Entertainment Special

പൊലീസ് നൽകിയത് വലിയ ട്രോമ, ഉറക്കം നഷ്ടപ്പെട്ടു; ലക്ഷ്മിപ്രിയയുടെ കുടുംബത്തിലെ പ്രശ്നത്തിനുകാരണം ആ മെസേജല്ല, ഉള്ളടക്കം വെളിപ്പെടുത്തി അൻസിബ

'നീന കുറുപ്പിനെ വിളിച്ച തെറികള്‍ മലയാളികള്‍ കേട്ടിട്ടുണ്ടാവും. അതേ തെറിയാണ് എസ്‌ഐയുടെ മുന്നില്‍ വെച്ച് ലക്ഷി പ്രിയ എന്നെ വിളിച്ചത്'

Jamsheena Mullappatt

കുടുംബത്തിൽ പ്രശ്നത്തിനു കാരണമായെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്ന, താൻ അയച്ച മെസേജിന്റെ ഉള്ളടക്കം വെളിപ്പെടുത്തി അൻസിബ. ആ മെസേജ് താൻ ഡിസംബറിൽ അയച്ചതാണ്. അതിൽ ലക്ഷ്മിപ്രിയ ആരോപിക്കുന്ന ഒന്നും തന്നെയില്ല. ഈ മെസേജ് കണ്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. ഗാര്‍ഹിക പീഡനം നടത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയല്ലേ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യേണ്ടത്? ലക്ഷ്മിപ്രിയയുടെ പരാതിയിൽ തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനില്‍ മൂന്നു മണിക്കൂറോളം കടുത്ത മാനസിക പീഡനമാണ് തനിക്കു നേരിടേണ്ടി വന്നത്. ഇതിനെതിരെ പരാതി നൽകുമെന്നും അന്‍സിബ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

''പ്രതികാര മനോഭാവത്തോടെയുള്ള വ്യാജ പരാതിയാണ് ലക്ഷ്മിപ്രിയയുടേത്. അത്തരമൊരാൾക്ക് സംഘടനയുടെ നേതൃത്വത്തിലിരിക്കാൻ യോഗ്യതയുമില്ല. അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. വനിതാ സ്റ്റേഷനിലെ എസ്‌ഐ ലക്ഷിപ്രിയയുടെ പരിചയത്തിലുള്ള ആളായിരുന്നു. സ്റ്റേഷനില്‍ വച്ച് ലക്ഷ്മിപ്രിയ പരസ്യമായി തെറിവിളിച്ചിട്ടും എസ്‌ഐ അടക്കമുള്ള പൊലീസുകാർ മൗനം പാലിച്ചു,'' അന്‍സിബ പറഞ്ഞു.

ജിവിതത്തില്‍ ആദ്യമാണ് ഇത്രയും വൃത്തികെട്ട പരാതിയുടെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കയറുന്നത്
അന്‍സിബ ഹസന്‍
ലക്ഷ്മി പ്രിയ

അവരുടെ കുടുംബജീവിതം പ്രശ്‌നത്തിലായി എന്ന് പറയുന്ന മെസേജ് ഞാന്‍ ഡിസംബറില്‍ അയച്ചതാണ്. 'ചേച്ചി ദുബൈയില്‍ പോയിരുന്നോ? ഫോട്ടോ എടുത്തിരുന്നല്ലേ, ഫോട്ടോയുടെ കാര്യം എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു' എന്ന് മാത്രമാണ് ആ മെസേജിന്റെ ഉള്ളടക്കം. ഈ മെസേജ് കണ്ട് ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്നാണ് പറയുന്നത്. അങ്ങനെയൊരാള്‍ ഗാര്‍ഹിക പീഡനം നടത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെയല്ലേ എഫ്‌ഐആര്‍ ഇടേണ്ടത്? കുടുംബ ബന്ധത്തില്‍ തകരാറുകളുണ്ടെന്ന് ലക്ഷ്മിപ്രിയ തന്നെ സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ഇവരുമായി ഒരു ബന്ധവുമില്ലാത്ത എന്നെ അവരുടെ കുടുംബപ്രശ്‌നത്തിലേക്ക് വലിച്ചിട്ടത് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ മാത്രമാണ്.

നീന കുറുപ്പിനെ വിളിച്ച തെറികള്‍ മലയാളികള്‍ കേട്ടിട്ടുണ്ടാവും. അതേ തെറിയാണ് എസ്‌ഐയുടെ മുന്നില്‍ വെച്ച് ലക്ഷി പ്രിയ എന്നെ വിളിച്ചത്. എനിക്ക് മാത്രമല്ല, ശ്വേത മേനോനും ടിനി ടോമിനും സിജോയ് വര്‍ഗീസിനും പരാതിയുണ്ടെന്ന് അവിടെയിരുന്ന് ലക്ഷിപ്രിയ വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂന്നു മണിക്കൂർ കടുത്ത മാനസികപീഡനമാണ് സ്റ്റേഷനിൽ നേരിട്ടത്.

അന്‍സിബ ഹസന്‍

ഞാന്‍ അയച്ച മെസേജ് തെറ്റാണെന്നും മാപ്പ് എഴുതികൊടുക്കാനും പറഞ്ഞു. മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി വാക്കുകള്‍ കൊണ്ടുള്ള ആക്രമണം ആയിരുന്നു എനിക്കെതിരെ. തളര്‍ന്നുപോയി. ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ഒപ്പിട്ടുകൊടുക്കേണ്ടി വന്നു. ഇത്രയും ലാഘവത്തോടെ ഇക്കാര്യം പറയുന്നുണ്ടെങ്കിലും അനുഭവിച്ച ട്രോമ വളരെ വലുതാണ്. ജിവിതത്തില്‍ ആദ്യമാണ് ഇത്രയും വൃത്തികെട്ട പരാതിയുടെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കയറുന്നത്. വനിതാ പൊലീസ് സ്റ്റേഷന്‍ ആയതുകൊണ്ട് അതിന്റെ ഒരു സുരക്ഷിതത്വം ഉണ്ടാകുമല്ലോയെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഭയപ്പെട്ടുപോയി. ഇങ്ങനെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ കയറുന്ന സ്ത്രീകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടാകും. എത്ര നീചമായും പക്ഷപാതപരമയുമാണ് ഇവര്‍ സ്ത്രീകളോട് പെരുമാറുന്നത്.

'ലക്ഷ്മിപ്രിയയുടെ കൂടെ 12 വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. അവര്‍ വളരെ മുന്‍പരിചയമുള്ളവരെ പോലെയാണ് പൊലീസുകാരോട് ഇടപഴകിയത്. അതുകൊണ്ടാണ് മൂന്നു മണിക്കൂര്‍ നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ ഞാന്‍ ചോദിച്ചത്. പൊലീസ് സ്റ്റേഷനില്‍ സിസിടിവി ഇല്ലെന്നാണ് അവര്‍ പറയുന്നത്. സത്യങ്ങള്‍ പുറത്തുപറയണമെന്ന ലക്ഷ്യമുള്ളതുകൊണ്ടാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നത്. ഈ പ്രശ്‌നങ്ങളിലൂടെ കടന്നുപോയതിന്റെ ട്രോമ ഇപ്പോഴുമുണ്ട്. എന്നെ കൂടുതല്‍ ട്രോമയിലാക്കിയത് പൊലീസ് സ്റ്റേഷനിലെ മൂന്ന് മണിക്കൂറാണ്. ഇതുകാരണം ഉറക്കംപോലും നഷ്ടപ്പെടുന്നുണ്ട്.

അന്‍സിബ ഹസനെതിരെ പോലീസില്‍ പരാതി കൊടുത്ത്, ആ പ്രശ്‌നം പരിഹരിക്കുന്നത് വരെ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് പ്രസിഡന്റ് ആയിരുന്നു എന്ന് മീറ്റിങ്ങില്‍ ലക്ഷ്മിപ്രിയ വ്യക്തമായി പറഞ്ഞു.
അന്‍സിബ ഹസന്‍

പൊലീസ് സ്റ്റേഷനിലെ സംഭവം കഴിഞ്ഞു നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ലക്ഷ്മിപ്രിയ അമ്മ പ്രസിഡന്റ് ശ്വേത മേനോന് നന്ദി പറഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് അന്‍സിബ പറഞ്ഞു. തനിക്കെതിരെ ലക്ഷ്മിപ്രിയ നല്‍കിയ വ്യാജ പരാതിയെക്കുറിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അറിയിച്ചപ്പോള്‍, രണ്ട് ഭാരവാഹികള്‍ തമ്മില്‍ പ്രശ്നമുണ്ടെങ്കില്‍ 'ഇത് അമ്മയുമായി ബന്ധമില്ല' എന്ന് പറഞ്ഞ അതേ പ്രസിഡന്റാണ് ലക്ഷിപ്രിയക്ക് പിന്തുണ നല്‍കിയത്.

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി

'അന്‍സിബ ഹസനെതിരെ പൊലീസില്‍ പരാതി കൊടുത്ത്, ആ പ്രശ്‌നം പരിഹരിക്കുന്നത് വരെ എല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത് പ്രസിഡന്റായിരുന്നുവെന്ന് മീറ്റിങ്ങില്‍ ലക്ഷ്മിപ്രിയ വ്യക്തമായി പറഞ്ഞു. മിനിറ്റ്‌സില്‍ രേഖപ്പെടുത്താനുള്ളതുകൊണ്ട് മീറ്റിങ് റെക്കോര്‍ഡ് ചെയ്തിരുന്നു. അതുകൊണ്ട് തെളിവുകളുണ്ട്. എനിക്കെതിരെ കെട്ടിച്ചമച്ച ഈ പരാതി ആരുടെയൊക്കെ ഗൂഢാലോചന ആയിരുന്നുവെന്ന് തെളിയിക്കേണ്ട ബാധ്യത പ്രസിഡന്റ് ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ്.

ലക്ഷിപ്രിയയുടെ പരാതി തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. പൊലീസ് സ്റ്റേഷനിലെ മാനസിക പീഡനത്തിനെതിരെയും ടിനി ടോമിനെതിരെയും പരാതി കൊടുക്കാനുള്ള ആലോചനയിലാണ് താനെന്നും അന്‍സിബ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.

അമ്മ കുടുംബസംഗവുമായി ബന്ധപ്പെട്ട് ഒരുപാട് അഴിമതികള്‍ നടന്നിട്ടുണ്ടെന്നും താരതമ്യേനെ ജൂനിയറായ താൻ അമ്മ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ മുതിര്‍ന്നവര്‍ക്ക് മുറുമുറുപ്പുണ്ട്. ഇത് ഒളിഞ്ഞും തെളിഞ്ഞും വാക്കാലുള്ള ആക്രമണങ്ങള്‍ വരെയും പൊലീസ് സ്റ്റേഷനിലും എത്തിയെന്നും അൻസിബ ആരോപിക്കുന്നു.

''അമ്മയിലെ ചില മെമ്പര്‍മാര്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ഭാഗമായി എനിക്കെതിരെ വീഡിയോ ഇറക്കിയിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പിനുശേഷം അമ്മ ഓഫിസില്‍ നടന്ന ആദ്യ മീറ്റിങ്ങില്‍ ഞാന്‍ പരാതി കൊടുത്തു. എന്നാല്‍ പരാതി വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല. ബൈലോ അനുസരിച്ച് അമ്മയിലെ അംഗങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പുറത്താക്കാന്‍ പറ്റും. ഇങ്ങനെ ഞാന്‍ പരാതിപ്പെടുകയാണെങ്കില്‍, അമ്മക്കെതിരായി സംസാരിച്ച ചില സ്ത്രീകളെയും പുറത്താക്കേണ്ടി വരുമെന്നാണ് എന്നോട് പറഞ്ഞത്. പിന്നീട് ഞാന്‍ പരാതിയുമായി മുന്നോട്ടുപോയില്ല. ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് കൃത്യമായി അറിയാവുന്നത് കൊണ്ടായിരുന്നു ഈ നീക്കം. പ്രസിഡന്റും ചില മെമ്പര്‍മാരും ആയിരുന്നു ഇതു പറഞ്ഞത്. ഒരു തരം ഭീഷണിയാണിത്,'' അന്‍സിബ പറഞ്ഞു.

''അമ്മ കുടുംബസംഗവുമായി ബന്ധപ്പെട്ട് ഒരുപാട് അഴിമതികള്‍ നടന്നിട്ടുണ്ട്. ഇത് കൃത്യമായി ഞാന്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്തൊക്കെയായിരുന്നു അഴിമതിയെന്ന് ജനറല്‍ ബോഡി മീറ്റിങ്ങില്‍ തുറന്നുപറയും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പാസാക്കാതെ പലരീതിയിലും ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. കുടുംബസംഗമം വരെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഫണ്ട് ചെലവഴിക്കാന്‍ അനുമതി കൊടുത്തത് ഞാന്‍ കണ്ടിട്ടില്ല. ഇതിനു നേതൃത്വം കൊടുത്തത് ആരാണെന്ന് അവിടെയുള്ള ആളുകള്‍ പറയട്ടെ,'' അന്‍സിബ കൂട്ടിച്ചേര്‍ത്തു.

English Summary: Actor and former joint secretary of AMMA, Ansiba Hasan, has alleged that she faced retaliation and mental harassment after raising concerns about alleged financial irregularities within the organisation. She claimed she had formally recorded objections regarding fund utilisation connected to AMMA’s family gathering events and said she plans to disclose details during the general body meeting.