മലയാള സിനിമയെ നാഷണൽ ലെവലിൽ അംഗീകരിക്കാൻ തുടങ്ങിയത് മമ്മൂട്ടി സിനിമകൾക്കു ശേഷമാണെന്ന് സംവിധായകൻ പ്രിയദർശൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ മമ്മൂട്ടിക്കിപ്പോൾ പ്രായം 75 ആകുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗ'ത്തിൽ അഭിനയിക്കുമ്പോൾ 73 വയസുണ്ട്. ഒരു നടന് പ്രായം വെല്ലുവിളിയല്ലെന്ന് ആവർത്തിച്ചു പറയുക മാത്രമല്ല കഥാപാത്രങ്ങളുടെ 'വെയ്റ്റ്' കൊണ്ട് തെളിയിക്കുകയും ചെയ്തിട്ടുണ്ട് മമ്മൂട്ടി.
കഥാപാത്രങ്ങളാണ് മമ്മൂട്ടിയെന്ന നടന്റെ കരുത്ത്. കാമ്പുള്ള കഥാപാത്രങ്ങളിൽ മമ്മൂട്ടി ജീവിക്കും. കേവലം പെർഫോം മാത്രം മതിയെങ്കിൽ ആ കഥാപാത്രം മമ്മൂട്ടിയെ 'എക്‌സൈറ്റ്' ചെയ്യിപ്പിക്കാനും സാധ്യതയില്ല. സിനിമകൾ ബോക്‌സ് ഓഫീസിൽ തകർന്നാലും ചിലപ്പോൾ മമ്മൂട്ടി സഹിച്ചെന്നുവരാം. പക്ഷേ, ഏതെങ്കിലും കഥാപാത്രം ആവർത്തിക്കപ്പെട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ ചിലപ്പോൾ മമ്മൂട്ടി സിനിമ തന്നെ നിർത്തിയേക്കാം. കാരണം, ഒരു നടൻ ആവർത്തിക്കപ്പെട്ടാൽ അയാൾ 'നടൻ' അല്ലാതെയാകുമെന്നാണ് മമ്മൂട്ടി പക്ഷം.
ഒരു കഥാപാത്രത്തെ പൂർണമായി അഴിച്ചുമാറ്റി മറ്റൊരു കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശമാണ് അനായാസതയെങ്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഫ്‌ളക്‌സിബിലിറ്റിയുള്ള നടൻ മമ്മൂട്ടിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ആണ് മമ്മൂട്ടിക്ക് 'ഫ്‌ളക്‌സിബിൾ ആക്ടർ' എന്ന ബഹുവിശേഷണം ചാർത്തികൊടുത്തത്.
ഭ്രമയുഗത്തിലെ 'കൊടുമൺ പോറ്റി'യാണ് ഇത്തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിരിക്കുന്നത്. മുൻപ് എപ്പോഴെങ്കിലും നിങ്ങൾ മമ്മൂട്ടിയിൽ കൊടുമൺ പോറ്റിയെ കണ്ടിട്ടുണ്ടോ? അല്ലെങ്കിൽ കൊടുമൺ പോറ്റിയിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കാണാൻ കഴിഞ്ഞിട്ടുണ്ടോ? നോക്കിലും നടപ്പിലും സംസാരത്തിലും ചേഷ്ടകളിലും മമ്മൂട്ടി അക്ഷരാർഥത്തിൽ കൊടുമൺ പോറ്റിയായിരുന്നു. ഭാസ്‌കര പട്ടേലർ, അഹമ്മദ് ഹാജി, സി.കെ.രാഘവൻ തുടങ്ങി മമ്മൂട്ടി പകർന്നാടിയ വില്ലൻ വേഷങ്ങളിലൊന്നും കൊടുമൺ പോറ്റിയില്ല, നേരെ തിരിച്ചും..! ചിരിയിലും സംസാരത്തിലും നോട്ടത്തിലും ശരീരഭാഷയിലും മമ്മൂട്ടിയെ കാണാത്ത വിധം കൊടുമൺ പോറ്റിയിലേക്കുള്ള വേരിറക്കം പ്രേക്ഷകർ അത്ഭുതത്തോടെ നോക്കിയിരുന്നു.
തൂക്കാൻ ബാക്കിയുണ്ടായിരുന്നത് ഈ ദേശീയ പുരസ്‌കാരം കൂടിയായിരുന്നു, ചാത്തൻ അതും തൂക്കി. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഭ്രമയുഗത്തിലെ മമ്മൂട്ടിക്ക് ലഭിച്ചത് ഏതാനും മാസങ്ങൾക്കു മുൻപാണ്. ഇത് മമ്മൂട്ടിയുടെ മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരമാണ്. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്‌കാരം നേടിയ നടൻമാരിൽ സാക്ഷാൽ അമിതാഭ് ബച്ചനൊപ്പം ഒന്നാം സ്ഥാനത്ത്. വന്നകാലം മുതൽ ഇപ്പോൾ 75 ലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ വരെയുള്ള പുരസ്‌കാരങ്ങളുടെ കണക്കെടുക്കുമ്പോൾ മമ്മൂട്ടിയുടെ തന്നെ ഒരു സിനിമയിലെ ഡയലോഗാണ് ഓർമ വരുന്നത്, ' അധികാരകാല പരിധി തീരും വരെ അവൻ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും' മലയാളത്തിന്റെ ഒരേയൊരു മമ്മൂട്ടി...!
Veteran Malayalam actor Mammootty has won his fourth National Film Award for Best Actor for his haunting performance as Kodumon Potti in Bramayugam. The award places him alongside Amitabh Bachchan as the actor with the most Best Actor National Awards in India. At the age of 75, Mammootty continues to redefine acting through his remarkable ability to transform into vastly different characters, reinforcing his reputation as one of Indian cinema's most versatile performers.