Entertainment Special

നോളന്റെ ദി ഒഡീസി കാണാന്‍ ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന പ്രേക്ഷകര്‍; എന്താണ് 1570 മാന്ത്രികത?

സിനിമാ ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള ഫിലിം ഫോര്‍മാറ്റാണ് ഐമാക്‌സ് 1570

Mathu Sajeevan

ഹോമറിന്റെ ഇതിഹാസകാവ്യമായ ഒഡീസിയില്‍, തന്റെ കുടുംബത്തിലേക്കു തിരിച്ചെത്താന്‍ ഒഡീസിയസ് എന്ന നായകന്‍ കടലുകളും രാക്ഷസന്മാരും ദൈവങ്ങളും നിറഞ്ഞ അസാധ്യമായൊരു യാത്രയാണു നടത്തുന്നത്. ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു കൂട്ടം സിനിമാ പ്രേമികളും അതുപോലൊരു മഹായാത്രയിലാണ്. തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ദി ഒഡീസി അതിന്റെ പൂര്‍ണതയില്‍, അഥവാ ഐമാക്‌സ് 1570 (Imax 1570) ഫോര്‍മാറ്റില്‍ തന്നെ കാണാന്‍ അവര്‍ ഭൂഖണ്ഡങ്ങള്‍ കടന്നെത്തുന്നു.

എന്താണ് 1570 മാന്ത്രികത?

സിനിമാ ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ഉയര്‍ന്ന റെസല്യൂഷനുള്ള ഫിലിം ഫോര്‍മാറ്റാണ് ഐമാക്‌സ് 1570. 70 മില്ലിമീറ്റര്‍ വീതിയുള്ള ഫിലിം സ്ട്രിപ്പില്‍ ഓരോ ഫ്രെയിമിലും 15 പെര്‍ഫൊറേഷനുകള്‍ ഉള്ളതുകൊണ്ടാണ് ഇതിന് ആ പേര് ലഭിച്ചത്. ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്റെ സിനിമകളോടുള്ള അഭിനിവേശം പോലെ തന്നെ അദ്ദേഹം ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും വളരെ സവിശേഷമാണ്. ദി ഒഡീസി പൂര്‍ണ്ണമായും ഈ 1570 ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ്. എന്നാല്‍ ഈ സാങ്കേതികവിദ്യ അത്ര എളുപ്പമല്ല. 180 കിലോഗ്രാം ഭാരമുള്ള, ശബ്ദമുണ്ടാക്കുന്ന ഈ ഭീമന്‍ ക്യാമറകള്‍ക്കു നോളന്‍ പ്രത്യേകം സൗണ്ട്പ്രൂഫിങ് സംവിധാനങ്ങള്‍ ഒരുക്കേണ്ടി വന്നു. ഓരോ മൂന്നു മിനിറ്റിലും ഫിലിം റീല്‍ മാറ്റണമെന്നതു ചിത്രീകരണത്തെ ഏറെ സങ്കീര്‍ണമാക്കി.

മെല്‍ബണിലെ ആ പുണ്യഭൂമി

ഡിജിറ്റല്‍ യുഗത്തില്‍ ഫിലിം പ്രൊജക്ടറുകള്‍ മ്യൂസിയങ്ങളിലേക്കു മാറ്റപ്പെട്ടപ്പോള്‍, ലോകത്ത് വെറും 41 സിനിമാശാലകളില്‍ മാത്രമാണ് ഇന്ന് 1570 ഫിലിം കാണിക്കാനുള്ള സൗകര്യമുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ഐമാക്‌സാണ്. തെക്കന്‍ അര്‍ധഗോളത്തില്‍ ദി ഒഡീസിയുടെ 1570 റീല്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു തിയറ്റര്‍ ഇതാണ്.

17 കിലോമീറ്റര്‍ നീളവും 240 കിലോ ഭാരവുമുള്ള ആ കൂറ്റന്‍ റീല്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നതു വലിയ ദൗത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ 1.43:1 ഐമാക്‌സ് സ്‌ക്രീനാണ് മെല്‍ബണിലേത്. ഏഴു നില കെട്ടിടത്തിന്റെ ഉയരമുള്ള സ്‌ക്രീന്‍! ടിക്കറ്റ് വില്‍പ്പന തുടങ്ങിയപ്പോള്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ 17,000 ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ 30,000-ല്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയതു ചരിത്രമാണ്.

കടല്‍ കടന്നെത്തുന്ന ആരാധകര്‍

സിനിമയോടുള്ള ഭ്രാന്തമായ സ്‌നേഹം കൊണ്ട് ജര്‍മനി, സിംഗപ്പൂര്‍, മലേഷ്യ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ആരാധകര്‍ മെല്‍ബണിലേക്കു പറക്കുന്നു. ജര്‍മനിയില്‍നിന്നു വന്ന ക്രിസ്റ്റ്യന്‍ വാച്ചറും ഭാര്യ റോമിയും പറയുന്നത് ഇങ്ങനെയാണ്: ഇതൊരു വിചിത്രമായ കാര്യമായി ചിലര്‍ക്കു തോന്നാം. എന്നാല്‍ കായികപ്രേമികള്‍ ലോകകപ്പിനോ വിംബിള്‍ഡണിനോ വേണ്ടി പണം മുടക്കുന്നതുപോലെ തന്നെയാണിത്. ഇതൊരു സാംസ്‌കാരിക അനുഭവമാണ്. സത്യത്തില്‍ നോളന്റെ സിനിമകള്‍ തലമുറകളെ കടന്നുള്ള ഒരു ഭാഷയായി മാറിക്കഴിഞ്ഞുവെന്ന് പറയാം.

മാറിമറിയുന്ന സിനിമയുടെ ഭാവി

ഓപ്പണ്‍ഹൈമര്‍ എന്ന സിനിമയ്ക്കുശേഷം ലോകത്ത് 1570 ശൈലിയിലുള്ള തിയറ്ററുകളുടെ എണ്ണം മുപ്പതില്‍നിന്ന് 41 ആയി വര്‍ധിച്ചു. ഒരു സംവിധായകന്റെ കാഴ്ചപ്പാട് അതേപടി പകര്‍ത്തിവയ്ക്കാന്‍ ഇത്തരം സാങ്കേതികവിദ്യകള്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറയാണ് ഇതിന് പിന്നില്‍.

ക്രിസ്റ്റഫര്‍ നോളന്‍ ഒരു സിനിമ പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ അതു കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഈ ഫോര്‍മാറ്റ് മനസ്സില്‍ കണ്ടാണ് ഓരോ ഫ്രെയിമും ഷൂട്ട് ചെയ്യുന്നത്. ഈ സിനിമ കാണാന്‍ ഇതിലും മികച്ച മറ്റൊരു വഴിയില്ല,' ആരാധകര്‍ ഒന്നടങ്കം പറയുന്നു. സാങ്കേതികവിദ്യയുടെ തണുപ്പിലും, കലയുടെ ചൂട് ഒട്ടും ചോര്‍ന്നുപോകാതെ വെള്ളിത്തിരയില്‍ പകര്‍ത്തുന്ന ആ മാന്ത്രികതയെ തേടി, സിനിമയെ ജീവശ്വാസമായി കാണുന്നവര്‍ ഇനിയും ആയിരക്കണക്കിനു മൈലുകള്‍ താണ്ടും. കാരണം, അതൊരു വെറും സിനിമയല്ല, ഒരു ഒഡീസി യാത്ര തന്നെയാണ്.

Much like the grueling journey faced by the hero in Homer's epic, 21st-century cinephiles are crossing continents for an epic quest of their own: to watch Christopher Nolan's latest film, The Odyssey, in its ultimate and intended form—the IMAX 1570 format. MAX 1570 provides the highest resolution available in cinema. It gets its name from its technical specs: 15 perforations per frame on a 70mm wide film strip. Driven by Nolan's unique passion for cinematic technology, The Odyssey marks the first feature film to be shot entirely on IMAX 1570 cameras.