Pop culture

യാദൃശ്ചികമല്ല, ഇതൊരു വിസ്മയ കല; ബീറ്റിൽസിന്റെ ആ ഐക്കോണിക് ഫ്രെയിം

1969 ഓഗസ്റ്റ് 8ന് ഫോട്ടോഗ്രാഫറായ ഇയാൻ മക്‌മില്ലൻ ഈ ചിത്രം പകർത്തുമ്പോൾ ബീറ്റിൽസ് ലോകമെമ്പാടും പ്രശസ്തിയുടെ കൊടുമുടിയിലാണ്.

Entertainment Desk

ലണ്ടനിലെ ഒരു സാധാരണ സീബ്രാ ക്രോസിങിലൂടെ നടന്നുപോകുന്ന നാല് പേർ, ഒറ്റനോട്ടത്തിൽ വളരെ സാധാരണമായ ഒരു കാഴ്ച. എന്നാൽ ലോക സംഗീത ചരിത്രത്തിൽ ഇതിലും പ്രശസ്തമായ മറ്റൊരു ആൽബം കവർ ചിത്രം ഉണ്ടാകില്ല. 1969-ൽ പുറത്തിറങ്ങിയ 'ദ ബീറ്റിൽസ്' എന്ന ഇതിഹാസ സംഗീത ബാൻഡിന്റെ 'ആബി റോഡ്' എന്ന ആൽബത്തിന്റെ കവർ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ആൽബം എങ്ങനെയാണ് ലോകസംഗീത ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ആൽബം കവറായി മാറിയത്?

ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നത് സീബ്രാ ക്രോസിങിലൂടെ നടക്കുന്ന ആ നാല് പേരല്ല, മറിച്ച് അവർക്ക് പിന്നിലായി കാണുന്ന തെരുവ് കൂടിയാണ്. നീലാകാശവും, വേനൽക്കാലത്തെ പച്ചപ്പണിഞ്ഞ മരങ്ങളും, വ്യക്തമായി കാണാവുന്ന വെളുത്ത സീബ്രാ ലൈനുകളും എല്ലാം ചേർന്ന് പ്രശസ്ത ചിത്രകാരനായ ഡേവിഡ് ഹോക്നിയുടെ ഒരു അതിമനോഹരമായ പെയിന്റിങ് പോലെയാണ് ആ ചിത്രം അനുഭവപ്പെടുന്നത്.

1969 ഓഗസ്റ്റ് 8ന് ഫോട്ടോഗ്രാഫറായ ഇയാൻ മക്‌മില്ലൻ ഈ ചിത്രം പകർത്തുമ്പോൾ ബീറ്റിൽസ് ലോകമെമ്പാടും പ്രശസ്തിയുടെ കൊടുമുടിയിലാണ്. റോഡ് മുറിച്ചുകടക്കുക എന്ന സാധാരണമായ ഒരു കാര്യം അവർ ചെയ്യുമ്പോൾ, അതൊരു മാന്ത്രിക നിമിഷമായി മാറുകയായിരുന്നു. പിന്നീട് എത്രയോ ബാൻഡുകളും കലാകാരന്മാരും ഈ ചിത്രം അനുകരിച്ചു. റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, കാന്യേ വെസ്റ്റ് തുടങ്ങി കുട്ടികളുടെ പരിപാടിയായ സെസെമി സ്ട്രീറ്റ് വരെ ഈ ചിത്രത്തെ പുനരാവിഷ്കരിച്ചു. ഏറ്റവും സാധാരണമായ ഒരു കാര്യവും അവരുടെ താരപരിവേഷവും തമ്മിലുള്ള മനോഹരമായ ഒരു കൂടിച്ചേരലാണ് ഈ ചിത്രം.

ബാൻഡിലെ നാല് വ്യക്തികളും ഒരുമിച്ച് നിൽക്കുന്ന ആ നിമിഷം അവരുടെ സ്വാഭാവം കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ജോൺ ലെനൻ എല്ലാവ‍ർക്കും മുന്നിലായി നടക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ മുഖം പൂർണ്ണമായി വ്യക്തമല്ല. ബാൻഡിൽ നിന്ന് പിരിയാൻ ആ​ഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ മനസ്സായിരിക്കാം ഒരുപക്ഷേ ഇതിലൂടെ പ്രതിഫലിക്കുന്നത്.

എന്നാൽ, ഈ ചിത്രത്തിൽ പിന്നീട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് പോൾ മക്കാർട്ട്‌നിയുടെ ന​ഗ്നപാദങ്ങളാണ്. ഷൂസ് ധരിക്കാതെ റോഡ് മുറിച്ചുകടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം കണ്ട ആരാധകർക്കിടയിൽ വലിയൊരു അഭ്യൂഹം പരന്നു, പോൾ മക്കാർട്ട്‌നി മരിച്ചുപോയി എന്നും ഇതൊരു ശവസംസ്കാര യാത്രയാണെന്നും ചിലർ വിശ്വസിച്ചു. കറുത്ത വസ്ത്രം ധരിച്ച റിം​ഗോ സ്റ്റാ‍ർ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നയാളാണെന്നും ജീൻസ് ധരിച്ച ജോർജ് ഹാരിസൺ കുഴിവെട്ടുകാരനാണെന്നുമായിരുന്നു ആ വ്യജകഥകൾ.

എന്നാൽ, ഈ ചിത്രം ഒരിക്കലും അബദ്ധത്തിൽ സംഭവിച്ചതല്ല. ഇതൊരു കൺസെപ്ച്വൽ ആർട്ട് ആയിരുന്നു. ആൽബം കവറിനായി നേപ്പാളിൽ പോയി ഫോട്ടോ എടുക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അത് വേണ്ടെന്നുവെച്ചപ്പോൾ പോൾ മക്കാർട്ട്‌നിയാണ് ഈ പുതിയ ആശയം മുന്നോട്ടുവെച്ചത്. വടക്കൻ ലണ്ടനിലെ ആബി റോഡിലുള്ള തങ്ങളുടെ സംഗീത സ്റ്റുഡിയോയ്ക്ക് മുന്നിൽ വെച്ച് ഫോട്ടോ എടുക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. പോൾ മക്കാർട്ട്നി തന്നെ ഇതിന്റെ രേഖാചിത്രങ്ങൾ വരച്ചു തയ്യാറാക്കി.

ഫോട്ടോ എടുക്കുന്ന ദിവസം പൊലീസിന്റെ സഹായത്തോടെ ആബി റോഡിലെ വാഹനഗതാഗതം കുറച്ചുനേരത്തേക്ക് നിർത്തിവെച്ചു. ഒരു കോണിപ്പടിയിൽ കയറിനിന്നാണ് ഫോട്ടോഗ്രാഫറായ ഇയാൻ മക്മില്ലൻ ഈ ചരിത്ര ചിത്രം ക്യാമറയിൽ പകർത്തിയത്. ബെൽജിയൻ സർറിയലിസ്റ്റ് ചിത്രകാരനായ റെനെ മഗ്രിറ്റിന്റെ ശൈലിയോട് ഇതിനെ ഉപമിക്കാം. ഇതൊരു വെറും റോഡല്ല, ഇവർ വെറും വ്യക്തികളല്ല എന്നൊരു തോന്നൽ ചിത്രം നൽകുന്നു.

ഇതൊരു യാദൃച്ഛിക സംഭവമല്ല, മറിച്ച്, കലയാണ്. 1966-ൽ പോൾ മക്കാർട്ട്‌നി, റെനെ മാഗ്രിറ്റിന്റെ ചിത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. മനസ്സിൽ മായാതെ നിൽക്കുന്ന, അതിയാഥാർത്ഥ്യമായ ഒരു ദൃശ്യവും, ശൂന്യവും എന്നാൽ വിചിത്രവുമായ മുൻവശവും കൂടിച്ചേരുമ്പോൾ ഈ ചിത്രം ആ ബെൽജിയൻ സർറിയലിസ്റ്റ് ചിത്രകാരനെ ശക്തമായി ഓർമ്മിപ്പിക്കുന്നു. ഇവർ ബീറ്റിൽസ് അല്ല. ഇത് ആബി റോഡ് അല്ല.

എങ്കിലും, ഇത് തീർച്ചയായും ലണ്ടൻ തന്നെയാണ്. ദേശീയമായ ആത്മനിന്ദ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ആബി റോഡ് കവറിന്റെ ഈ വിസ്മയം തികച്ചും ഒരു ബ്രിട്ടീഷ് നിമിഷത്തിന്റെ ആഘോഷമായി കാണേണ്ടതുണ്ട്. കാരണം, സീബ്രാ ക്രോസിങുകൾ തനി ബ്രിട്ടീഷാണ്. ഇതിലൂടെ ഇതൊരിക്കലും ന്യൂയോർക്കല്ല, മറിച്ച് ലണ്ടനാണെന്ന് ആർക്കും എളുപ്പം മനസ്സിലാകും.

അവർ നാലുപേരും തങ്ങളുടെ വ്യത്യസ്തമായ ഭാവി ജീവിതങ്ങളിലേക്ക് നടന്നുനീങ്ങുകയായിരുന്നു. എന്നാൽ ബാൻഡിനെ ഏറ്റവും കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന പോൾ മക്കാർട്ട്നി, തന്റെ ഷൂസുകൾ ഊരിമാറ്റി, എങ്ങോട്ടും പോകാൻ ആഗ്രഹിക്കാത്തതുപോലെ, അവരെ ആ സ്റ്റുഡിയോയ്ക്ക് മുന്നിൽ എന്നെന്നേക്കുമായി അനശ്വരമാക്കി നിർത്തിയിരിക്കുന്നു. ഒരു സാധാരണ സീബ്രാ ക്രോസ്സിങ് എങ്ങനെ സംഗീത ലോകത്തെ ഏറ്റവും വലിയ ഇതിഹാസ ചിത്രമായി മാറി എന്നത് ഒരു അത്ഭുതമാണ്.

The Beatles' "Abbey Road" album cover remains one of the most iconic images in music history. The photograph, showing the four band members walking across a simple London zebra crossing, perfectly blends everyday banality with their god-like charisma. Conceptualized by Paul McCartney and captured by Iain Macmillan in 1969, the carefully planned shot even fueled the famous "Paul is dead" conspiracy theory due to McCartney's bare feet. It stands as a timeless piece of art that froze the legendary band in a quintessential British moment before they went their separate ways.