രോള്‍ ഭാഷ; ഡിജിറ്റല്‍ കാലത്തെ സലിം കുമാര്‍ വിപ്ലവം

ട്രോളുകള്‍ക്ക് വേണ്ടിയല്ല അദ്ദേഹം കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. എന്നാല്‍ കാലം മാറിയപ്പോള്‍ ആ കഥാപാത്രങ്ങള്‍ പുതിയൊരു ജീവിതം കണ്ടെത്തുകയായിരുന്നു.

Entertainment Desk

ട്രോളുകളുടെയും മീമുകളുടെയും അവിഭാജ്യഘടകമായി മാറിയ ഒരു നടന്‍ മലയാള സിനിമയില്‍ ഉണ്ടെങ്കില്‍ അത് സലിം കുമാറാണ്. മലയാളികളുടെ ഡിജിറ്റല്‍ ജീവിതത്തെയും ആശയവിനിമയ ശൈലിയെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എത്രകണ്ട് സ്വധീനിച്ചുവെന്ന് നമ്മുടെ മൊബൈഫോണുകള്‍ പറയും. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു നടന്‍ എങ്ങനെയാണ് ഇന്നത്തെ രാഷ്ട്രീയ സംഭവങ്ങള്‍ക്കും സാമൂഹിക ചര്‍ച്ചകള്‍ക്കും വ്യക്തിപരമായ അനുഭവങ്ങള്‍ക്കും അനുയോജ്യമായി ഉപയോഗിക്കപ്പെടുന്നു എന്നത് സലിം കുമാറിന്റെ കഥാപാത്രങ്ങളുടെ കാലാതീതമായ ജനപ്രീതിയുടെ തെളിവാണ്.

മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായിരുന്ന അദ്ദേഹം ഡിജിറ്റല്‍ യുഗത്തില്‍ 'ട്രോള്‍ ലോകത്തെ ഏകഛത്രാധിപതി'യായാണ് വാണത്. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സ്ആപ്പും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായപ്പോള്‍, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മലയാളി ഏറ്റവും കൂടുതല്‍ കടംകൊണ്ടത് സലിം കുമാറിന്റെ മുഖഭാവങ്ങളും സംഭാഷണങ്ങളുമായിരുന്നു. മലയാളത്തില്‍ ട്രോള്‍ സംസ്‌കാരം രൂപപ്പെട്ട കാലം മുതല്‍ ഇന്നുവരെ, ട്രോളന്മാരുടെ ഏറ്റവും വലിയ കണ്ടന്റ് സലിം കുമാറാണ്. സന്തോഷം, സങ്കടം, ദേഷ്യം, പരിഹാസം, നിസ്സഹായാവസ്ഥ, അമ്പരപ്പ് തുടങ്ങി മനുഷ്യനുണ്ടാകാവുന്ന എല്ലാ വികാരങ്ങള്‍ക്കും സലിം കുമാറിന്റെ ഒരു ഭാവം ട്രോള്‍ ഗ്രൂപ്പുകളില്‍ റെഡിയായിരുന്നു.

കടബാധ്യതകളും ദാരിദ്ര്യവും തമാശരൂപത്തില്‍ അവതരിപ്പിക്കാന്‍ 'മണവാളനെ'ക്കാള്‍ മികച്ചൊരു ചോയ്‌സ് മലയാളിക്കില്ല. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് പണി വാങ്ങുന്ന അവസ്ഥകളെ ട്രോളാന്‍ കല്യാണരാമനിലെ പ്യാരിയുടെ ഭാവങ്ങളാണ് ഇന്നും ഉപയോഗിക്കുന്നത്. തെങ്കാശിപട്ടണത്തിലെ കുതിരവണ്ടിക്കാരന്‍ മുത്തുരാമന്‍, മീശമാധവിനെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി, ഡാന്‍സ് മാസ്റ്റര്‍ വിക്രം, തൊമ്മനും മക്കളിലെ രാജാകണ്ണ്, ചട്ടമ്പിനാട്ടിലെ മാക്രി ഗോപാലന്‍, പാണ്ടിപ്പടയിലെ ഉമാകാന്തന്‍, അണ്ണന്‍ തമ്പിയിലെ ഇന്‍സ്‌പെക്ടര്‍ ശ്യാമളന്‍ തുടങ്ങിയ സലിം കുമാറിന്റെ എണ്ണമറ്റ കഥാപാത്രങ്ങള്‍ ഡിജിറ്റല്‍ ലോകത്ത് ദിവസേന പുനര്‍ജനിച്ചുകൊണ്ടിരുന്നു.

പല നടന്മാരുടെയും കോമഡികള്‍ ആ കാലഘട്ടത്തിനു ശേഷം വിസ്മൃതിയിലേക്ക് മറയുമ്പോള്‍ സലിം കുമാറിന്റെ കോമഡികള്‍ക്ക് സോഷ്യല്‍ മീഡിയ പുതിയ ആയുസ്സ് നല്‍കുകയായിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാത്ത രംഗങ്ങള്‍ പോലും ട്രോളുകളിലൂടെ പിന്നീട് ജനപ്രിയമായി മാറി. പുതിയ തലമുറയിലെ പലര്‍ക്കും ചില സിനിമകള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നുണ്ടാവുക അതിലെ കഥയെക്കാളുപരി സലിം കുമാറിന്റെ ട്രോള്‍ മെറ്റീരിയലുകളിലൂടെയായിരിക്കും.

സലിം കുമാറിനെ ട്രോള്‍ ലോകത്ത് വേറിട്ടുനിര്‍ത്തുന്നത് അദ്ദേഹത്തിന്റെ സംഭാഷണങ്ങളേക്കാള്‍ അഭിനയത്തിന്റെ സ്വാഭാവികതയാണ്. അതിശയോക്തിയില്ലാതെ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏത് കാലഘട്ടത്തിലും ഏത് സാഹചര്യത്തിലും ചേര്‍ത്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ കാലാതീതമായി തലമുറകളിലൂടെ കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്നു. ട്രോളുകള്‍ക്ക് വേണ്ടിയല്ല അദ്ദേഹം കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. എന്നാല്‍ കാലം മാറിയപ്പോള്‍ ആ കഥാപാത്രങ്ങള്‍ പുതിയൊരു ജീവിതം കണ്ടെത്തുകയായിരുന്നു.

English Summary: While Salim Kumar is celebrated as one of Malayalam cinema's finest comedians and character actors, his influence extends far beyond the silver screen. In the age of social media, his iconic expressions, memorable dialogues, and unique body language have become the foundation of Malayalam meme and troll culture. From political satire and sports banter to everyday humor, Salim Kumar's characters continue to provide the perfect reaction for every situation.