Entertainment Special

ഇനിയെന്താണ് തിരശീലയില്‍നിന്ന് മമ്മൂട്ടിക്കു നേടാനുള്ളത്? 'മമ്മൂട്ടിക്കമ്പനി' പിറന്നതിനു പിന്നിലെ ആ കാരണം

സിനിമയില്‍നിന്ന് ധാരാളം സമ്പാദിച്ച മമ്മൂട്ടിക്ക് എന്തിനൊരു നിര്‍മാണക്കമ്പനിയെന്ന സന്ദേഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. എന്തിന് ഇത്രയുംകാലം സിനിമയില്‍ തുടര്‍ന്നുവെന്നും ഇനി തുടരണമെന്നും അദ്ദേഹം വ്യക്തമാക്കുന്ന ലളിതമായൊരു ഉത്തരം

Athira Thookkaav

'നിങ്ങളുമായൊരു അഭിമുഖത്തിനായി ഞാൻ കാത്തിരിക്കുന്നു', മോഹൻലാലടക്കം ഇന്ത്യയിലെ പ്രമുഖരായ താരങ്ങളുമായി അഭിമുഖ സംഭാഷണങ്ങൾ നടത്തിയ പ്രമുഖ എന്റർടൈൻമെന്റ് ജേണലിസ്റ്റായ അനുപമ ചോപ്ര ഒരിക്കൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിനിടയിൽ പറഞ്ഞ വാക്കുകളാണ്. ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിക്കുന്നതിലേക്ക് പ്രിയങ്കയെ നയിച്ച പശ്ചാത്തലം നായകനായ മമ്മൂട്ടിയേക്കാൾ മൂർച്ചയുള്ള പ്രതിനായക മമ്മൂട്ടിയാണ്. മുഹമ്മദ് കുട്ടിയിൽനിന്ന് രാകിയെടുത്ത മമ്മൂട്ടിയെന്ന നടനവിസ്മയം സ്വന്തമായൊരു നിർമാണക്കമ്പനിയിലേക്കും സിനിമാ പ്രവർത്തനം വ്യാപിപ്പിച്ചതിനു പിന്നിലും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.

''ഞാൻ തന്നെ നിർമാണക്കമ്പനി ആരംഭിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള സിനിമകൾ നിർമിക്കാനാണ്. അത്തരം കഥാപാത്രത്തിലേക്ക് എന്നെ ഉൾപ്പെടുത്തി സിനിമ ചെയ്യാൻ മറ്റ് നിർമാതാക്കൾ തയ്യാറാകില്ലെന്നാണ് എന്റെ വിശ്വാസം,'' എന്നായിരുന്നു അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിനിടയിൽ മമ്മൂട്ടി പറഞ്ഞത്.

അടിസ്ഥാനപരമായി ഞാനൊരു നടനാണ്. ആ നിലയ്ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാൻ പിന്തുണ ആവശ്യമാണ്. നൂറു തവണ ഒരേപോലെ പ്രകടനം ആവർത്തിക്കാൻ കഴിയില്ല; ഓരോ തവണയും വ്യത്യസ്തമാകണം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്കിടയിൽ തന്നെ ഒരുപാട് കഥാപാത്രങ്ങളുണ്ട്. കേരളത്തിലെ മനുഷ്യർക്കിടയിലും അനവധി കഥാപാത്രങ്ങളുണ്ട്. അവയെല്ലാം തിരശീലയിൽ അവതരിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു.

‘കളങ്കാവൽ’ പോലെയൊരു ചിത്രത്തിലേക്ക് വരുന്നതും അങ്ങനെയാണ്. ഒരു റെട്രോ തമിഴ് പശ്ചാത്തലത്തിലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയെ സ്റ്റാന്റ്‌ലിയിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ കണ്ടത് കഥാപാത്രത്തിന്റെ ആവാഹനം നടത്തി നിൽക്കുന്ന മമ്മൂട്ടിയെയാണ്. ഇത്തരത്തിൽ മമ്മൂട്ടിയല്ലാതെ മറ്റാര് എന്ന ചോദ്യം ജനിപ്പിക്കും വിധമുള്ള ഭാവാഭിനയത്തിന്റെ പ്രകടനപരതയാണ് അദ്ദേഹം നമുക്ക് ഇന്നുവരെ സമ്മാനിച്ചിട്ടുള്ളത്.

മമ്മൂട്ടിയിലെ വില്ലനിസത്തിന്റെ ആവിഷ്കാര സൗന്ദര്യത്തെ എത്രയോ വർഷങ്ങൾക്ക് മുൻപേ മലയാളി അംഗീകരിച്ചതാണ്. ആ വില്ലൻ കഥാപാത്രങ്ങൾക്ക് എല്ലാം തന്നെ പ്രേക്ഷകരുടെ മനസിൽ എന്നും പ്രത്യേക സ്ഥാനവുമുണ്ട്. അദ്ദേഹത്തിന്റെ ഐക്കോണിക് വേഷങ്ങളിൽ പലതും ഗ്രേ ഷേഡിലുള്ളവയാണ്. ഇത്തരത്തിലൊരു കഥാപത്രമായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ ‘വിധേയൻ’ നൽകിയത്. അടിയാളന്മാരുടെ ചെറ്റകളിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറിച്ചെല്ലുന്ന പട്ടേലർ എന്ന ക്രൂരതയുടെ പര്യമായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. കയ്യിലൊരു തോക്കുമായി ക്രൂരമായി പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിയിലെ പട്ടേലർ അരങ്ങിൽ തിളങ്ങി.

പണത്തിന്റെ ഹുങ്കിൽ ഗ്രാമത്തിലാകെ വിലസി നടന്ന 'പാലേരി മാണിക്യ'ത്തിലെ ഹാജി, നാട്യത്തിന്റെയും ചതിയുടെയും പ്രതിരൂപമായി വന്ന 'ഭ്രമയുഗ'ത്തിലെ ചാത്തൻ, തന്റെ പ്രിയപ്പെട്ടവളുടെ മരണത്തിന് കാരണമായ വ്യക്തി മരിച്ചിട്ടും പ്രതികാരമടക്കാതെ വേട്ടയാടൽ തുടർന്നുകൊണ്ടേയിരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ‘റോഷാക്കി’ലെ ‘ലൂക്ക് ആന്റണി’ എന്നിങ്ങനെ പോകുന്നു മമ്മൂട്ടിയുടെ അഭിനയത്തോടുള്ള വ്യാപ്തി.

ടി ഡി രാമകൃഷ്ണന്റെ ' ഫ്രാൻസിസ് ഇട്ടിക്കോര', പി വി ഷാജികുമാറിന്റെ 'മരണവംശം' എന്നിങ്ങനെ ദൃശ്യവത്കരിച്ച് കാണാൻ മലയാളി ആഗ്രഹിക്കുന്ന നോവലുകളിൽ ആരഭിനയിക്കുമെന്ന ചോദ്യത്തിന് 'മമ്മൂട്ടിയല്ലാതെ ആര്' എന്നൊരു മറുചോദ്യം രണ്ട് നോവലുകളുടെയും എഴുത്തുകാർ തന്നെയായിരുന്നു ചോദിച്ചത്. ഒരു അഭിമുഖത്തിനിടയിൽ താൻ ഒരു വികൃതമായ സൈക്കോപാത്ത് കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി മമ്മൂട്ടി പങ്കുവെച്ചപ്പോൾ, അത്തരത്തിലുള്ള വേഷം ആരാധകരെ വിഷമിപ്പിക്കില്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രങ്ങളിൽ പരീക്ഷണം നടത്താനുള്ള മറ്റൊരു ശ്രമം മാത്രമാണിതെന്നായിരുന്നു. അഭിനയ പരീക്ഷണങ്ങളുടെ അടുക്കളയായി സ്വയം പാകപ്പെടുത്തുന്ന മഹാനടന്റെ പ്രകടനങ്ങൾക്കായി ഇനിയും കാത്തിരിക്കുകയാണ് മലയാളി.

English Summary: Mammootty’s passion for acting drives his choice of complex, grey-shaded roles and led to the creation of Mammootty Kampany, allowing him to experiment with unique characters beyond conventional cinema.