Entertainment News

'സ്പൈഡർമാൻ' വേഷമഴിക്കാൻ ടോം ഹോളണ്ട്; പകരക്കാരന് മെന്ററാകാൻ ആഗ്രഹം

സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തീയേറ്ററുകളിലെത്തിയതിന് പിന്നാലെ സൂപ്പർഹീറോ വേഷത്തിൽ നിന്നുള്ള വിടവാങ്ങലിനെക്കുറിച്ച് മനസ്സ് തുറന്ന് താരം

Entertainment Desk

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ സ്പൈഡർമാനായി ഇനി അധികകാലം തുടരില്ലെന്ന സൂചന നൽകി ടോം ഹോളണ്ട്. 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് അടുത്ത സ്പൈഡർമാനായി ആരെയെത്തിക്കണമെന്ന കാര്യത്തിൽ മാർവലിന് വ്യക്തമായ പ്ലാനുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. 2021-ൽ പുറത്തിറങ്ങിയ 'നോ വേ ഹോം' സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതെന്ന് ടോം ഹോളണ്ട് വ്യക്തമാക്കി. അടുത്തിടെ 'ഹാപ്പി സാഡ് കൺഫ്യൂസ്ഡ്' നൽകിയ അഭിമുഖത്തിലാണ് കഥാപാത്രത്തിൽ നിന്നുള്ള തന്റെ പിൻവാങ്ങലിനെക്കുറിച്ചും പകരം മറ്റൊരാളിലേക്ക് സ്യൂട്ട് കൈമാറുന്നതിനെക്കുറിച്ചും താരം സംസാരിച്ചത്

"നോ വേ ഹോം പൂർത്തിയായപ്പോൾ തന്നെ ഭാവിയിലേക്കുള്ള പ്ലാനിങ് ഞങ്ങൾ തുടങ്ങിയിരുന്നു. കൃത്യമായ ഒരു പദ്ധതി ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വന്നേക്കാമെങ്കിലും, അടുത്തയാൾക്ക് ബാറ്റൺ കൈമാറുന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് ഏറെ ആവേശം നൽകുന്ന ഒന്നാണ്"-താരം പറഞ്ഞു.

സ്പൈഡർമാന്റെ ഭാവി രൂപപ്പെടുത്തുന്ന ചർച്ചകളിൽ പങ്കുചേരുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ സ്പൈഡർമാൻ സ്യൂട്ടണിയാൻ പോകുന്ന പുതിയ നടന് വഴികാട്ടാനും മാർഗനിർദേശം നൽകാനും താൻ ആഗ്രഹിക്കുന്നുണ്ടെന്നും ടോം വ്യക്തമാക്കി.

കരിയറിന്റെ തുടക്കകാലത്ത് റോബർട്ട് ഡൗണി ജൂനിയർ തനിക്ക് നൽകിയ പിന്തുണ ചെറുതല്ല, അതേ രീതിയിൽ പുതിയ നടന് മെന്ററാകാൻ താനും തയ്യാറാണെന്ന് താരം വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ആഡോലസെൻസ്' എന്ന സീരീസിലൂടെ ശ്രദ്ധേയനായ കൗമാര താരം ഓവൻ കൂപ്പറിനെ (Owen Cooper) അടുത്ത സ്പൈഡർമാനായി ടോം ഹോളണ്ട് മുൻപ് നിർദേശിക്കുകയും ചെയ്തിരുന്നു.

2016-ൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ' എന്ന ചിത്രത്തിലൂടെയാണ് ടോം ഹോളണ്ട് സ്പൈഡർമാനായി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ടോബി മാഗ്വയർ, ആൻഡ്രൂ ഗാർഫീൽഡ് എന്നിവർക്ക് ശേഷം പീറ്റർ പാർക്കറായി എത്തിയ ഹോളണ്ട് ചുരുങ്ങിയ സമയം കൊണ്ടാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായി മാറിയത്.

ജൂലൈ 30-നാണ് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' ഇന്ത്യയിൽ റിലീസ് ചെയ്തത്. ആഗോള റിലീസിന് ഒരു ദിവസം മുൻപേ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 2D, 3D, 4DX, ഡൊൾബി സിനിമാ ഫോർമാറ്റുകളിൽ ചിത്രം വലിയ രീതിയിൽ പ്രദർശനം തുടരുകയാണ്.

Tom Holland has hinted that his journey as Spider-Man may not last much longer, revealing that Marvel already has a long-term plan for the franchise's future. The actor also expressed his desire to mentor the next Spider-Man when it's time to pass on the iconic suit