തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വീണ്ടും സിനിമയില്‍ നിന്നൊരു നേതാവ്. ഡിഎംകെയെ പരാജയപ്പെടുത്തി ദളപതി വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവി അലങ്കരിക്കുമ്പോഴാണ് പുതിയ ചര്‍ച്ചകള്‍ ഉയരുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ് ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു. കഴിഞ്ഞ ദിവസം ധനുഷ് നടത്തിയ പ്രസംഗമാണ് ചര്‍ച്ചകളുടെ ആധാരം. ആരാധകരുടെ ഐക്യം സമൂഹത്തിന്റെ നന്മയ്ക്കായ് വിനിയോഗിക്കണം എന്ന ആവശ്യമായിരുന്നു താരം പ്രസംഗത്തില്‍ ഉയര്‍ത്തുന്നത്. ധനുഷിന്റെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തമിഴ് സിനിമയിൽ നിന്നും അടുത്തതായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന താരമാണ് ധനുഷെന്ന തരത്തിൽ ചൂടുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഞായറാഴ്ച തന്റെ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് കൊണ്ടായിരുന്നു ധനുഷിന്റെ പ്രസംഗം.
സിനിമയുടെ വിജയാഘോഷങ്ങളിലും ആരാധകരുടെ കൂടിച്ചേരലുകളിലും മാത്രം ഒതുങ്ങാതെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്നാണ് ധനുഷ് ആഹ്വാനം ചെയ്തത്. "ഒരുപാട് ആളുകളാണ് ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. ഈ ഒത്തുചേരലിൽ വലിയ ഐക്യവും ശക്തിയുമുണ്ട്. ആ ഐക്യത്തിന് നമ്മൾ ഒരുമിച്ച് ഒരു ലക്ഷ്യമുണ്ടാക്കണം. ഓഡിയോ ലോഞ്ചുകളിലും മീറ്റപ്പുകളിലും മാത്രം ഒതുങ്ങി നിൽക്കാതെ കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ എല്ലാവരും ഏർപ്പെടണം" ധനുഷ് പറഞ്ഞു.
എല്ലാവരുടെയും പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്നും അത്തരത്തിലുള്ള നിങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളാണ് എനിക്ക് അഭിമാനമെന്നും ധനുഷ് കൂട്ടിച്ചേർത്തു.
ആരാധകർക്ക് ആവേശം പകർന്ന ഈ പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ വിജയ്യുടെ പാത പിന്തുടർന്ന് ധനുഷും രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നടൻമാരുടെ രാഷ്ട്രീയത്തിലേക്കുള്ള ക്യൂ നീളുകയാണെന്നും ധനുഷിന് രാഷ്ട്രീയത്തിലേക്ക് സ്വാഗതമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്. പെട്ടന്ന് തന്നെ ധനുഷ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും മറ്റൊരാൾ എക്സിൽ കുറിച്ചു.
അതിനിടെ, ദേശീയ അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ധനുഷ് പ്രതികരിച്ചു. 2024ൽ താൻ സംവിധാനം ചെയ്ത 'രായൻ' എന്ന ചിത്രത്തേക്കാൾ മികച്ച തമിഴ് സിനിമകൾ ആ വർഷം ഉണ്ടായിട്ടുണ്ടെന്ന് ധനുഷ് പറഞ്ഞു. എങ്കിലും ഒരു തമിഴ് താരത്തിന് ഒരേ വർഷം തന്നെ അഭിനയത്തിലും സംവിധാനത്തിലും അവാർഡ് ലഭിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് പ്രത്യേക ജൂറി പരാമർശവും റായലിന് മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവുമാണ് ലഭിച്ചത്. എന്നാൽ അതിനെതിരെ വ്യാപക വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. ആ വർഷം ഇറങ്ങിയ മറ്റുചില സിനിമകളാണ് പുരസ്കാരത്തിനായി കൂടുതൽ അർഹിക്കുന്നതെന്നായിരുന്നു ഒരുവിഭാഗം ആളുകളുടെ വിമർശനം.
Dhanush has once again sparked speculation about his political entry after urging his fan clubs to focus on social welfare activities instead of limiting themselves to movie celebrations and fan gatherings. Speaking at a blood donation camp organized by his fans, the actor asked them to use their unity to help people in need and support families in their local communities. The speech quickly went viral, with many on social media suggesting that Dhanush could follow actor turned politician Vijay into politics.