Entertainment News

യാഷിന്റെ 'ടോക്സിക്' ടീസർ പുറത്ത്; 'ലേഡീസ് ആൻഡ് ലേഡീസ്' പ്രൊമോയിൽ സ്ത്രീവിരുദ്ധതയെന്ന് സോഷ്യൽ മീഡിയ

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ മികച്ച നടിമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്

Entertainment Desk

മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for Grown-Ups) പുതിയ പ്രൊമോ വീഡിയോ വിവാദത്തിൽ. നായികമാരെ പരിചയപ്പെടുത്തുന്നതിനായി പുറത്തിറക്കിയ 'ലേഡീസ് ആൻഡ് ലേഡീസ്' എന്ന ടീസറിനെതിരെയാണ് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നത്.

1 മിനിറ്റും 44 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ വലിയൊരു താരനിരയെയാണ് അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ മികച്ച നടിമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപകടകാരികളായ ഒരു കൂട്ടം സ്ത്രീകൾക്കെതിരെ പോരാടുന്ന യാഷിന്റെ കഥാപാത്രത്തെയാണ് ഇതിൽ കാണിക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ മുതിർന്നവർക്ക് മാത്രം കാണാൻ സാധിക്കുന്ന, വയലൻസിന് പ്രാധാന്യമുള്ള ഒരു ആക്ഷൻ എന്റർടെയ്നർ ആയിരിക്കും ഇതെന്ന് ടീസർ വ്യക്തമാക്കുന്നു.

ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രൊമോയ്ക്ക് 'ലേഡീസ് ആൻഡ് ലേഡീസ്' എന്ന് പേര് നൽകിയിട്ടുണ്ടെങ്കിലും, അതിൽ പ്രത്യക്ഷപ്പെടുന്ന മുൻനിര നായികമാർക്ക് വളരെ കുറഞ്ഞ സ്‌ക്രീൻ സ്‌പേസ് (blink-and-miss appearance) മാത്രമേ നൽകിയിട്ടുള്ളൂവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. യാഷിന്റെ കഥാപാത്രത്തെ മഹത്വവത്കരിക്കുന്നതിനായി നായികമാർക്ക് വളരെ മോശമായ ഡയലോഗുകൾ നൽകിയെന്നും, ഇത് സ്ത്രീകളെ വെറും പ്രദർശനവസ്തുവാക്കി മാറ്റുന്നതിന് തുല്യമാണെന്നുമാണ് പ്രധാന ആരോപണം.

'അനിമൽ' പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനത്തിൽ ദക്ഷിണേന്ത്യൻ സിനിമകളിലും അനാവശ്യമായി ലൈംഗികതയും വയലൻസും കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നും, ടോക്സിക് ടീസർ തികച്ചും ക്രിഞ്ച് ആണെന്നും പലരും അഭിപ്രായപ്പെട്ടു. ടീസറിലെ അവസാന രംഗങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിമർശനമുണ്ട്.

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനായെത്തുന്ന സിനിമയായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ടോക്സിക്കിനായി കാത്തിരുന്നത്. എന്നാൽ, ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായികയുടെ ചിത്രത്തിൽ ഇത്തരമൊരു അവതരണം ഉണ്ടായത് പലരെയും നിരാശരാക്കിയിരിക്കുകയാണ്. ടീസറിലെ പശ്ചാത്തല സംഗീതവും ശരാശരി മാത്രമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കാണികളിൽ ആവേശം ജനിപ്പിക്കുന്നതിന് പകരം, പ്രൊമോയുടെ വൈബ് വളരെ 'ഫോഴ്സ്ഡ്' ആയി തോന്നുന്നുവെന്നാണ് പ്രധാന വിമർശനം.

വെറുമൊരു പാൻ-ഇന്ത്യൻ ചിത്രം എന്നതിലുപരി വലിയൊരു ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയമാണ് ടോക്സിക് ഷൂട്ട് ചെയ്തത്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റിയും ഈ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധേയയായ സംവിധായികയാണ് ഗീതു മോഹൻദാസ്. ഗീതു ആദ്യമായി ഒരുക്കുന്ന പക്ക കൊമേഴ്ഷ്യൽ ആക്ഷൻ ചിത്രമാണ് ടോക്സിക്. മികച്ച സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള ഗീതുവിൽ നിന്ന് ഇത്തരമൊരു 'മെയിൽ ഗേസ്' ഉള്ളൊരു പ്രൊമോ വീഡിയോ വന്നത് സിനിമാസ്വാദകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

The newly released promo for Toxic: A Fairy Tale for Grown-Ups, an upcoming high-budget action film starring Yash and directed by Geetu Mohandas, has sparked a major controversy online. The teaser, titled 'Ladies & Ladies,' was meant to introduce the film’s female cast but has instead drawn severe criticism for its allegedly misogynistic portrayal of women. The 1 minute and 44-second video features an impressive ensemble of actresses, including Nayanthara, Kiara Advani, Tara Sutaria, Rukmini Vasanth, and Huma Qureshi. The teaser sets the tone for a violent, adult-oriented action entertainer where Yash's character is seen battling a clan of dangerous women.