ലോകോത്തരമായ പല സിനിമകളുടെയും സീരീസുകളുടെയും പ്രമേയമായ 'ടൈം ട്രാവൽ ലൂപ്പ്' അഥവാ ചുരുളിയെന്ന ഴോണറിൽ മലയാളത്തിൽ എത്തിയ 'സംഭവം' എന്ന ചിത്രം കണ്ടവരെല്ലാം തന്നെ അതിന്റെ ലൂപ്പിൽ പെട്ട് പോയെന്ന് നടൻ വിനീത് കുമാർ. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോസിനു നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
വിനീതിന്റെ പ്രതികരണം:
'സംഭവം' ചിത്രങ്ങളുടെ പോലുള്ള ഴോണറുകൾ ഇഷ്ടപെടുന്ന പ്രേക്ഷരിലേക്ക് എത്തിയാൽ സിനിമ ഉറപ്പായും വിചാരിച്ചിടത്ത് എത്തുമെന്ന് ജീത്തു പറഞ്ഞിരുന്നു. പക്ഷെ എന്റെയൊരു വിശ്വാസത്തിൽ അത്തരം പ്രേക്ഷകർ കുറവായിരുന്നവെന്നായിരുന്ന തോന്നലുണ്ടായിരുന്നു. കാരണം ലൂപ്പ് പ്രമേയമായി വരുന്ന 'ഡാർക്ക്' അല്ലെങ്കിൽ 'ലോസ്റ്റ്' പോലെയുള്ള സീരീസുകൾ കാണുന്ന എത്ര ആളുകൾ നമ്മുടെ കൊമേർഷ്യൽ ഇടങ്ങളിൽ ഉണ്ടാവുമെന്ന നല്ല സംശയമെനിക്ക് ഉണ്ടായിരുന്നു. പക്ഷെ രസമുള്ള കാര്യമെന്തെന്നാൽ അതുപോലെയുള്ള പ്രേക്ഷകർക്ക് മാത്രമല്ല, മറിച്ച് കണ്ടവർക്കെല്ലാം തന്നെ 'സംഭവം' ഇഷ്ടപ്പെട്ടത് എന്നതാണ്. തിയേറ്ററിൽ വരുന്ന ആരും കഥയുടെ ലൂപ്പിൽ പെടുന്നതായാണ് കണ്ടത്. സംവിധാനം, ശബ്ദമിശ്രണം, ഛായാഗ്രഹണം എല്ലാം കൂടി ചേർന്ന് വരുന്ന സിനിമയുടെ ആകമാനമായ ലൂപ്പിലേക്ക് തിയേറ്ററിൽ എത്തിയ ഓരോരുത്തരും പെടുന്നതായാണ് കണ്ടത്.
ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഡ്രാമയാണ്' സംഭവം അധ്യായം ഒന്ന്'. കാടിന്റെ നിഗൂഢതയും ഒളിഞ്ഞിരിക്കുന്ന അപകടത്തെയും മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്‍ണ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. തിയേറ്ററിൽ നിന്നും ലഭിച്ച മികച്ച അഭിപ്രായങ്ങൾക്ക് ശേഷം ചിത്രമിപ്പോൾ ഒടിടി പ്ലേറ്റ്ഫോമായ ജിയോ ഹോട്സ്റ്റാറിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
English Summary: Vineeth Kumar says that everyone who watched Sambhavam: Adhyayam Onnu got drawn into its time-loop narrative. Despite initial doubts about audience reception for such a genre, the film managed to engage both niche and mainstream viewers with its immersive storytelling and technical brilliance.