Entertainment Special

ഇളകുന്ന താരസിംഹാസനങ്ങള്‍; 2026 ആദ്യ പകുതി തൂക്കി റീല്‍സിലെ പയ്യന്‍മാര്‍

സിനിമയിലെ 'വലിയേട്ടന്മാരുടെ' കോമ്പോകള്‍ തിയേറ്ററുകളില്‍ പതറിയപ്പോള്‍, ഒരൊറ്റ വലിയ നായകന്‍ പോലുമില്ലാതെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നയിച്ച വാഴ 2 എന്ന കൊച്ചു ചിത്രം 200 കോടിയിലധികം രൂപ വാരിക്കൂട്ടി

Entertainment Desk

മലയാള സിനിമയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അധ്യായത്തിനാണ് 2026-ന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. വന്‍ താരനിരയോ കോടികളുടെ ബജറ്റോ ഇല്ലാതെ, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരെ അണിനിരത്തി തിയേറ്ററുകളിലെത്തിയ ഒരു കൊച്ചു ചിത്രം, മലയാള സിനിമയിലെ രണ്ട് പ്രഗത്ഭ നടന്മാര്‍ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രത്തേക്കാള്‍ മൂന്നിരട്ടി കളക്ഷന്‍ നേടുന്ന അത്ഭുതക്കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്ന മലയാളി പ്രേക്ഷകര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു, ഇവിടെ എന്നും രാജാവ് നല്ല സിനിമകള്‍ മാത്രമാണെന്ന്. വരും നാളുകളില്‍ വലിയ താരപ്പകിട്ടുകള്‍ക്ക് പോലും ബോക്‌സ് ഓഫീസില്‍ മിനിമം ഗ്യാരണ്ടി നല്‍കാനാകില്ലെന്ന സൂചനയാണ് ഈ വര്‍ഷത്തെ ആദ്യ ആറുമാസത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ കോട്ടവാതിലുകള്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ എന്നും അടഞ്ഞുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വലിയ സ്വാധീനമുള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന ആ ഇടത്തിലേക്കാണ് ഇന്ന് ഒരു സ്മാര്‍ട്ട്ഫോണും കുറച്ചു നല്ല ആശയങ്ങളുമായി വന്ന ഒരു കൂട്ടം യുവാക്കള്‍ ചവിട്ടിക്കയറിയിരിക്കുന്നത്

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ അവര്‍ നമ്മുടെ ഇന്‍സ്റ്റാഗ്രാം ഫീഡുകളിലെ വെറും 30 സെക്കന്‍ഡ് റീല്‍സ് കാഴ്ചകളായിരുന്നു. വെറുതെ ഫോണ്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നമ്മെ ചിരിപ്പിച്ചിരുന്ന, അത്ര ഗൗരവമില്ലാത്ത കുറച്ചു പയ്യന്മാര്‍. എന്നാല്‍ തിയേറ്ററുകളുടെ ഇരുളില്‍ ലൈറ്റുകള്‍ തെളിഞ്ഞപ്പോള്‍, ബിഗ് ബജറ്റുകളുടെയും മെഗാസ്റ്റാര്‍ ഫോര്‍മുലകളുടെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അവര്‍ ചരിത്രമെഴുതി. സിനിമയിലെ 'വലിയേട്ടന്മാരുടെ' കോമ്പോകള്‍ തിയേറ്ററുകളില്‍ പതറിയപ്പോള്‍, ഒരൊറ്റ വലിയ നായകന്‍ പോലുമില്ലാതെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നയിച്ച വാഴ 2 എന്ന കൊച്ചു ചിത്രം 200 കോടിയിലധികം രൂപ വാരിക്കൂട്ടിയത് കേവലം ഒരു ബോക്‌സ് ഓഫീസ് വാര്‍ത്തയല്ല. അത് സിനിമയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ്.

ലാല്‍-മമ്മൂട്ടി ചിത്രങ്ങളെപ്പോലും അമ്പരപ്പിച്ച 'യൂത്ത് പവര്‍'

മലയാളി പ്രേക്ഷകര്‍ 17 വര്‍ഷം കാത്തിരുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'പേട്രിയറ്റ്' തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ ആവേശമായിരുന്നു. എന്നാല്‍, ആ വലിയ താരപ്പകിട്ടിന് നേടാനാകാത്ത വിജയമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിട്ട് ക്യാമറയ്ക്ക് മുന്നിലെത്തിയ വിനായകും ഹാഷിറും അലനും അജിനും ചേര്‍ന്നൊരുക്കിയ സിനിമ സ്വന്തമാക്കിയത്. ഇത് കേവലം ഭാഗ്യം കൊണ്ടുണ്ടായ ഒന്നല്ല. തലമുറകളുടെ മാറ്റമാണ് ഇത് കാണിക്കുന്നത്. ഇന്ന് തിയേറ്ററുകളിലേക്ക് ടിക്കറ്റെടുക്കുന്ന ഭൂരിഭാഗം വരുന്ന 'ജെന്‍ സി' പ്രേക്ഷകര്‍ക്ക് തങ്ങളുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന, തങ്ങളെപ്പോലെ സംസാരിക്കുന്ന വലിയ കോംപ്ലക്‌സുകളില്ലാത്ത കഥാപാത്രങ്ങളെയാണ് വേണ്ടതെന്ന് ഈ വിജയം തെളിയിക്കുന്നു.

മാറിയത് പ്രേക്ഷകന്റെ മനശാസ്ത്രം

ഇന്ന് പ്രേക്ഷകന്‍ തിയേറ്ററിലേക്ക് വരുന്നത് സൂപ്പര്‍താരങ്ങളുടെ പേരുകള്‍ കണ്ട് മാത്രമല്ല, ആ സിനിമ തങ്ങള്‍ക്ക് നല്‍കുന്ന അനുഭവം നോക്കിയാണ്. വന്‍ ബജറ്റുകളില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ പലപ്പോഴും വലിയ അവകാശവാദങ്ങളുമായി വന്ന് നിരാശപ്പെടുത്തുമ്പോള്‍, വലിയ കോലാഹലങ്ങളില്ലാതെ വരുന്ന ചെറുചിത്രങ്ങള്‍ സര്‍പ്രൈസ് പാക്കേജുകളായി മാറുന്നു. ലോ ബജറ്റില്‍ വന്ന് തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ 'ഭരതനാട്യം 2 മോഹിനിയാട്ട'വും, പുതുമുഖങ്ങളെ അണിനിരത്തി നിരൂപക പ്രശംസ നേടിയ 'ബാലന്‍: ദ ബോയ്' എന്ന ചിത്രവുമെല്ലാം കാണിക്കുന്നത് മലയാള സിനിമയുടെ ഭാവി ഇനി വലിയ സ്റ്റാര്‍ വാല്യൂവില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്.

മാറ്റത്തിന്റെ പുതിയ റൂട്ടുകള്‍

സിനിമയുടെ കോട്ടവാതിലുകള്‍ സാധാരണക്കാര്‍ക്ക് മുന്നില്‍ എന്നും അടഞ്ഞുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വലിയ സ്വാധീനമുള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന ആ ഇടത്തിലേക്കാണ് ഇന്ന് ഒരു സ്മാര്‍ട്ട്ഫോണും കുറച്ചു നല്ല ആശയങ്ങളുമായി വന്ന ഒരു കൂട്ടം യുവാക്കള്‍ ചവിട്ടിക്കയറിയിരിക്കുന്നത്. അവര്‍ സ്റ്റാര്‍ഡത്തിന്റെ വലിയ ഭാരമില്ലാതെ, തികച്ചും സ്വാഭാവികമായി കഥകള്‍ പറയുന്നു. ഈ മാറ്റം പുതിയ സിനിമാ മോഹികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. സൂപ്പര്‍താര ചിത്രങ്ങള്‍ ഇനിയും വരും, കോടികള്‍ ഇനിയും മോളിവുഡ് നേടും; എങ്കിലും 2026-ന്റെ ആദ്യ പകുതി അടയാളപ്പെടുത്തപ്പെടുക 'റീല്‍സ് പയ്യന്മാര്‍' വെള്ളിത്തിരയില്‍ തീര്‍ത്ത ഈ അട്ടിമറി വിജയത്തിന്റെ പേരിലായിരിക്കും.

The first half of 2026 marked a remarkable chapter in Malayalam cinema, with content-driven films outperforming star-studded productions at the box office. A low-budget film featuring social media content creators reportedly earned nearly three times the collection of a big-budget movie starring two of Malayalam cinema's leading actors. The trend underscores the growing preference of Malayalam audiences for strong storytelling over star power, suggesting that compelling content has become the biggest driver of box-office success.