Entertainment News

ഭൻസാലിയുടെ സിനിമാ സെറ്റിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; 40 ലക്ഷം രൂപ ധനസഹായം നൽകാൻ സംവിധായകൻ, പോരെന്ന് സംഘടന

മുംബൈ ഫിലിം സിറ്റിയിലെ റോയൽ പമ്പ് സ്റ്റുഡിയോയിലാണ് സംഭവം നടന്നത്

Entertainment Desk

സഞ്ജയ് ലീലാ ഭൻസാലിയുടെ ബ്രഹ്മാണ്ഡ ചിത്രം ലവ് ആൻഡ് വാറിന്റെ സെറ്റിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ചന്ദ്രധാരി സിങ് യാദവ് എന്ന കാർപെന്ററാണ് ഷോക്കേറ്റ് മരിച്ചത്. ജൂൺ 17നായിരുന്നു സംഭവം.

മുംബൈ ഫിലിം സിറ്റിയിലെ റോയൽ പമ്പ് സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. നടി ആലിയ ഭട്ടും സംഭവസമയം ചിത്രീകരണത്തിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് വൈദ്യുതാഘാതത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യയുടെ രണ്ട് മക്കളുമടങ്ങുന്ന കുടുംബമായിരുന്നു ചന്ദ്രധാരിയുടേത്. സംഭവത്തെ തുടർന്ന് കുടുംബത്തിന് ഭൻസാലി പ്രൊഡക്ഷൻസ് 40 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു. എന്നാൽ ഈ തുക വർദ്ധിപ്പിക്കണമെന്നാണ് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസിന്റെ (FWICE) ആവശ്യം. തുക 50 ലക്ഷം രൂപയായി ഉയർത്താനാണ് സമ്മർദ്ദം. യാദവിന്റെ ചെറിയ പെൺമക്കളുടെ വിദ്യാഭ്യാസവും ഭാവിഭദ്രതയും ഉറപ്പാക്കാൻ വലിയൊരു തുക അത്യാവശ്യമാണെന്ന് ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നു.

കുടുംബത്തിന്റെ ദീർഘകാല ക്ഷേമത്തിന് തന്നെയായിരിക്കണം പ്രഥമ പരിഗണനയെന്ന് FWICE പ്രസിഡന്റ് ബി.എൻ തിവാരി പറയുന്നത്. തൊഴിലാളികളുടെ സുരക്ഷയും ജോലി സമയക്രമവും സംബന്ധിച്ച് സിനിമാ മേഖലയിലുടനീളം ഉടനടി മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ചന്ദ്രധാരിയുടെ കുട്ടികൾ വളരെ ചെറുപ്പമായതിനാലും അവരുടെ വിദ്യാഭ്യാസത്തിന് കുടുംബത്തിന് സഹായം ആവശ്യമുള്ളതിനാലും നഷ്ടപരിഹാര തുക 50 ലക്ഷം രൂപയാക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കൂടാതെ, സെറ്റുകളിൽ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കണമെന്നും ഈ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വളരെ കഴിവുള്ള ഒരു ടെക്നീഷ്യനായിരുന്നു, ഈ രീതിയിൽ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു എന്നത് തികച്ചും ഹൃദയഭേദകമാണ്," ബി.എൻ തിവാരി ഇന്ത്യ ടുഡേയോട് പറഞ്ഞു.

സാമ്പത്തിക സഹായത്തിന് പുറമേ, യാദവിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നും ഭൻസാലിയുടെ പ്രൊഡക്ഷൻ ഹൗസിനോട് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ജോലി ലഭിക്കുന്നത്, ദുഃഖത്തിലായ ആ കുടുംബത്തിന് മുന്നോട്ടുള്ള ജീവിതത്തിൽ വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഒരു വരുമാന മാർഗ്ഗം ഉറപ്പാക്കുമെന്ന് FWICE ചൂണ്ടിക്കാണിക്കുന്നു

റിപ്പോർട്ടുകളനുസരിച്ച് അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ചന്ദ്രധാരി അതികഠിനമായി ജോലി ചെയ്തിരുന്നു. യാദവ് രാവിലെ 7 മണി മുതൽ പിറ്റേന്ന് പുലർച്ചെ 3 മണി വരെ ജോലിയിലായിരുന്നുവെന്നും, തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ഈ കഠിനമായ സമയക്രമം ആവർത്തിച്ചിരുന്നുവെന്നും FWICE ജനറൽ സെക്രട്ടറി അശോക് ദുബെ വെളിപ്പെടുത്തി.

ഇതിന് മറുപടിയായി, സെറ്റുകളിൽ കൂടുതൽ കർശനമായ സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തണമെന്ന് ഫെഡറേഷൻ പ്രൊഡക്ഷൻ ഹൗസുകളോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ട്. ടെക്നീഷ്യന്മാരുടെയും മറ്റ് അണിയറപ്രവർത്തകരുടെയും സുരക്ഷയ്ക്കായി പ്രതിദിന ഷിഫ്റ്റുകൾ നിയന്ത്രിക്കണമെന്നും അവർ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ലവ് ആൻഡ് വാർ

സഞ്ജയ് ലീല ബൻസാലിയുടെ അണിയറയിലൊരുങ്ങുന്ന പിരീഡ് ഡ്രാമ ചിത്രം 'ലവ് ആൻഡ് വാർ'നിലവിൽ ബോളിവുഡ് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ രൺബീർ കപൂർ, വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവരടങ്ങുന്ന വൻ താരനിരയാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം 2027 ജനുവരി 21-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്യും.

2022-ലെ ഹിറ്റ് ചിത്രം 'ബ്രഹ്മാസ്ത്ര: പാർട്ട് വൺ - ശിവ'യ്ക്ക് ശേഷം രൺബീറും ആലിയയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. കൂടാതെ, ഇരുവർക്കുമൊക്കെ വിക്കി കൗശൽ വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2018-ൽ പുറത്തിറങ്ങിയ ജീവചരിത്ര സിനിമയായ 'സഞ്ജു'വിൽ രൺബീറിനൊപ്പവും, അതേ വർഷം തന്നെ ഏറെ നിരൂപക പ്രശംസ നേടിയ സ്പൈ ത്രില്ലർ ചിത്രം 'രാസി'യിൽ ആലിയക്കൊപ്പവും വിക്കി സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.

'ഗംഗുഭായ്ക്ക്' ശേഷം ആലിയ ഭട്ട് ഭൻസാലിയുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സാവരിയയ്ക്ക് ശേഷം രൺബീറും ഇതാദ്യമായാണ് ഒരു ഭൻസാലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Summary: A technician met with a tragic end on the set of Sanjay Leela Bhansali's magnum opus, Love & War. A carpenter named Chandradhari Singh Yadav died due to electrocution. The incident occurred on June 17 at Royal Pump Studio in Mumbai’s Film City. Actor Alia Bhatt was also reportedly shooting at the time of the incident. Preliminary findings suggest that a short circuit caused the electrocution.