മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച 'വാഴ'യുടെ ഫ്രാഞ്ചൈസി തുടരും. രണ്ടാം ഭാഗം 'വാഴ 2' ബോക്സ് ഓഫീസിൽ കളക്ഷൻ കുതിപ്പ് തുടരുന്നതിനിടയിലാണ് നാളെ 'വാഴ 3'യുടെ പ്രഖ്യാപനമെത്തുന്നത്. തിരക്കഥാകൃത്ത് വിപിൻ ദാസാണ് മൂന്നാം ഭാഗത്തിന്റെ വരവറിയിച്ച് സൂചന നൽകിയിരിക്കുന്നത്. 'വാഴ വളരുന്നു, എല്ലാവരെയും നാളെ കാണാം' എന്ന ക്യാപ്ഷനോടെ 'മൂന്ന്' കൈവിരലുകള്‍ ഉയർത്തിപ്പിടിച്ച ചിത്രം വിപിൻ ദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
150 കോടിയിലേറെ നേട്ടവുമായി 'വാഴ 2' ബോക്സ് ഓഫീസിൽ വിജയകരമായി മുന്നേറുകയാണ്. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമാണ് വാഴ. വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് 'വാഴ 2' സംവിധാനം ചെയ്തത്. 2024 ൽ സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ രാജേശ്വരി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തിയ വാഴയുടെ രണ്ടാം ഭാഗമായെത്തിയ ചിത്രം പ്രദർശനമാരംഭിച്ച മുതൽ മികച്ച അഭിപ്രായമാണ് നേടുന്നത്.
ഹാഷിറിന്റെയും കൂട്ടുകാരുടെയും പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കോമഡി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിനും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ വൈറൽ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയവരോടപ്പം സീനിയർ താരങ്ങളായ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജു കുട്ടൻ, അൽഫോൺസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് 'വാഴ 2' നിർമ്മിച്ചത്.
English Summary: Vipin Das hinted at Vaazha 3 while Vaazha 2 continues its strong box office run, crossing ₹150 crore and expanding the successful Malayalam franchise.