ബോളിവുഡിൽ ഇപ്പോഴും കഥയേക്കാൾ പ്രാധാന്യം താരങ്ങൾക്കും അവരുടെ താല്പര്യങ്ങൾക്കുമാണെന്ന് സംവിധായകൻ പ്രിയദർശൻ. ചിത്രത്തിന്റെ ഉള്ളടക്കത്തേക്കാളുപരി അഭിനേതാക്കൾക്ക് ആധിപത്യമുള്ളതിനാൽ സംവിധായകർക്ക് സർഗ്ഗാത്മക സ്വാതന്ത്ര്യം ലഭിക്കുന്നില്ല. സിനിമയിൽ ഗ്ലാമറിനേക്കാൾ പ്രാധാന്യം ഉള്ളടക്കത്തിനാണെന്ന് ബോളിവുഡ് തിരിച്ചറിയണമെന്നാണ് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈയിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ സമൂഹവും വ്യവസായവും വലിയ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുമ്പോഴും ഹിന്ദി ചലച്ചിത്ര മേഖലയിൽ മാത്രം കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നതായി തോന്നുന്നില്ല. ഇന്ത്യയിലാകെ സിനിമകളുമായി പുതിയ തലമുറ വളർന്നു വരുന്നുണ്ട്. മലയാള സിനിമകളിൽ കണ്ട ഏറ്റവും നല്ല കാര്യം, ബഡ്ജറ്റ് ഇല്ലെങ്കിലും ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. യുവ സംവിധായകർ മലയാള സിനിമയിൽ വളരെ രസകരമായ രീതിയിൽ കഥകൾ പറയുന്നു. OTT യിലൂടെ മികച്ച പ്രേക്ഷകരെ തന്നെ അവർക്ക് ലഭിക്കുന്നു. ബോളിവുഡിൽ ഇപ്പോഴും ഇത്തരം മാറ്റങ്ങൾ കണ്ടിട്ടില്ല. പ്രിയദർശൻ പറഞ്ഞു.
സ്വന്തം സിനിമകൾ വീണ്ടും കാണാറില്ല. പക്ഷേ അവയിൽ ഏതെങ്കിലും സിനിമ ടിവിയിൽ സിനിമ കാണുമ്പോൾ, ഇതിനേക്കാൾ മികച്ചതായി ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം ഇന്നും കൂടുതൽ പഠിച്ചുകൊണ്ടിരിക്കുന്ന സംവിധായകനാണ് ഞാൻ. ചലച്ചിത്ര നിർമ്മാണം പഠന പ്രക്രിയയാണ്. സമകാലികരിലും ആരാധന തോന്നിയ ധാരാളം മികച്ച സംവിധായകരുണ്ട്. പക്ഷെ അവരിന്ന് എവിടെയുമില്ല, അതിന്റെ കാരണം സ്വയം നവീകരിക്കാതെയിരുന്നതാണ്. അനലോഗ് കാലഘട്ടത്തിൽ തുടങ്ങി, ഇന്ന് ഇലക്ട്രോണിക്, ഡിജിറ്റൽ കാലഘട്ടത്തിലെത്തി നിൽക്കുന്നവരാണ് ഞങ്ങളിൽ പലരും. ഇവിടെ വരെ എത്താതെ പോയവർ കാലത്തിനനുസരിച്ച് മാറാൻ തയ്യാറാവാതിരുന്നതാണെന്നാണ് മനസിലാക്കുന്നത്. ഞാൻ എപ്പോഴും പുതിയ കാര്യങ്ങൾ തേടുകയായിരുന്നു, അതിലൂടെ കൂടുതൽ മാറാനും കഴിയുമെന്നും പ്രിയദർശൻ വ്യക്തമാക്കി.
അതേസമയം, 14 വർഷങ്ങൾക്കുശേഷം ഹൊറർ കോമഡി ഴോണറിൽ അക്ഷയ് കുമാർ നായകനായെത്തുന്ന 'ഭൂത് ബംഗ്ലാ'യാണ് പ്രിയദർശന്റെ പുറത്തിറങ്ങാനുള്ള ചിത്രം. രേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ഏപ്രിൽ 10-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
English Summary: Priyadarshan criticises Bollywood for prioritising star power over storytelling and urges the industry to learn from Malayalam cinema’s content-driven approach.