സിനിമ പ്രേമികൾ, സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ 'ഒഡിസി'യുടെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ്. നിലവിൽ ഐമാക്സ് തിയറ്ററുകളിൽ നല്ല സീറ്റുകൾക്ക് വേണ്ടി പ്രേക്ഷകർക്കിടയിൽ തമ്മിൽ തല്ലാണ്. നോളൻ ഈ സിനിമയെ തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യൂ കണ്ടവരൊക്കെ തന്നെ ആ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നുണ്ട്. മാറ്റ് ഡേമൺ, റോബർട്ട് പാറ്റിൻസൺ, ആൻ ഹാതവേ, സെൻഡായ, ടോം ഹോളണ്ട്, ലുപിത യോങ്ഗോ, ബെന്നി സാഫ്ഡി എന്നിങ്ങനെ ഒരുപാട് നല്ല അഭിനേതാക്കൾ ഒരുമിച്ച് വരുന്ന ഒരു ബ്രഹ്മാണ്ഡ സിനിമയാണ് 'ഒഡിസി'. മാത്രമല്ല, ക്രിസ്റ്റഫർ നോളന്റെ ആരാധകർക്കും ഈ ചിത്രത്തിന്റെ വലിപ്പം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം പല തവണ തിയറ്ററിൽ കാണാൻ പദ്ധതിയിടുന്നവർ ധാരാളമുണ്ട്. കാരണം ജീവിതത്തിലൊരിക്കലെങ്കിലും തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ചിത്രമാണ് 'ഒഡിസി'.
കൊച്ചി സിനി പോളീസിലും, തിരുവനന്തപുരം പിവിആറിലും ഐമാക്സ് ഉള്ളതുകൊണ്ട് തന്നെ മിക്കവരും കേരളത്തിൽ 'ഒഡിസി' കാണാൻ തിരഞ്ഞെടുക്കുന്നത് ആ തിയറ്ററുകളായിരിക്കും. എന്നാൽ നിർഭാഗ്യവശാൽ, ആ തിയറ്റർ സ്ക്രീനുകൾക്ക് ഒരിക്കലും നോളൻ വിഭാവനം ചെയ്ത 'ഒഡിസി' കാണിച്ചു തരാൻ സാധിക്കില്ല. ലോകത്തെ വെറും 40 തിയറ്ററുകൾക്കു മാത്രമാണ് പൂർണ മികവോടെ 'ഒഡിസി' പ്രദർശിപ്പിക്കാൻ സാധിക്കൂ എന്നതാണ് ചിത്രത്തിന്റെ സവിശേഷത. കാരണം ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്ന ഐമാക്സ് 70mm ഫിലിം ഫ്രെയിം, സാധാരണ സിനിമകൾക്ക് ഉപയോഗിക്കുന്ന 35mm ഫിലിം ഫ്രേമിനെ അപേക്ഷിച്ച് ഏകദേശം പത്ത് മടങ്ങ് വലുതാണ്. അത് മാത്രമല്ല, 70mm ഫിലിം സ്റ്റോക്കിൽ ചിത്രീകരിച്ച ലോകത്തിലെ ആദ്യ ഫീച്ചർ ഫിലിം കൂടെയാണ് 'ഒഡിസി'.
നമ്മൾ സാധാരണ തിയറ്റർ സ്ക്രീനിന്റെ വശങ്ങളിൽ കാണുന്ന കറുത്ത ബാറുകൾ ഈ ചിത്രം സ്ക്രീൻ ചെയ്യുമ്പോൾ ഉണ്ടാകാൻ പാടില്ല. മേൽക്കൂര മുതൽ തറ വരെയുള്ള 1.43:1 വൈഡ് ഫോർമാറ്റിലാണ് ചിത്രം കാണേണ്ടത്. അത്തരം ഒരു സ്ക്രീനിന്റെ ഉള്ളിലൂടെ ഒരു വിമാനത്തിന് കടന്ന് പോകാനുള്ള സ്ഥലമുണ്ടാകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആ സുവർണ്ണ പട്ടികയിൽ ഉൾപ്പെടുന്ന തിയറ്ററുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതുകൊണ്ട് തന്നെ അടുത്തുള്ള പിഎല്‍എഫ് സ്ക്രീനുകളിൽ ആയിരിക്കും പ്രേക്ഷകർ 'ഒഡിസി' കാണാൻ പോകുന്നത്.
പലർക്കും തോന്നിയ സംശയമാണ് എന്തുകൊണ്ടാണ് 70mm ഫിലിം ഫ്രെയിം സ്ക്രീൻ ചെയ്യാൻ പറ്റുന്ന ഒരു തിയറ്റർ ഇന്ത്യയിൽ പണി കഴിപ്പിക്കാത്തതെന്ന്. എന്നാൽ അത് അത്ര എളുപ്പമല്ല. കാരണം 'ഒഡിസി' എഡിറ്റ് ചെയ്തിരിക്കുന്നത് വളരെ സങ്കീർണ്ണമായ രീതിയിലാണ്. 18K ഉയർന്ന റെസല്യൂഷനാണ് ചിത്രത്തിനുള്ളത്. അതുകൊണ്ട് തന്നെ, മറ്റ് ചിത്രങ്ങൾ പോലെ നേരിട്ട് ഈ സിനിമ എഡിറ്റ് ചെയ്യാൻ സാധിക്കില്ല. ക്രിസ്റ്റഫർ നോളനും, 'ഒഡിസി'യുടെ എഡിറ്റർ ജെന്നിഫർ ലാമും ഈ ചിത്രത്തിന് വേണ്ടി ഒരു ഹൈബ്രിഡ്ജ് അപ്പ്രോച്ചാണ് എഡിറ്റിങ്ങിൽ സ്വീകരിച്ചിരിക്കുന്നത്.
ആദ്യം ഫിലിം സ്റ്റോക്ക് സ്കാൻ ചെയ്ത്, അതിന്റെ ഡിജിറ്റൽ പ്രോക്സി ഫയലുകൾ സാധാരണ ഒരു സിനിമ എഡിറ്റ് ചെയ്യുന്നത് പോലെ എഡിറ്റ് ചെയ്യും. അതിനു ശേഷം ഇ ഡി എല്‍ എന്നൊരു സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, നേരത്തെ എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്ന സിനിമയുടെ കട്ടുകളുടെ സമയം നോട്ട് ചെയ്ത്, ജെന്നിഫറിന്റെ ടീം ഒറിജിനൽ 70mm നെഗറ്റീവുകളുടെ, ഓരോ ഫ്രെയിമും കൈകൊണ്ട് വെട്ടി ഒട്ടിക്കും. അങ്ങനെ കട്ട് ചെയ്ത നെഗറ്റീവുകളാണ് സ്കാൻ ചെയ്ത് ഡിജിറ്റലാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ ഒരു കൂട്ടം കലാകാരന്മാർ കൈകൊണ്ട് വെട്ടിയ സിനിമയാണ് ഒഡിസി എന്നും പറയാം.
ഈ ചിത്രത്തിന്റെ ഫിലിം റീൽ നിരത്തി വെച്ചാൽ ഏതാണ്ട് 11 മൈൽ ദൂരം വരും എന്നാണ് റിപ്പോർട്ടുകൾ. ഈ നെഗറ്റീവുകൾ അടങ്ങിയ സിനിമാ പെട്ടികളാണ് നേരത്തെ പറഞ്ഞ തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ കൊണ്ടു പോകുന്നത്. അത്രയും ഭാരമുള്ള സിനിമ പെട്ടികൾ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടാണ് യഥാർത്ഥത്തിൽ ഈ സിനിമയെ ഇത്രമാത്രം പ്രത്യേകതയുള്ളതാക്കി മാറ്റുന്നത്.
ചിലരെങ്കിലും ചിന്തിച്ചു കാണും, എന്തുകൊണ്ടാണ് ഇതുവരെ ആരും ഐമാക്സില്‍ ചിത്രീകരിക്കാതിരുന്നത് എന്ന്. കാരണം, 'ഒഡിസി'യുടെ ചിത്രീകരണത്തിന് ഉപയോഗിച്ച ഐമാക്സ് ക്യാമറ ഉയർത്താൻ പോലും ആറു പേരുടെ സഹായം ആവശ്യമാണ്. അത്ര ഭാരമുണ്ടാകും ക്യാമറയ്ക്ക്. അതിന്റെ കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന 70mm ഫിലിം ആണ്. ഈ ക്യാമറ പ്രവർത്തിപ്പിക്കാൻ വലിയ മോട്ടോറുകളും അവശ്യമായി വരുന്നുണ്ട്. അതിനാൽ ക്യാമറ പ്രവർത്തിക്കുമ്പോൾ അനാവശ്യ ശബ്ദം ഉണ്ടാകും. ഇത് ഡയലോഗുകൾ ഉള്ള സീനുകൾ ചിത്രീകരിക്കുന്നതിന് തടസ്സമാണ്. അതുകൊണ്ട് തന്നെ ഐമാക്സ് ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് അതീവ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
ഈ വെല്ലുവിളിയെ മറികടക്കാൻ, നോളന്റെ ആവശ്യപ്രകാരം ഐമാക്സ് ഒരു പുത്തൻ ടെക്നോളജി ചിത്രത്തിനായി കണ്ടുപിടിച്ചിട്ടുണ്ട്. ഐമാക്സ് ക്യാമറ സൗണ്ട് പ്രൂഫ് ചെയ്യുന്ന പെട്ടിയാണ് ഇതിനായി കണ്ടെത്തിയത്. ക്യാമറയ്ക്ക് മുകളിൽ ഒരു പെട്ടി കൂടി വന്നതോടെ യന്ത്രത്തിന്റെ വലുപ്പം ഇരട്ടിയാവുകയും അത് ചിത്രീകരണത്തെ കുറേ കൂടെ പ്രയാസകരമാക്കുകയും ചെയ്തു. ഈ ഭീമൻ ക്യാമറ കാരണം അഭിനേതാക്കൾക്ക് പരസ്പരം മുഖാമുഖം നോക്കാൻ സാധിച്ചിരുന്നില്ല. ഇത് അവരുടെ കണ്ണുകൾ ചലിക്കുന്നതിനെ തടസ്സപ്പെടുത്തി. അതുകൊണ്ട് ക്യാമറയുടെ അടുത്ത്, അപ്പുറത്ത് നിൽക്കുന്ന വ്യക്തിയെ കാണാൻ കഴിയുന്ന പാകത്തിന് ഒരു കണ്ണാടി ഘടിപ്പിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. കഥ നടക്കുന്നത് ബിസി 12-ാം നൂറ്റാണ്ടിലായതുകൊണ്ട് തന്നെ, ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ ഒന്നും തന്നെ അന്ന് ഇല്ലായിരുന്നു. അതുകൊണ്ട് നോളൻ, തനിക്ക് സാധാരണയായി പീരിയഡ് സിനിമകളിൽ ഉപയോഗിക്കുന്ന തരം സംഗീതം ഇവിടെ ആവശ്യമില്ലെന്നും, ബിസി 12-ാം നൂറ്റാണ്ടിലെ മനുഷ്യർക്ക് മാത്രം മനസിലാകുന്ന തരം സംഗീതമാണ് വേണ്ടതെന്നും പറഞ്ഞു.
ചിത്രത്തിന് സംഗീതമൊരുക്കുന്ന, മൂന്ന് തവണ ഓസ്കർ ജേതാവായ ലുഡ്വിഗ് ഗൊറാൻസൺ തന്റെ ടീമിനൊപ്പം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആളുകൾ ഏത് തരം സംഗീതമാണ് കേട്ടിരുന്നതെന്ന് കണ്ടെത്താൻ വിപുലമായ ഗവേഷണം ആരംഭിച്ചു. അങ്ങനെ, പുരാതന സ്രോതസ്സുകളെ അടിസ്ഥാനമാക്കി ഈ സിനിമയ്ക്കായി നിരവധി സംഗീതോപകരണങ്ങൾ പ്രത്യേകം നിർമിക്കുകയായിരുന്നു. കഥ നടക്കുന്നത് വെങ്കലയുഗത്തിൽ (Bronze Age) ആയതിനാൽ, വെങ്കലം ഉപയോഗിച്ചുള്ള വാദ്യോപകരണങ്ങളിലൂടെയാണ് ചിത്രത്തിന്റെ സ്കോറിന്റെ വലിയൊരു ഭാഗം റെക്കോർഡ് ചെയ്തിരിക്കുന്നത്.
'ഒഡിസി' ഒരു സിനിമ മാത്രമല്ല, സിനിമ എന്ന കലാരൂപത്തിന്റെ സാങ്കേതിക സാധ്യതകളെ വീണ്ടും നിർവചിക്കാൻ ശ്രമിക്കുന്ന ഒരു പരീക്ഷണമാണ്. ഷൂട്ടിങ് മുതൽ എഡിറ്റിങ് വരെ, പ്രൊജക്ഷൻ മുതൽ സംഗീതം വരെ ഓരോ ഘട്ടത്തിലും നിലവിലുള്ള രീതികളെ വെല്ലുവിളിച്ച്, ഒരു സിനിമ എത്രത്തോളം സൂക്ഷ്മതയോടെയും സമർപ്പണത്തോടെയും സൃഷ്ടിക്കാം എന്നതാണ് ക്രിസ്റ്റഫർ നോളനും അദ്ദേഹത്തിന്റെ ടീമും തെളിയിച്ചിരിക്കുന്നത്.
Christopher Nolan's Odyssey pushes filmmaking beyond conventional limits with IMAX 70mm, 18K resolution, innovative editing techniques, massive custom cameras, and historically inspired music. The film showcases groundbreaking cinematic technology, making it one of the most ambitious productions ever created for the IMAX experience.