Drishyam 3 Review: ആദ്യ രണ്ട് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തം; അതിനാടകീയതയ്ക്കും ട്വിസ്റ്റുകൾക്കുമപ്പുറം കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരം

'ദൃശ്യം 2' ൽനിന്ന് മൂന്നാം ഭാഗത്തേക്ക് എത്തുമ്പോൾ എടുത്തുപറയേണ്ട പോസിറ്റീവായ മാറ്റം മേക്കിങ് ക്വാളിറ്റി
Drishyam 3 Review: ആദ്യ രണ്ട് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തം; അതിനാടകീയതയ്ക്കും ട്വിസ്റ്റുകൾക്കുമപ്പുറം കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരം
Published on

Drishyam 3 Review: തുടരെ തുടരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളോ അതിഭീകരമായ സർപ്രൈസുകളോ 'ദൃശ്യം 3'യിൽ ഇല്ല. സീറ്റ് എഡ്ജ് ത്രില്ലർ സ്വഭാവത്തിൽനിന്ന് മാറിനടക്കാനാണ് ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്ത് സംവിധായകൻ ജീത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾക്കും അവർ കടന്നുപോകുന്ന വൈകാരിക പരിസരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള കഥപറച്ചിൽ.

ജോർജുകുട്ടിയും കുടുംബവും തന്നെയാണ് മൂന്നാം ഭാഗത്തിലും കേന്ദ്രബിന്ദു. വരുൺ പ്രഭാകറിന്റെ മൃതദേഹത്തിനായുള്ള തെരച്ചിൽ മൂന്നാം ഭാഗത്തും തുടരുന്നു. തന്റെ കുടുംബത്തിനായി ഏതറ്റം വരെയും പോകുന്ന ജോർജുകുട്ടിയുടെ പ്രതിരോധവും സംരക്ഷണവും പുതിയ മാനങ്ങളിലേക്കു കടക്കുന്നതും മൂന്നാം ഭാഗത്ത് കാണാം.

തിരക്കഥയിൽ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ആത്മസംഘർഷത്തെ അടയാളപ്പെടുത്താനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ആത്മരക്ഷാർഥം നടത്തിയ വലിയ തെറ്റ് ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ വീണ്ടും പരീക്ഷിക്കുന്നുണ്ട്. ഒരു വശത്ത് വരുൺ പ്രഭാകറിന്റെ കുടുംബമെങ്കിൽ മറുവശത്ത് ജോർജുകുട്ടിയോടും കുടുംബത്തോടും ആനപ്പകയുള്ള 'ശക്തനായ വില്ലൻ' നിൽപ്പുണ്ട്. അതീവ സങ്കീർണതയിലൂടെ കടന്നുപോകുന്ന ജോർജുകുട്ടി ഇത്തവണ അങ്ങേയറ്റം പ്രതിരോധത്തിലാകുന്നു. തുടർന്നുണ്ടാകുന്ന നാടകീയ രംഗങ്ങളാണ് 'ദൃശ്യം 3'.

Drishyam 3 Review: ആദ്യ രണ്ട് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തം; അതിനാടകീയതയ്ക്കും ട്വിസ്റ്റുകൾക്കുമപ്പുറം കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരം
'എന്തോ ഇഷ്ടമാണ് എല്ലാവർക്കും...' മോഹൻലാലിന് ഇന്ന് പിറന്നാൾ

'ദൃശ്യം 2' ൽനിന്ന് മൂന്നാം ഭാഗത്തേക്കു എത്തുമ്പോൾ എടുത്തുപറയേണ്ട പോസിറ്റീവായ മാറ്റം മേക്കിങ് ക്വാളിറ്റിയാണ്. അവതരണശൈലിയിലെ അതിനാടകീയത കുറയ്ക്കാൻ സംവിധായകൻ ജീത്തു ജോസഫ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അപ്പോഴും ചില ഡയലോഗുകൾ പതിവ് പോലെ നാടകീയവും പ്രേക്ഷകരിൽ വിരസതയുണ്ടാക്കുന്നതുമായിരുന്നു. സംഭാഷണങ്ങളിലെ ഈ പാളിച്ച കഥാപാത്രങ്ങളുടെ വൈകാരികതയെ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്.

ട്വിസ്റ്റുകൾക്കു വേണ്ടിയുള്ള ബോധപൂർവമുള്ള പ്ലോട്ട് ക്രിയേഷൻ ജീത്തു ഇത്തവണ കുറച്ചിട്ടുണ്ട്. പകരം കഥാപാത്രങ്ങളിൽ നിന്നുകൊണ്ടാണ് കഥപറച്ചിലും ടെൻഷൻ ബിൽഡിങ്ങും. മൂന്നാം ഭാഗത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് സൈഡും അതുതന്നെയാണ്.

അഭിനയത്തിലേക്കു വന്നാൽ ദൃശ്യത്തിന്റെ ആദ്യഭാഗത്തിലെ പോലെ വൈകാരികമായി പെർഫോം ചെയ്യാൻ മോഹൻലാലിനു ധാരാളം സ്‌പേസുണ്ടായിരുന്നു. വളരെ മികച്ച രീതിയിൽ അത് ലാൽ അഭിനയിച്ചുഫലിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്‌സിനോടു അടുക്കുമ്പോഴുള്ള മോഹൻലാലിന്റെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.

ആശ ശരത്തിന്റെ കഥാപാത്രം പേരിനുമാത്രമായപ്പോൾ സിദ്ദിഖ് അവതരിപ്പിച്ച പ്രഭാകർ എന്ന കഥാപാത്രം പ്രേക്ഷകരെ ഞെട്ടിച്ചു. മുരളി ഗോപി, മീന, അൻസിബ ഹസൻ, എസ്‌തർ അനിൽ, ശാന്തി മായാദേവി, ഗണേഷ് കുമാർ, വീണ നന്ദകുമാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. അനിൽ ജോൺസൺ ചെയ്ത പശ്ചാത്തല സംഗീതം സിനിമയുടെ ഴോണറിനു അനുയോജ്യമായിരുന്നു.

Drishyam 3 Review: ആദ്യ രണ്ട് ഭാഗങ്ങളിൽനിന്ന് വ്യത്യസ്തം; അതിനാടകീയതയ്ക്കും ട്വിസ്റ്റുകൾക്കുമപ്പുറം കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരം
പ്രീ സെയിൽ 20 കോടി കടന്നു; ഇത് മോഹൻലാൽവുഡ്, ദൃശ്യം വീണ്ടുമെത്തുമ്പോൾ

ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളിലെ പോലെ ട്വിസ്റ്റുകൾക്കുവേണ്ടി മൂന്നാം ഭാഗത്തെ സമീപിച്ചാൽ ദൃശ്യം 3 പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം. ജീത്തു ജോസഫ് പറഞ്ഞതുപോലെ കഥാപാത്രങ്ങളുടെ വൈകാരിക സഞ്ചാരത്തിനാണ് മൂന്നാം ഭാഗം പ്രാധാന്യം നൽകുന്നതെന്ന് മനസിലാക്കി തീയേറ്ററിലെത്തിയാൽ ദൃശ്യം 3 വേറിട്ടൊരു 'ദൃശ്യാനുഭവം' ആയിരിക്കും.

English summary:

Drishyam 3 shifts away from the twist-heavy thriller style of the first two films and focuses more on the emotional struggles of Georgekutty and his family. Director Jeethu Joseph emphasizes character-driven storytelling, with Georgekutty facing new threats and intense personal conflicts. Mohanlal delivers a strong emotional performance, especially in the climax. While some dialogues feel melodramatic, the film’s improved making quality, performances, and emotional depth make it a different but engaging experience for audiences who value character journeys over shocking twists.

Madism Digital
madismdigital.com