Entertainment Special

'നിഷ്പക്ഷ സമിതിയോട് സംസാരിക്കാം'; അമ്മ നേതൃത്വത്തിന്റെ സമവായനീക്കം തള്ളി അന്‍സിബ

‘അമ്മ’ വിവാദത്തിൽ നിഷ്പക്ഷ സമിതി ആവശ്യപ്പെട്ട് അനസിബ ഹസൻ രംഗത്ത്

Varsha G

താര സംഘടനയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ തള്ളി അന്‍സിബ ഹസന്‍. സംഘടനയിലെ ഭാരവാഹികളോട് നേരിട്ട് പരാതികള്‍ ഉന്നയിക്കാന്‍ താല്‍പര്യമില്ലെന്നും, അതിന് പകരം നിഷ്പക്ഷമായ അന്വേഷണ സമിതി രൂപീകരിക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. അന്‍സിബയുടെ പരാതികള്‍ നേതൃത്വം വിശദമായി കേള്‍ക്കുമെന്നും ഇതിനായി വിളിച്ചുവരുത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ അന്‍സിബ നിലപാട് കടുപ്പിക്കുന്നത്.

തനിക്ക് പറയാനുള്ളത് നിഷ്പക്ഷമായ ഒരു സമിതിക്ക് മുന്നില്‍ പറയാം എന്നാണ് അന്‍സിബയുടെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി അമ്മ നേതൃത്വത്തിന് മെയില്‍ അയച്ചിട്ടുണ്ടെന്നും അന്‍സിബ 'മാഡിസം ഡിജിറ്റല്‍'നോട് പ്രതികരിച്ചു. സമിതിയില്‍ രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാല പാര്‍വതി എന്നിവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും അന്‍സിബ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതിനിടെ, സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നാല് അംഗങ്ങൾക്ക് ‘അമ്മ’ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂൺ 1 മുതൽ 3 വരെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.

ടിനി ടോമിനെതിരായ പരാതിയിൽ അൻസിബ ഹസനെ നേരിട്ട് കേൾക്കാൻ സംഘടന തീരുമാനിച്ചിരുന്നു. ജൂൺ ആദ്യവാരത്തിൽ ഹാജരാകണമെന്ന് നേതൃത്വത്തിൽ നിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സംഘടനയിലെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തൽ. ജൂൺ 21ന് ‘അമ്മ’യുടെ ജനറൽ ബോഡി യോഗം നടക്കാനിരിക്കുകയാണ്. ഈ യോഗത്തിന് മുമ്പായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ശ്രമം. വിഷയങ്ങൾ നിയമപരമായ വഴിയിലേക്ക് പോകുന്നത് ഒഴിവാക്കാനായുള്ള ഇടപെടലുകളും നടക്കുന്നതായാണ് സൂചന.

സംഘടനയിൽ വിശ്വാസം നഷ്ടപ്പെട്ടതായി അൻസിബ നേരത്തെ വ്യക്തമാക്കിയിരുന്നു. ടിനി ടോമിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്നും അൻസിബ പറഞ്ഞിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കാൻ കാരണമായത് ടിനി ടോം ആണെന്ന ആരോപണവും അൻസിബ ഉയർത്തിയിട്ടുണ്ട്. തന്നെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തിയതായും 'ജിഹാദി' എന്ന് വിളിച്ചുവെന്നതുമാണ് പ്രധാന ആരോപണങ്ങൾ. കുടുംബസംഗമത്തിനിടെ ഒരു സ്പോൺസർഷിപ്പ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് പിന്നാലെ തന്നെ ലക്ഷ്യമിട്ട് തെറ്റായ പ്രചാരണങ്ങൾ നടന്നുവെന്നാണ് അൻസിബയുടെ ആരോപണം. സംഘടനയിലെ വിവാദങ്ങൾ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ നിർണായക സംഭവവികാസങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

English Summary: Actress Anasiba Hasan has demanded a neutral inquiry committee in the ongoing internal issues within AMMA organization. She stated she will present her complaints only before an impartial panel, while the association continues disciplinary actions and internal disputes ahead of its upcoming general body meeting.