മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ കമൽ ഒരുക്കിയ ചിത്രമാണ് 'രാപ്പകൽ'. 2005ൽ ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടാൻ സാധിച്ച ഈ ചിത്രത്തിൽ നയൻതാര, ഗീതു മോഹൻദാസ്, ബാലചന്ദ്ര മേനോൻ, ശാരദ തുടങ്ങി വമ്പൻ താരനിര തന്നെ ഉണ്ടായിരുന്നു. ഒരു വലിയ തറവാട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സരസ്വതിയമ്മ എന്ന വൃദ്ധയ്ക്ക് സഹായമായും, വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുവാനും ആ തറവാട്ടിൽ തന്നെ ഓർമവെച്ച നാൾ മുതൽ കഴിയുന്ന വ്യക്തിയാണ് കൃഷ്ണൻ. അവർ തമ്മിൽ അമ്മയും മകനുമെന്ന പോലെ സ്നേഹവും അടുപ്പവും ഉണ്ട്. സരസ്വതിയമ്മയുടെ കാര്യങ്ങളിൽ ഒരു മുടക്കവും വരുത്താതെ, അവരുടെ കാലത്തെ കാപ്പി മുതൽ, കിടക്കുന്നതിന് മുൻപ് കുടിക്കുന്ന വെള്ളം വരെ കൃഷ്ണൻ ആണ് എടുത്ത് കൊടുക്കുന്നത്. അവരെ അങ്ങേയറ്റം ആത്മാർഥതയോടെയും സ്നേഹത്തോടെയുമാണ് കൃഷ്ണൻ പരിചരിച്ചുപോരുന്നത്
കുറച്ച് കാലം മുൻപ് വരെ കൃഷ്ണൻ, സ്നേഹത്തിന്റേയും ഉത്തരവാദിത്തത്തിന്റെയും നിസ്വാർത്ഥതയുടേയും മാതൃക ആയിരുന്നെങ്കിൽ, ഇന്ന് അതല്ല അവസ്ഥ. ഈയിടെയായി സമൂഹ മാധ്യമങ്ങളിൽ കൃഷ്ണൻ ഒരു ട്രോൾ കഥാപാത്രമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇടപെടുന്നതിന് അടി വാങ്ങുന്ന, പഴഞ്ചൻ ചിന്താഗതിയുള്ള, പരിധികൾ അറിയാത്ത, ഒരു ബോറൻ കഥാപാത്രം. കഴിഞ്ഞ ദിവസം രാപ്പകലിന്റെ വിക്കിപീഡിയ പേജിലെ പ്ലോട്ടിൽ വരെ ട്രോളന്മാർ മാറ്റം വരുത്തിയിരുന്നു. 'വലിയൊരു കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങളിൽ യാതൊരു ആവശ്യവുമില്ലാതെ ഇടങ്കോലിടുന്ന ജോലിക്കാരന്റെ കഥ,' എന്നായിരുന്നു വിക്കിയിൽ ട്രോളന്മാർ വരുത്തിയ മാറ്റം.
സത്യത്തിൽ കൃഷ്ണൻ ആണോ കുഴപ്പക്കാരൻ? നാലോ അഞ്ച് വയസ്സു മുതൽ ആ തറവാട്ടിലും, അതിന് ചുറ്റുമുള്ള സ്ഥലങ്ങളിലും മാത്രം ഒതുങ്ങി കൂടിയ കൃഷ്ണൻ, ഒരു പഴഞ്ചനായി മാറിയതിൽ അദ്ദേഹത്തെ കുറ്റം പറയാനാകുമോ? നല്ല സുഹൃത്തുക്കളോ, വിദ്യാഭ്യാസമോ, ലോകപരിചയമോ, എന്തിന് എഴുത്തും വായനയും വരെ കൃഷ്ണന് അറിയില്ല. അനാവശ്യമായി കറന്റ് പാഴാക്കരുത്, വിരുന്നുകാർക്ക് നല്ല ഭക്ഷണം കൊടുക്കണം, സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം, സാമ്പാറിൽ എന്തൊക്കെ പച്ചക്കറികൾ ചേർക്കണം, അമ്മയ്ക്ക് സമയത്തിന് മരുന്ന് കൊടുക്കണം, അമ്മയ്ക്ക് സമയത്തിന് ആഹാരം കൊടുക്കണം, അമ്മയ്ക്ക് എന്നോട് പിണക്കമുണ്ടോ? എന്നിങ്ങനെയുള്ള കാര്യങ്ങൾക്കാണ് ആ പാവം പ്രാധാന്യം നൽകുന്നത്.
കൃഷ്ണനെ യഥാർത്ഥത്തിൽ ഒരു പഴഞ്ചനും ബോറനുമാക്കി മാറ്റുന്നത് ശാരദ അവതരിപ്പിച്ച സരസ്വതിയമ്മ എന്ന കഥാപാത്രമാണ്. പ്രേക്ഷകർ മാതൃസ്നേഹം എന്ന് വിളിച്ച് ഇത്രകാലം വാഴ്ത്തിയിരുന്നത് ചൂഷണത്തെയാണ്.
ആദ്യം തന്നെ, അനാഥനായ കൃഷ്ണന്റെ അമ്മയോടുള്ള ഭക്തി, സരസ്വതി നന്നായി അസ്വദിക്കുന്നുണ്ട്. 24 മണിക്കൂറും തന്റെ കാര്യങ്ങൾ കൃത്യമായി നോക്കാൻ ഒരാളെ കിട്ടിയാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്. സരസ്വതിയമ്മ എന്ന കഥാപാത്രത്തിന് മൂന്നും നാലും മക്കളുണ്ട് സിനിമയിൽ. അവരൊക്കെ തന്നെ നല്ല ജോലിയും നേടി, സ്വതന്ത്രമായി, വലിയ നിലയിലാണ് ജീവിക്കുന്നത്. എന്നാൽ അവരുടെ അതേ പ്രായമുള്ള, അവരുടെ കൂടെ തന്നെ കളിച്ചു വളർന്ന കൃഷ്ണന് മാത്രം മേൽ പറഞ്ഞ സ്വാതന്ത്ര്യമില്ല. മക്കളൊക്കെ പുറത്തായതുകൊണ്ട് തന്നെ, എല്ലാത്തിനും കയ്യാളായി മകനെ പോലെ ഒരാൾ കൂടെ നിൽക്കുന്നത് സരസ്വതിയമ്മയ്ക്കും ഗുണകരമായി. അതുകൊണ്ട് തന്നെ അയാളെ അവിടെ നിർത്തി പണിയെടുപ്പിച്ചു. അതിര് കവിഞ്ഞ അനുസരണ ശീലം ഒരു തരം അടിമത്തമാണെന്ന് കൃഷ്ണന് പക്ഷെ മനസിലാവുന്നേയില്ല.
സിനിമയുടെ അവസാനം, തറവാട് പൊളിക്കുമെന്നും ജോലി പോകുമെന്നും ഉറപ്പായപ്പോൾ നയൻതാരയുടെ വേലക്കാരി കഥാപാത്രം കൃഷ്ണനോട് ചോദിക്കും, 'കൃഷ്ണേട്ടാ ഇവിടുത്തെ പണിയും താമസവും ഇല്ലാതായാൽ നിങ്ങൾ എവിടെ പോകും' എന്ന്. അപ്പോൾ കൃഷ്ണൻ പറയും, 'മേൽകൂര പൊളിഞ്ഞാലും ആകാശം ഉണ്ടല്ലോ, ആകാശം ആരും പൊളിച്ചോണ്ട് പോകില്ലല്ലോ' എന്ന്. എന്നാൽ അത് വെറുമൊരു ഡയലോഗടി മാത്രമായിരുന്നു. കാരണം സരസ്വതിയമ്മയെ അത്രമേൽ ആശ്രയിച്ചാണ് കൃഷ്ണൻ ജീവിക്കുന്നത്. അവരില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാൻ അവന് കഴിയില്ല. ഈ അമ്മയെ പരിചരിക്കുന്നത് മാത്രമാണ് കൃഷ്ണന്റെ ഒരേയൊരു സ്വപ്നവും ആഗ്രഹവും. സ്വന്തമായി സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകുവാനും അതിന് വേണ്ടി ജീവിക്കാനും മക്കളെ പ്രാപ്തരാക്കേണ്ടവരാണ് മാതാപിതാക്കൾ, പക്ഷെ പാവം കൃഷ്ണന് മാത്രം അതിനുള്ള യോഗം ഉണ്ടായില്ല. ഇത് ഒരു ആരോഗ്യപരമായ അടുപ്പത്തേക്കാളും, വൈകാരിക ആശ്രിതത്വമാണെന്ന് ആർക്കും മനസിലാവും.
ഇന്നും, സരസ്വതി കൃഷ്ണനെ സ്വന്തം മകനേ പോലെയാണ് സ്നേഹിച്ചിരുന്നത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ കൃഷ്ണൻ ആ വീട്ടിൽ വെറും ഒരു വേലക്കാരൻ മാത്രമായിരുന്നു എന്ന് മനസിലാക്കാൻ അയാൾ താമസിച്ചിരുന്ന മുറി മാത്രം കണ്ടാൽ മതി. അത്രയും വല്ല്യ തറവാട്ടിൽ നല്ല ഒരു മുറി അയാൾക്ക് കൊടുക്കാൻ ഈ അമ്മയ്ക്ക് എന്തുകൊണ്ട് പറ്റിയില്ല?. സ്വന്തം മക്കൾ വരുമ്പോൾ അവർ തന്നെ പറയും, 'കൃഷ്ണാ, ആ വടക്കേലെ മുറി, തെക്കേലെ മുറി, പടിഞ്ഞാറ്റിലെ മുറി അടിച്ചു വാരി ഇടു... നീ പക്ഷെ സ്ഥിരം കിടക്കുന്ന ആ ഇടുങ്ങിയ മുറിയിൽ തന്നെ കിടന്നാൽ മതി' എന്ന്.
ഇന്നത്തെ കാലത്താണെങ്കിൽ പൊലീസ് കേസ് ആയി മാറേണ്ട കാര്യമാണ് അടുത്ത പ്രധാനപ്പെട്ട പോയിന്റ്. ആദ്യമായി സ്കൂളിൽ പോയ കൃഷ്ണൻ 'എനിക്ക് അമ്മയേ കാണണം എനിക്ക് അമ്മയേ കാണണം' എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ, സരസ്വതിയമ്മയും ഭർത്താവും ഒന്നിച്ച് തീരുമാനിച്ചു, 'ന്റെ കൃഷ്ണൻ ഇനി സ്കൂളിൽ പോകണ്ട' എന്ന്. എന്നാൽ അവരുടെ സ്വന്തം മക്കളൊക്കെ സ്കൂളിൽ കൃത്യമായി പോകുകയും നല്ല വിദ്യാഭ്യാസം നേടുകയും ചെയ്തു. അതുകൊണ്ട് തന്നെ അവരൊക്കെ വലിയ ഉദ്യേഗസ്ഥരായി. കൃഷ്ണന് മാത്രം അന്നും ഇന്നും നല്ല അവസരങ്ങളോ, നിർദ്ദേശങ്ങളോ, എന്തിന് ശമ്പളം പോലും കൃത്യമായി കൊടുത്തിട്ടില്ല. വിദ്യാഭ്യാസത്തിന് പകരം അന്ന് കുട്ടിയായ കൃഷ്ണൻ നേരിടേണ്ടി വന്നത് ബാലവേലയാണ്. അയാൾ വളർന്നപ്പോൾ അത് അടിമപ്പണിയായി മാറി. ചുരുക്കിപറഞ്ഞാൽ വളർത്തു മകനെ അടിമയായി മാറ്റിയ ഒരു അമ്മയുടെ തങ്കമനസ്സാണ് 'രാപ്പകൽ'.
കൃഷ്ണന്റെ തന്റെ സ്വന്തം ജീവിതം ത്യാഗം ചെയ്ത് അമ്മയെ നോക്കുന്നത് ചിത്രം ഇറങ്ങിയ കാലത്ത് പ്രശംസിക്കപ്പെട്ടിരുന്നു. ഇന്നായിരുന്നെങ്കിൽ കാലങ്ങളായി അയാൾ ആ വലിയ തറവാട്ടിൽ കൂലിയില്ലാതെ ജോലി ചെയ്തതിനെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നേനെ. കുടുംബത്തിലെ മറ്റ് അംഗങ്ങൾ കൃഷ്ണനെ ജോലിക്കാരനായി തന്നെയാണ് കാണുന്നത്. എന്നാൽ മകനാണെന്ന സെന്റിമെൻസ് സരസ്വതിയമ്മയ്ക്ക് ഉള്ളതുകൊണ്ട് മാത്രം കൃഷ്ണന് അയാൾ അർഹിക്കുന്ന ശമ്പളം ലഭിക്കുന്നില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ കൃഷ്ണനെ കളിയാക്കുമ്പോഴും, അവഹേളിക്കുമ്പോഴും, സരസ്വതിയമ്മ ഒരു വാക്ക് പോലും കൃഷ്ണന് വേണ്ടി പറയുന്നില്ല എന്നതാണ്. സ്വന്തം മക്കളെ അവഹേളിച്ചാൽ ഒരമ്മ നോക്കി നിൽക്കുമോ? എന്നാൽ തങ്കമനസിന് അതൊന്നും ഒരു വിഷയമല്ല.
ചുരുക്കത്തിൽ, കൃഷ്ണൻ ബോറനും പഴഞ്ചനും ആയിരുന്നിരിക്കാം, എന്നാൽ അതിന് കാരണക്കാരി അയാളെ അങ്ങനെയാക്കിമാറ്റിയ സരസ്വതിയമ്മയാണ്. ഗുണപാഠം: കുട്ടികൾക്ക് അവരുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുക, പണിയെടുത്താൽ ശമ്പളം വാങ്ങുക
This analysis reexamines the Malayalam film Rappakal, questioning whether Krishnan is truly toxic or a victim of emotional dependency and unpaid labor. The article explores Mammootty's portrayal of Krishnan, Sharada's Saraswathiyamma, emotional exploitation, class hierarchy, and the film's changing interpretation from a modern social perspective.