Entertainment News

പ്രവചനങ്ങൾ സത്യമാക്കി 'വാഴ 3', ഇനി ബില്യൺ ഗേള്‍സിന്‍റെ കഥ; സംവിധാനം നവാഗതനായ വിശ്വൻ ശ്രീജിത്ത്

മൂന്നാം ഭാഗം വരുന്നുവെന്ന സൂചനകൾ വന്നപ്പോൾ മുതൽ ലഭിക്കുന്ന പ്രതികരണങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് വളരെയധികം സന്തോഷത്തോടെയാണ് ‘വാഴ 3 – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ പ്രഖ്യാപിക്കുന്നത്.

Entertainment Desk

മലയാള സിനിമയിൽ പുതു ചരിത്രം കുറിച്ച 'വാഴ' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമെത്തുന്നത് പെൺകുട്ടികളുടെ കഥ പറഞ്ഞ്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തിരക്കഥാകൃത്തും സഹ നിർമാതാവുമായ വിപിൻ ദാസ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമത്തിലൂടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ‘വാഴ’ ഫ്രാഞ്ചൈസ് ഞങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ വലിയതായിത്തീർന്നിരിക്കുകയാണ്. നിങ്ങൾ നൽകിയ അതിയായ സ്നേഹത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന വാചകങ്ങളോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘വാഴ’യുടെ പാരമ്പര്യം വരാനിരിക്കുന്ന എല്ലാ ഭാഗങ്ങളിലൂടെയും തുടർന്നുകൊണ്ടുപോകുമെന്നും അദ്ദേഹം കുറിച്ചു. സിനിമയുടെ പ്രധാന മേഖലകളായ എഴുത്ത്, സംവിധാനം, അഭിനയം, സംഗീതം തുടങ്ങിയിടത്തെല്ലാം ഈ ഫ്രാഞ്ചൈസിയുടെ വാതിൽ എല്ലായ്പ്പോഴും പുതുമുഖങ്ങൾക്കായി തുറന്നിരിക്കും. ചിത്രത്തിന്റെ ടൈറ്റിലും പ്രേക്ഷകരും മാറുന്നില്ലെങ്കിലും, ക്യാമറയ്ക്ക് മുൻപിലും പിന്നിലും എത്തുന്ന മുഖങ്ങൾ എല്ലായ്പ്പോഴും അടുത്ത തലമുറയെ പ്രതിനിധീകരിക്കുന്നവയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം ഭാഗം വരുന്നുവെന്ന സൂചനകൾ വന്നപ്പോൾ മുതൽ ലഭിക്കുന്ന പ്രതികരണങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് വളരെയധികം സന്തോഷത്തോടെയാണ് ‘വാഴ 3 – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ പ്രഖ്യാപിക്കുന്നത്.

എന്നത്തേയും പോലെ, സംവിധാന ചുമതല പുതിയ ആൾക്ക് കൈമാറുകയാണ്. മൂന്നാം ഭാഗം സംവിധാനം ചെയ്യുന്ന വിശ്വൻ ശ്രീജിത്ത് തന്റെ സംവിധാന സംഘത്തിലെ നിർണായക പങ്ക് വഹിച്ച വ്യക്തിയാണെന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ നിർമ്മാണം അടുത്ത വർഷമാണ് ആരംഭിക്കുന്നത്. കാത്തിരിപ്പിന്റെ നീളം കൂടിയാലും നിരാശരാക്കില്ലെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു.

150 കോടിയിലേറെ നേട്ടവുമായി 'വാഴ 2' ബോക്‌സ് ഓഫീസിൽ വിജയകരമായി മുന്നേറുകയാണ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമാണ് വാഴ. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് 'വാഴ 2' സംവിധാനം ചെയ്തത്. 2024 ൽ സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തിയ വാഴയുടെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രദർശനമാരംഭിച്ച മുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്. കോമഡി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു.

English Summary: Vipin Das announced Vaazha 3 – Biopic of a Billion Girls, the third part of the hit Vaazha franchise, focusing on girls’ stories. Meanwhile, the article also explores how OTT platforms have transformed Malayalam cinema, expanding global reach while reshaping storytelling and industry dynamics.