'വാഴ 2' ൽ കാണിച്ചിരിക്കുന്ന പടക്കം പൊട്ടുന്ന രംഗങ്ങളിൽ എന്നെ തന്നെയാണ് കാണാൻ സാധിക്കുന്നതെന്ന് കഥയ്ക്ക് ആധാരമായ വൈറൽ വീഡിയോയിലെ ഷിബൻലാൽ. ആ വീഡിയോ വൈറൽ ആയതോടെ മകന്റെ മാനസികാരോഗ്യത്തെ തന്നെ മോശമായി ബാധിച്ചതായും ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഷിബൻലാലിന്റെ പ്രതികരണം:
എന്നെ സംബന്ധച്ചിടത്തോളം 'വാഴ 2' ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. ബിജുകുട്ടൻ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം കടന്ന് പോകുന്നതെല്ലാം എന്റെ ജീവിതത്തിലും സംഭവിച്ചതാണ്. ആ സിനിമയിൽ കാണിക്കുന്നത്തിൽ മകന്റെ കൂട്ടുകാരൊക്കെ വീട്ടിൽ വരുന്നത് പോലെയുള്ള കാര്യങ്ങളെല്ലാം തന്നെ എന്റെ ജീവിതത്തിലുമുണ്ട്. 'ഗുണ്ട്' എന്നൊരു പടക്കം പൊട്ടുന്നിടത്ത് 'ഹാപ്പി വിഷു' എന്ന് എഴുതികാണിക്കാൻ ആലോചിച്ചാണ് ചെയ്തത്. പക്ഷെ, അത് പൊട്ടിയെന്ന ധാരണയിൽ ഞാൻ തിരിച്ചോടുകയായിരുന്നു. ഓടുന്നതിനിടയിൽ അന്ന് കാലിലുണ്ടായിരുന്ന സ്ലിപ്പർ മടങ്ങിയത് മൂലം വീഴുകയായിരുന്നു. ഇന്നത്തെ അവസ്ഥയിലായിരുന്നെങ്കിൽ മരിച്ചു പോകാൻ പോലും സാധ്യതയുള്ള വീഴ്ചയായിരുന്നു. നഖം പൊളിഞ്ഞുവരെ പോയിട്ടും, എല്ലാവരും കണ്ടു നിന്നതല്ലാതെ അടുത്തേക്ക് വരുകയോ എഴുന്നേൽക്കാൻ സഹായിക്കുകയോ ചെയ്തില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ മാത്രമാണ് ഓടി വന്നത്.
മാനസികമായി എന്നെ വല്ലാത്ത തളർത്തിയ സംഭവമായിരുന്നു അത്. ഇന്നും അതേ കുറിച്ച് ആലോചിക്കുമ്പോഴും പറയുമ്പോഴും ഞാൻ തളരും. ആളുകൾ എന്നോട് കാണിച്ചത് വലിയ ക്രൂരതയായിരുന്നു. എന്നെ മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്ന ആളായി വരെ പലരും ചിത്രീകരിച്ചു. ഓരോ വിഷുവും ദീപാവലിയും വരുമ്പോൾ ഫോൺ ചെയ്‌തുവരെ ഞാൻ വെക്കാൻ തുടങ്ങി. ഏറ്റവും വിഷമം ഉണ്ടാക്കിയത് ഇതെല്ലം എന്റെ മകന്റെ മാനസികാരോഗ്യത്തെ ബാധിച്ചപ്പോഴാണ്. നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു. പക്ഷെ, പിന്നീട് അവൻ വിദ്യാഭ്യാസത്തിൽ പിന്നെലേക്കാവാനും വീടിനു പുറത്തേക്ക് ഇറങ്ങാതാവാനുമെല്ലാം തുടങ്ങി. കൗൺസിലിംഗ് വരെ നൽകേണ്ട അവസ്ഥയിൽ മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അവന് സംഭവിച്ചു.
'വാഴ' ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമാണ് വൈറൽ താരങ്ങളായ ഹാഷിറും കൂട്ടുകാരും പ്രധാന കഥാപാത്രങ്ങളായെത്തിയ 'വാഴ 2'. കേരളം ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രങ്ങളെ വരെ തൂക്കി ഇൻഡസ്‌ട്രി ഹിറ്റടിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സവിൻ സ ആണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്
English Summary: Viral personality Shibanlal revealed that he was the person featured in the firecracker scene shown in the movie. He shared that the viral video deeply affected his and his son’s mental health, leading to emotional struggles and counseling for his child.