Entertainment News

'പണ്ട് ലാലേട്ടനൊക്കെ സംഘട്ടനങ്ങൾ ചെയ്തത് കൈലിമുണ്ടും തോർത്തും ഉപയോഗിച്ച്, ഇന്ന് സൗകര്യങ്ങൾ കൂടി'; സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ടൊവിനോ

സിനിമയ്ക്കുവേണ്ടി മാത്രമല്ല സ്വയരക്ഷയ്ക്കും ആയോധന കല പഠിക്കുന്നത് നല്ലതാണെന്ന ഉപദേശം തന്നത് ലാലേട്ടൻ

Entertainment Desk

സിനിമയ്ക്കുവേണ്ടി മാത്രമല്ല അപകടങ്ങൾ പറ്റുന്നത് ഒഴിവാക്കാനും ആയോധനകല പഠിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുതന്നത് ലാലേട്ടനാണെന്ന് നടൻ ടൊവിനോ തോമസ്. 'പള്ളിച്ചട്ടമ്പി'യെന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിലായിരുന്നു ടോവിനോയുടെ വെളിപ്പെടുത്തൽ.

ടൊവിനോയുടെ വാക്കുകൾ:

എംപുരാൻ ഷൂട്ടിങ് നടക്കുമ്പോൾ ലാലേട്ടനോട് കുറച്ചധികം സംസാരിക്കാൻ അവസരം കിട്ടിയിരുന്നു. ഞാൻ കുറച്ചു കാലമായി ആയോധന കലകൾ പഠിക്കുന്നുണ്ടെന്നും സിനിമയ്ക്ക് ഉപകാരപ്പെടുമല്ലോയെന്നും പറഞ്ഞപ്പോൾ അദ്ദേഹം തന്ന മറുപടി ' നല്ലതാണ് സിനിമയക്കുവേണ്ടി മാത്രമല്ല നമുക്ക് അപകടങ്ങൾ സംഭവിക്കുന്നത് കുറയ്ക്കാനും ഉപകരിക്കും എന്നായിരുന്നു'.

അദ്ദേഹം കളരിയും ഗുസ്തിയുമൊക്കെ അത്യാവശ്യം അറിയാവുന്നയാളാണ് എന്നിട്ടും മുറിവുകളും മറ്റും സംഭവിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ സംഘട്ടനങ്ങൾ ചെയ്യുമ്പോൾ കുറച്ചുകൂടി സൗകര്യങ്ങളുണ്ട് പക്ഷേ, ലാലേട്ടനൊക്കെ പണ്ട് ഇതൊക്കെ ചെയ്തിരുന്നപ്പോൾ വെറും കൈലിമുണ്ടും തോർത്തുമൊക്കെ ഉപയോഗിച്ചായിരുന്നു പ്രതിരോധ സംവിധാനങ്ങളൊക്കെ ഒരുക്കിയിരുന്നതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

1950-60 കാലഘട്ടം പശ്ചാത്തലമാകുന്ന പീരീഡ് ഡ്രാമയാണ് 'പള്ളിച്ചട്ടമ്പി'. വേള്‍ഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്നിവയുടെ ബാനറില്‍ നൗഫല്‍, ബ്രിജീഷ്, ചാണക്യ, ചൈതന്യ, ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എസ്. സുരേഷ് ബാബു തിരക്കഥയൊരുക്കിയ ചിത്രത്തില്‍ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. തമിഴ് ചിത്രമായ 'ഡ്രാഗണി'ലൂടെ ശ്രദ്ധേയയായ കയാദു ലോഹറാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.

സാങ്കേതിക മികവിലും ഏറെ മുന്നില്‍ നില്‍ക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ടിജോ ടോമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സഹനിര്‍മ്മാതാക്കളായി മേഘശ്യാമും തന്‍സീറും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്യൂംസ് മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് റഷീദ് അഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു. അലക്‌സ് ഇ കുര്യന്‍ ലൈന്‍ പ്രൊഡ്യൂസറായും രാജേഷ് മേനോന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും ചിത്രത്തിന്റെ പിന്നണിയിലുണ്ട്.

English Summary: Tovino Thomas revealed that Mohanlal advised him to learn martial arts not just for films but also for self-protection. He shared this during the promotion of his upcoming film Pallichattambi.