ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാവുന്ന ചിത്രം ‘ടോക്‌സിക്’ റിലീസ് വീണ്ടും മാറ്റി. സിനിമാകോൺ വേദിയിൽനിന്ന് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ച പശ്ചാത്തലത്തിലാണ് റിലീസ് തീയതി മാറ്റാൻ വീണ്ടും തീരുമാനിച്ചതെന്ന് യഷ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
യഷ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
“നാം നിർമിക്കുന്ന ചില സിനിമകളുണ്ട്, ചിലതാവട്ടെ സിനിമയെ എന്തിനാണ് പ്രണയിച്ചതെന്ന് നമ്മെ ഓർമിപ്പിക്കുകന്നവയും. ‘ടോക്‌സിക്’ അത്തരമൊരു സിനിമാ യാത്രയാണ്. ടോക്സിക് സിനിമാകോണിൽ അവതരിപ്പിച്ചതോടെ ആഗോളതലത്തിൽ മികച്ച പ്രതികരണങ്ങളാണ് സിനിമയെ തേടിയെത്തുന്നത്. അതിനാൽ, സിനിമ ലോകവ്യാപകമായി ഏറ്റവും മികച്ച രീതിയിൽ തന്നെ എത്തിക്കേണ്ടതുണ്ടെന്ന ശക്തമായ തോന്നലിന്റെ പുറത്താണ് ഈ തീരുമാനം.
ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായശേഷമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആഗോള വിതരണവും പങ്കാളിത്തങ്ങളും ഏകോപിപ്പിക്കുന്ന ഘട്ടമാണിത്. ഇത് പരിഗണിച്ചാണ് റിലീസ് തീയതി പുതുക്കി ക്രമീകരിക്കാൻ തീരുമാനിച്ചത്. ആദ്യം പ്രഖ്യാപിച്ചതുപോലെ ജൂൺ 4-ന് ചിത്രം എത്തില്ല. പകരം ഏകോപിതമായ തീയതിയിൽ ലോകമെമ്പാടും റിലീസ് ചെയ്യും.
ഇന്ത്യൻ സിനിമ ആഗോള തലത്തിൽ ശക്തമായ വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ അതിനനുസരിച്ച് നിലവാരം ഉയർത്തേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കുമുണ്ട്. നടനും നിർമ്മാതാവുമെന്ന നിലയിൽ, ആഗോള പ്രേക്ഷകർക്കായി ഈ ചിത്രം ഏറ്റവും മികച്ച രീതിയിൽ എത്തിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു. ഓരോ ഘട്ടത്തിലും ഓരോ മാറ്റങ്ങളിലും നിങ്ങൾ നൽകിയ പിന്തുണ എപ്പോഴും കൂടെയുണ്ട്. അതിനെല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചില കഥ അല്ലെങ്കിൽ യാത്രയ്ക്ക് ക്ഷമയും സമയവും ആവശ്യമാണ്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്നതും നമുക്ക് ആഘോഷിക്കാൻ കഴിയുന്നതുമായ ഒരു മികച്ച ചിത്രം ഞങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുമെന്ന വാഗ്ദാനം തരുകയാണ്.''
കെജിഎഫിനുശേഷം യഷ് എത്തുന്ന ചിത്രമെന്ന നിലയിൽ 'പാൻ ഇന്ത്യൻ ഹൈപ്പിലാണ്' 'ടോക്സിക്' ആദ്യം മുതൽക്കേ ശ്രദ്ധ പിടിച്ചുപറ്റിയത്. കൂടാതെ യഷിന്റെ പിറന്നാൾ ദിനത്തിൽ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് ടീസറിനെതിരെ വ്യാപക പരാതികളുയർന്നിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നും, നായകനെ അവതരിപ്പിക്കുന്ന രംഗങ്ങളിൽ സ്ത്രീയെ കച്ചവടച്ചരക്കും പ്രദർശന വസ്തുവുമാക്കിയതായുമായിരുന്നു ഉയർന്ന പരാതികൾ. വിഷയത്തിൽ ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസിനെതിരെയും വലിയ രീതിയിലുള്ള സൈബർ അക്രമണമാണ് നടന്നത്.
നയൻതാര, താര സുതാര്യ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദാനി എന്നിവരാണ് ചിത്രത്തിലെ നായികമാർ. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ടോക്സിക്ക് യഷിന്റെ 19-ാം ചിത്രമാണ്. നിവിൻ പോളി, റോഷൻ മാത്യു, എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ‘മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടെയാണ് ‘ടോക്സിക്’. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.
English Summary: Yash announced that Toxic, directed by Geethu Mohandas, has been postponed from its June 4 release to ensure a better global rollout after receiving strong international response at CinemaCon. A new release date is yet to be announced.