Entertainment News

ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി, അതാണ് വിജയ്‌യുടെ രാഷ്ട്രീയം: നാട്ടി സുബ്രമണ്യം

നടൻ വിജയ് രാഷ്ട്രീയ നേതാവായി മാറിയ യാത്രയെ കുറിച്ച് സിനിമറ്റോഗ്രാഫർ നാട്ടി സുബ്രമണ്യം

Entertainment Desk

നടനിൽ നിന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള വിജയ്‌യുടെ വളർച്ചയെ കുറിച്ച് മനസ് തുറന്ന് പ്രശസ്ത സിനിമാറ്റോഗ്രാഫർ നാട്ടി സുബ്രമണ്യം. മറ്റുള്ളവർ എന്തൊക്കെ പറഞ്ഞു തളർത്താൻ ശ്രമിച്ചാലും നമുക്ക് ചുറ്റുമുള്ളവർക്ക് നന്മകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയ് എന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നാട്ടി സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ:

ആദ്യ കാലങ്ങളില്ലാം ഞാൻ വിജയ്‌യെ കുറിച്ച് മനസിലാക്കിയത് അദ്ദേഹത്തിന്റെ ശ്രദ്ധ സിനിമയിലും അഭിനയത്തിലും മാത്രമാണെന്നായിരുന്നു. ഞങ്ങൾ തമ്മിൽ അത്തരം വിഷയങ്ങളൊന്നും സംസാരിക്കാറില്ലായിരുന്നു. കാരണം, ആദ്യമെല്ലാം ഒരു നടനും ക്യാമറമാനും തമ്മിലുള്ള ബന്ധം മാത്രമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ വിജയ്‌യുടെ രാഷ്‌ടീയ മോഹങ്ങളെക്കുറിച്ചൊന്നും എനിക്ക് ധാരണയുണ്ടായിരുന്നില്ല. പിന്നീടുള്ള സിനിമാ യാത്രയ്ക്കിടയിൽ പലപ്പോഴുമായി ഞാൻ അദ്ദേഹത്തെ മനസ്സിലാക്കുകയായിരുന്നു. ആ കാലത്തെല്ലാം അദ്ദേഹം തികഞ്ഞ നടനായി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിയിരുന്നു.

'പുലി' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തിനുള്ളിലെ രാഷ്ട്രീയക്കാരനെ കുറിച്ച് ഞാൻ മനസിലാക്കുന്നത്. സമൂഹത്തോട് വളരെയധികം പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണ് വിജയ്. നമുക്ക് ചുറ്റും നടക്കുന്ന ഓരോ ചെറിയ വിഷയത്തിലും അദ്ദേഹം അസ്വസ്ഥനാവുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നടൻ എന്നതിനേക്കാൾ അദ്ദേഹമൊരു തികഞ്ഞ രാഷ്ട്രീയക്കാരൻ തന്നെയാണ്.

എന്റെ കാഴ്ചപ്പാടിൽ നടനിൽ നിന്നും മികച്ച ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള ഈ യാത്ര വളരെ പെരുമയേറിയതാണ്. സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ താല്പര്യമുള്ള ഒരു വ്യക്തി വിജയ്ക്കുള്ളിലുണ്ടെന്നത് 'പുലി' ചെയ്യുമ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്. മറ്റൊരു കാര്യം, ഇത്ര ഉയരത്തിലിരിക്കുന്ന ഒരു മനുഷ്യനും കാണിക്കാത്ത ധൈര്യമാണ് വിജയ് പ്രകടിപ്പിക്കുന്നത് എന്നതാണ്. അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ പ്രചരിക്കുന്ന കിംവദന്തികളോട് അദ്ദേഹം പ്രതികരിക്കുന്നില്ലല്ലോ, പ്രതികരിച്ചാൽ മാത്രമല്ലെ ഇതിലെല്ലാം സത്യമുണ്ടെന്ന് വരുന്നത്. ഞാൻ മനസിലാക്കിയിടത്തോളം, വിജയ് എന്ന മനുഷ്യന്റെ ലക്ഷ്യമെന്നത് നല്ലത് ചെയ്യുക എന്നത് മാത്രമാണ്. ഇന്നും തെരുവിൽ അലയുന്ന അഞ്ഞൂറിനടുത്ത് വരുന്ന മനുഷ്യർക്ക് ദിനവും സൗജന്യ ഭക്ഷണം നൽകുന്ന വ്യക്തിയാണ് വിജയ്.

33 വർഷത്തെ തന്റെ സിനിമ ജീവിതത്തിൽ നിന്നും വിരമിച്ചാണ് വിജയ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ചുവടുറപ്പിച്ചത്. രണ്ട് വർഷം മുൻപ് വിജയ്‌യുടെ അധ്യക്ഷതയിൽ രൂപീകരിച്ച 'തമിഴക വെട്രി കഴകം' എന്ന പാർട്ടിയുടെ ഭാഗമായി 2026 തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വാൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. സിപിഐ, സിപിഐഎം തുടങ്ങിയ പാർട്ടികളുടെ സഖ്യത്തോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. വിരമിക്കലിന്റെ ഭാഗമായി അദ്ദേഹം അവസാനമായി അഭിനയിച്ച 'ജന നായകൻ' പ്രദർശിപ്പിക്കാൻ സാധിക്കാതെ അസന്തുലിതാവസ്ഥയിൽ തുടരുകയാണ്.

English Summary: Popular cinematographer Natty Subramaniam revealed that he initially believed Vijay’s life revolved only around cinema and fame. However, during later collaborations, especially while working on Puli, he discovered Vijay’s strong political awareness and social commitment. He praised Vijay’s courage, humanitarian activities, and transition from superstar actor to a successful political leader in Tamil Nadu.