ദീപാവലിക്ക് മധുരം പ്രതീക്ഷിച്ചു, കിട്ടിയത് ലക്ഷങ്ങളുടെ ഓർഡറുകൾ! ആരാധകരോട് മധുരപലഹാരങ്ങൾ അയച്ചുതരാൻ സ്വന്തം മേൽവിലാസവും ഫോൺ നമ്പറും പങ്കുവെച്ച തമിഴ്നാട് സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ വീരമണിക്ക് ഇപ്പോൾ സ്വന്തം വിലാസം തന്നെ തലവേദനയായിരിക്കുകയാണ്. മധുരം കാത്തിരുന്ന വീരമണിയെ തേടിയെത്തിയത് മധുരമല്ല, ലക്ഷക്കണക്കിന് രൂപയുടെ ഓർഡറുകളാണ്!
ദീപാവലിക്ക് മധുരം വേണമെന്ന ആഗ്രഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ വീരമണിയുടെ പേരിൽ അപരിചിതർ വ്യാജ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ നൽകാൻ തുടങ്ങി. ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, സ്മാർട്ട്ഫോൺ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുമായാണ് ഡെലിവറി ഏജന്റുമാർ വീട്ടിലെത്തിയത്. കൂട്ടത്തിൽ ഒരു ടെലിവിഷന്റെ വില മാത്രം 1.69 ലക്ഷം രൂപ!
ഓർഡർ ചെയ്യാത്ത സാധനങ്ങൾക്ക് പണം നൽകേണ്ടിവരുമെന്ന ആശങ്കയിലായ വീരമണി, ഇത്രയും വലിയ തുക നൽകാനുള്ള സാമ്പത്തികശേഷിയില്ലെന്നും ഓർഡറുകൾ സ്ഥിരീകരിക്കാൻ ആവശ്യമായ ഒടിപികൾ നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. “എന്തിനാണ് നിങ്ങളിങ്ങനെ ചെയ്യുന്നത്? ഡെലിവറി ചെയ്യുന്നവർ വളരെ ദൂരെ നിന്നാണ് വരുന്നത്. ദയവായി ഇത് നിർത്തൂ. അരമണിക്കൂറിനുള്ളിൽ 15 ഓർഡറുകളാണ് വന്നത്. ഇതിനെല്ലാം പണം നൽകാൻ എന്റെ കൈയിലില്ല,” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വീരമണി പ്രതികരിച്ചത്.
ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനുമൊന്നും പോരാഞ്ഞിട്ട് ജെസിബി എക്സ്കവേറ്ററിനും മിലിട്ടറി ടാങ്കിനും വരെ ഓർഡർ നൽകിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം! സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ജീവനക്കാരും ഭക്ഷണവുമായി വീട്ടിലെത്തി. എന്നാൽ സംഭവത്തിൽ പങ്കില്ലാത്ത ഡെലിവറി ജീവനക്കാർക്ക് വെറുതെ ദൂരം സഞ്ചരിച്ച് സമയം കളയേണ്ടിവന്നു. ശല്യം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ നാടുവിടേണ്ടി വരുമെന്ന അവസ്ഥയിലാണെന്ന് അടുത്ത വീഡിയോയിലൂടെ വീരമണി വെളിപ്പെടുത്തി. ലക്ഷങ്ങളുടെ വ്യാജ ഓർഡറുകൾക്ക് പിന്നാലെ നിരവധി പേർ വിളിച്ച് ചീത്ത പറയുന്നുണ്ടെന്നും ഇയാൾ പറഞ്ഞു.
COD ഓർഡറുകൾക്ക് പുറമെ കിഡ്നി ദാനം ചെയ്യുന്നതിനെക്കുറിച്ച് വരെ വിളികൾ. വീരമണിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് കിഡ്നി ദാനത്തെക്കുറിച്ച് അന്വേഷിച്ചും ആളുകൾ വിളിക്കാൻ തുടങ്ങിയതായാണ് വെളിപ്പെടുത്തൽ. ദീപാവലി മധുരം പ്രതീക്ഷിച്ച് പങ്കുവെച്ച ഫോൺ നമ്പറും വിലാസവും ഇപ്പോൾ വലിയൊരു ദുരിതമായി മാറിയിരിക്കുകയാണ്. തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഒരാളെ മാത്രമല്ല, അതുമായി ബന്ധമില്ലാത്ത ഡെലിവറി ജീവനക്കാരെയും ബാധിക്കുമെന്ന് വീരമണി ഓർമിപ്പിക്കുന്നു. വിലാസവും ഫോൺ നമ്പറും ദുരുപയോഗം ചെയ്യരുതെന്നും വ്യാജ ഓർഡറുകൾ അവസാനിപ്പിക്കണമെന്നുമാണ് ഇയാളുടെ അഭ്യർത്ഥന. മധുരം അയച്ചുതരാൻ പറഞ്ഞതിന് മിലിട്ടറി ടാങ്ക് വരെ ഓർഡർ ചെയ്യുന്ന അവസ്ഥയായാൽ, അണ്ണൻ നാട് വിടാതെ പിന്നെന്ത് ചെയ്യും, നൺപർകളേ!
Tamil content creator Veeramani is facing harassment after sharing his address and phone number on social media, hoping to receive Diwali sweets from fans. Fake cash-on-delivery orders for expensive electronics and other items, along with unwanted calls, have turned the festive gesture into a nightmare.