ഉള്ളൊഴുക്ക് എന്ന ക്രിസ്റ്റോ ടോമി സിനിമയിൽ ചുരുക്കം ചില സമയങ്ങളിൽ ലീലാമ്മ എന്ന ഉർവശി അവതരിപ്പിച്ച കഥാപാത്രത്തിൽ വന്നു പോവുന്ന ഒരു ഭാവമുണ്ട്. സിനിമയിൽ ഭൂരിപക്ഷം സീനുകളിലും ആ കഥാപാത്രത്തിനുള്ള നിസ്സഹായതയിൽ നിന്നും വേറിട്ട ആ ഭാവത്തിന്റെ തുടർച്ചയാണ് ആശയെന്ന സിനിമയിലെ ആശ എന്ന കഥാപാത്രം. ആശയ്ക്ക് ഒരു ഭൂതകാലമുണ്ട്. ആ ഭൂതകാലത്തിന്റെ തുടർച്ചയാണ് അവരുടെ വർത്തമാനകാലം. ആ കാലത്തെ സഫർ സനൽ എന്ന കഥാകൃത്ത് കം സംവിധായകൻ അടയാളപ്പെടുത്തുന്നത് ഒരു ഡാർക്ക് ത്രില്ലർ മോഡിലാണ്.
ആശയ്ക്ക് പ്രണവ് മോഹൻലാൽ ചിത്രം Dies Irae യിലെ ലീലാമ്മയായും (ജയ കുറുപ്പ്) റോഷാർക്കിലെ സീതയുമായും (ബിന്ദു പണിക്കർ) സാമ്യം തോന്നാൻ സാധ്യതയുണ്ട്. പക്ഷെ ആശയുടെ ഭൂതകാലത്തെ, അവരുടെ മാനസികാവസ്ഥകളെ ഒപ്പം ഉർവശി എന്ന നടിയുടെ ആശയായുള്ള പരകായ പ്രവേശത്തിന്റെ രീതികളിലൂടെ ഈ സാമ്യതകളെ മറികടക്കാൻ കഴിയുന്നുണ്ട്.
രണ്ടു പ്രധാന കഥാപാത്രങ്ങൾ - ജോജു ജോർജ് അവതരിപ്പിക്കുന്ന ജീമോനും ആശയും - അവരുടെ രണ്ടു പേരുടെയും കഥാപാത്രങ്ങൾ വൈറ്റോ ബ്ലാക്കോ ഗ്രെയോ എന്നറിയാത്ത തരത്തിൽ അവസാന വിധിന്യായം ദർശകന് സമ്മാനിക്കുന്ന തരത്തിലാണ് സഫർ സനലും ജോജു ജോര്ജും രമേശ് ഗിരിജയും ചേർന്നു തയ്യാറാക്കിയ തിരക്കഥയ്ക്കുള്ളത്. വളരെ ആകസ്മികമായ അവരുടെ കണ്ടുമുട്ടൽ, ഒരേ മാനസികാവസ്ഥയുള്ള പരസ്പരം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അവരുടെ സ്വഭാവ രീതികൾ, പരസ്പരം കബളിപ്പിക്കാനുള്ള, അതെ സമയം പരസ്പരം മനസിലാക്കാനുള്ള അവരുടെ ശ്രമങ്ങൾ ഇവയൊക്കെയാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോവുന്നത്.
ആശയെന്ന ഉർവശിയെ പരിചയപ്പെടുത്തുന്ന ആദ്യ സീനിൽ തന്നെ അവരുടെ സ്വഭാവ വിശേഷങ്ങളുടെ ഒരു തലം പ്രേക്ഷകന് വ്യക്തമാവുന്നുണ്ട്. ഈ മനസിലാക്കലിന്റെ മുൻവിധി ചില വഴിത്തിരിവുകൾ പ്രവചിക്കാൻ പ്രേക്ഷകനെ പ്രാപ്തനാക്കുന്നു. എന്നാൽ ക്ളൈമാക്സ് പ്രവചനാതീതമാക്കുന്നതും ഈ മുൻവിധി സൃഷ്ടിക്കുന്നതിലെ എഴുത്തുകാരുടെ ബുദ്ധിപരമായ സമീപനത്തിലൂടെയാണ്. പക്ഷെ ഒടുവിൽ ആശ എന്തുകൊണ്ട് ഇങ്ങനെയായി എന്ന വെളിപ്പടലിൽ അവരെ തള്ളണോ കൊള്ളണോ എന്നത് പ്രേക്ഷകന് വിട്ടുതരികയാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും ഹിതകരമായ സാധ്യതയെന്ന് തോന്നുന്നു.
ഉർവശി എന്ന നടിയെ, അവരിലെ അഭിനേതാവിനെ, അവർ അവതരിപ്പിച്ച നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ വിവിധ മൊഴികളിൽ മലയാളി പ്രേക്ഷകർ കണ്ടിട്ടുണ്ടാവണം. അതിൽ നിന്നൊക്കെ വ്യത്യസ്തമായി അവരിൽ എന്തെല്ലാം ഭാവങ്ങൾ, വേഷപ്പകർന്നാട്ടങ്ങൾ ബാക്കിയുണ്ടെന്ന് അവർ ആശയായി പ്രേക്ഷകനിൽ പ്രതീക്ഷ നിലനിർത്തുന്നു. മക്കൾക്ക് വേണ്ടി ജീവിക്കുന്ന ആശയുടെ ജീവിതത്തിൽ അവർ ചെയ്യുന്ന എല്ലാ ശരിതെറ്റുകൾക്കും അവർ നല്‍കുന്ന ന്യായീകരണം മക്കളുടെ നന്മയും സമാധാനപരമായ അവരുടെ ജീവിതവും എന്ന ആശയുടെയാണ്. അവരുടെ എല്ലാ ത്യാഗങ്ങളും ത്യജിക്കലുകളൂം അലച്ചിലുകളും ആ ആഗ്രഹത്തിന്റെ തുടർച്ചയാവണ്. ആശയുടെ മകളായ അനഘയായി ഐശ്വര്യ ലക്ഷ്മിയും ഏറെ നാളുകൾക്ക് ശേഷം മിതത്വമുള്ള അഭിനയത്തിലൂടെ തന്റെ വേഷത്തെ അടയാളപ്പെടുത്തുന്നു.
സ്വന്തം വംശത്തോട് ഏറ്റവും കൂടുതൽ പൊസ്സസ്സീവ്നെസ് പ്രകടിപ്പിക്കുന്ന ജീവി കാക്കയാണെന്നു തോന്നിയിട്ടുണ്ട്. തന്റെ കൂടോ, കൂട്ടിൽ കുഞ്ഞുങ്ങളോ ഉള്ള വൃക്ഷങ്ങളിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന മനുഷ്യനെ ആക്രമിക്കുന്ന കാക്കയ്ക്ക് തന്റെ ജീവിവംശത്തോടുള്ള പ്രതിപത്തതയ്ക്ക് ഒറ്റക്കരച്ചിലിന് ഒപ്പം കരയാൻ എത്തുന്ന കാക്കക്കൂട്ടം ഉദാഹരണമാണ്. ആശ എന്ന സൈക്കോളജിക്കൽ ഡാർക്ക് ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആശയ്ക്ക് ഒരു കാക്കയുടെ സ്വഭാവവിശേഷങ്ങൾ ആരോപിക്കാവുന്നതാണ്. ആശയിലെ ആശയ്ക്ക് വളരെ കുറച്ച് ആശകൾ മാത്രമേയുള്ളൂ. ആ ആശകളിൽ / ഇഷ്ടങ്ങളിലാണ് അവർ ജീവിക്കുന്നത്. നമുക്ക് ചുറ്റും കാണാവുന്ന ഒട്ടേറെ ആശമാരുടെ പ്രതിനിധിയാണ് അവർ. അവരുടെ ഏറെ ലളിതമായ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും കുറുകേ കടക്കുന്ന ഏതൊരാളോടും അവർ പ്രതികരിക്കുന്ന തലത്തില്‍ മാത്രമേ ആശയും പ്രതികരിക്കുന്നുള്ളൂ.
ലോജിക് തിരഞ്ഞു പോകാൻ സാധ്യതയുള്ള പ്രേക്ഷകനെ എഡ്ജ് ഓഫ് ദി സെറ്റ് എന്ന് പറയാവുന്ന തരത്തിൽ പിടിച്ചിരുത്തുന്ന ആദ്യ പകുതി (നേരം പോവുന്നത് തിരിച്ചറിയാത്ത തരത്തിൽ) സാധ്യമാക്കുന്നത് തിരക്കഥയും ഗോവിന്ദ് വസന്തയുടെ സംഗീതവും ഷാൻ മുഹമ്മദിന്റെ എഡിറ്റിങ്ങും കൂടിയാണ്. ഒപ്പം അനാവശ്യമായ സന്ദർഭങ്ങളോ സംഭാഷണങ്ങളോ അധികമില്ല എന്നതും ശ്രദ്ധേയമാണ്. മധു നീലകണ്ഠന്റെ ക്യാമറ അങ്കമാലി, നെടുമ്പാശേരി പ്രദേശങ്ങളുടെ ദൃശ്യഭംഗി ഉൾക്കൊണ്ടിട്ടുണ്ട്. പ്രത്യേകിച്ചും ക്ളൈമാക്സ് സീനുകൾ പ്രശംസനീയമാണ്.
ആശയുടെ കഥ നടക്കുന്നത് നെടുമ്പാശേരിക്ക് അടുത്താണ്, അവിടെയും കൈപ്പട്ടൂർ ഉണ്ട് എന്ന് തോന്നുന്നു. പക്ഷെ കഥാപാത്രങ്ങൾ കൂടുതൽ പേരും സംസാരിക്കുമ്പോൾ അവർ പത്തനംതിട്ടയോ കോട്ടയത്തോ ഉള്ളവർ എന്ന് തോന്നിപ്പോകുന്നു.
ആശയ്ക്ക് അവരുടേതായ വ്യക്തിത്വമുണ്ട്. അത് ഉർവശി എന്ന അഭിനേതാവ് ആശ എന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി നൽകിയ സമർപ്പണത്തിന്റെ അടയാളമാണ്. അതു തന്നെയാണ് ഈ സിനിമയെ ഒരു നല്ല ദൃശ്യാനുഭവമാക്കുന്നതും.
'There is a particular expression that briefly appears on the character Leelamma, played by Urvashi in Christo Tomy’s Ullozhukku. It is distinct from the helplessness that defines the character through most of the film. The character Asha in the film Asha feels like an extension of that very expression.
Asha has a past. Her present is a continuation of that past.
Writer-director Safar Sanal portrays that past in the mode of a dark thriller. Asha may remind viewers of Leelamma (Jaya Kurup) from Pranav Mohanlal’s Dies Irae and Seetha (Bindu Panicker) from Rorschach. However, the film manages to transcend these similarities through Asha’s past, her psychological states, and, above all, through the way actress Urvashi inhabits Asha through her remarkable transformation into the character'- Rajesh Chithira Writes