Entertainment News

‘ഞാൻ കൂടെ അഭിനയിച്ചാൽ പ്രാധാന്യം കുറഞ്ഞുപോകുമെന്ന് കരുതുന്നവരുണ്ട്’; ഉർവശി

കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രം പരിഗണിച്ച് താൻ ഏറ്റെടുത്ത വേഷമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലേതെന്നും നടി കൂട്ടിച്ചേർത്തു.

Entertainment Desk

ഒപ്പം അഭിനയിച്ചാൽ പ്രേക്ഷകശ്രദ്ധ തങ്ങളിൽനിന്ന് മാറിപ്പോകുമെന്ന ആശങ്ക ചില ആർടിസ്റ്റുകൾക്കുണ്ടായിരുന്ന കാലമുണ്ടായിരുന്നുവെന്ന് നടി ഉർവശി. അത്തരത്തിൽ കഥാപാത്രത്തിന്റെ പ്രാധാന്യം മാത്രം പരിഗണിച്ച് താൻ ഏറ്റെടുത്ത വേഷമാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലേതെന്നും നടി കൂട്ടിച്ചേർത്തു. ഉർവശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആശ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

ഉർവശിയുടെ വാക്കുകൾ:

“ലീഡ് റോൾ മാത്രമേ ചെയ്യൂവെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ലീഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ‘വരനെ ആവശ്യമുണ്ട്’ ചെയ്യുന്നത്. ചിത്രത്തിന്റെ പരസ്യങ്ങളിൽ തന്റെ മുഖം നൽകേണ്ടതില്ലെന്ന് പറഞ്ഞാണ് ഞാൻ പോയത്. അവസാനം വരെ എവിടെയും എന്റെ തല കാണിച്ചിരുന്നില്ല. സിനിമ കണ്ട പ്രേക്ഷകരാണ് അത് ശ്രദ്ധിച്ചത്. ഒരുപക്ഷേ ആ സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ ഞാൻ അതിലുണ്ടായിരുന്നുവെന്ന് പോലും ആരും അറിയില്ലായിരുന്നു,

ശോഭന ലീഡ് ചെയ്യുന്ന ചിത്രത്തിൽ ഞാൻ ഒരു ഡിസ്ട്രാക്ഷനാകരുതെന്ന് കരുതി. ഞാൻ എപ്പോഴാണ് വരുന്നതെന്ന് പ്രേക്ഷകർ കാത്തിരിക്കരുതല്ലോ. ഈ തലമുറയ്ക്ക് അത്ര ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത കഥാപാത്രമാണ് ശോഭനയുടേത്. എന്നാൽ എന്റെ കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറഞ്ഞത്, ആ പയ്യനെ മിസ് ചെയ്തില്ലെങ്കിലും ആ അമ്മയെ മിസ് ചെയ്യുമെന്നാണ്.

ഞാൻ വരുമ്പോൾ ചില ആർട്ടിസ്റ്റുകൾക്ക് പ്രേക്ഷകശ്രദ്ധ മാറിപ്പോകുമോ എന്ന് ചിന്തിച്ചിരുന്ന ഒരുപാട് കാലമുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. അതുകൊണ്ടാണ് ചില വേഷങ്ങൾ വേണ്ടെന്ന് വെച്ചത്. അനൂപിന്റെ ഭാഗ്യമോ എന്റെ ഭാഗ്യമോ, അദ്ദേഹം വീട്ടിൽ വന്ന് പറഞ്ഞപ്പോൾ നോ പറയാൻ കഴിഞ്ഞില്ല. ആകെ ഒന്നര ദിവസമാണ് ആ സിനിമയിൽ അഭിനയിച്ചത്. പക്ഷേ ആ കഥാപാത്രം വൈറലായി. ശോഭനയും അതിനെ വളരെ നല്ല രീതിയിൽ തന്നെ എടുത്തു,”

ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആശ’ തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിലെ ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി എന്നിവരുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്റർനാഷണൽ നിലവാരത്തിലുള്ള ഇൻറൻസ് പ്രകടനവുമായി ഉർവശി തിളങ്ങുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിലും ഓരോ ദിവസവും വലിയ വർധനവാണ് രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

Actress Urvashi reveals why she accepted a supporting role in Varane Avashyamund, despite being a leading actress. She says she avoided publicity featuring her face to prevent distracting audiences from Shobana. Urvashi also recalls that her brief appearance became widely noticed, highlighting her belief in choosing roles based on character importance.