Entertainment News

'അൻസിബയെ ജിഹാദിയെന്ന് വിളിച്ചിട്ടില്ല, അനിയത്തിയെപ്പോലെയാണ് കണ്ടത്'; ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി ടിനി ടോം

Entertainment Desk

താരസംഘടനയായ 'അമ്മ'യില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ അൻസിബ ഹസൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ നിഷേധിച്ച് നടൻ ടിനി ടോം. അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ സംസാരിക്കേണ്ട സാഹചര്യമോ മനോഭാവമോ തനിക്കില്ലെന്നും ടിനി ടോം പറഞ്ഞു. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകാമെന്നും അതിന്റെ ഭാഗമായിട്ടാകാം ഇപ്പോഴുള്ള വിവാദമെന്നും ടിനി ടോം വ്യക്തമാക്കി.

'അമ്മ'യിലെ അംഗങ്ങളോട് വിവരങ്ങൾ പറയുന്നതല്ലാതെ ഒരു മോശം സന്ദേശവും ഞാൻ അയക്കാറില്ല. ഫെബ്രുവരി 21-ാം തീയതിയാണ് അന്‍സിബ രാജിക്കത്ത് നൽകിയിരിക്കുന്നത്. ഇപ്പോൾ രാജിവെക്കരുതെന്ന് ജനറൽ സെക്രട്ടറി മെയിലിന് മറുപടി നൽകിയിരുന്നു. പിന്നീട് വിശദീകരണം ചോദിച്ചപ്പോള്‍ വ്യക്തിപരമായ തിരക്കുകൾ കൊണ്ടാണ് രാജിവെക്കുന്നതെന്ന് അൻസിബ തന്നെയാണ് പറഞ്ഞത്. അതല്ലാതെ മറ്റൊരു കാരണവും പറഞ്ഞിരുന്നില്ലെന്നും ടിനി ടോം പറഞ്ഞു.

“ഇന്ന് മെഡിക്കൽ ക്യാംപ് നടക്കുന്നതിനിടെയാണ് വിഷയം പെട്ടെന്ന് വലിയ വിവാദമായി മാറിയത്. ഇത് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ വന്നു. എനിക്കൊന്നും അറിയില്ല. നിങ്ങൾക്കിപ്പോൾ ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല. എല്ലാം കൂട്ടിക്കിഴിച്ചാൽ മനസിലാകും. 'അമ്മ'യുടെ പരിപാടികളിൽ ഞാൻ സജീവമാണ്. നന്നായി പ്രവർത്തിക്കുന്ന ആളാണ്. ഇനി ഉയർന്നുപോകുമോ എന്ന ചിന്തയാകാം. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള എന്തോ ഗൂഢാലോചന നടക്കുന്നതായി തോന്നുന്നു,” ടിനി ടോം ആരോപിച്ചു.

ജിഹാദി എന്ന് അധിക്ഷേപിച്ചെന്നും അവിഹിത ബന്ധങ്ങളെ കുറിച്ചുള്ള കഥകൾ പ്രചരിപ്പിച്ചുവെന്നതും മറ്റുള്ളവരിൽ നിന്നാണ് അറിഞ്ഞതെന്ന് അൻസിബ പറയുന്നുവെന്നും, അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നും ടിനി ടോം പ്രതികരിച്ചു. നമുക്കൊരു നിയമസംവിധാനം ഉണ്ടല്ലോ. ഞാൻ എങ്ങനെ ജിഹാദി എന്ന് വിളിക്കും. എന്റെ കൂട്ടുകാരിൽ പലരും മുസ്ലിംകളാണ്, എന്നും ടിനി ടോം കൂട്ടിച്ചേർത്തു.

അതേസമയം, 'അമ്മ' സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചതിനു പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി അൻസിബ രംഗത്തുവന്നത്. രാജിക്ക് കാരണം ടിനി ടോം ആണെന്നും, തനിക്ക് അവിഹിത ബന്ധങ്ങളുള്ളതായി പ്രചരിപ്പിച്ചുവെന്നും, ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട വിവാദം സിനിമാ രംഗത്ത് തുടരുകയാണ്.

English Summary: Actor Tini Tom has responded to allegations made by actress Ansiba Hassan, denying that he ever called her “jihadist” and stating that the controversy is being misrepresented. The issue continues to spark debate in the Malayalam film industry.