Entertainment Special

എസ്‌പിബി എന്ന സംഗീതത്രയക്ഷരി

ഒരു കലാകാരന്‍ അനശ്വരനാകുന്നത് പ്രതിഭ കൊണ്ടുമാത്രമല്ല, സ്വഭാവം കൊണ്ടുകൂടിയാണ്, വേദികളിലെ പ്രസാദാത്മകമായ സാന്നിദ്ധ്യം കൊണ്ടുകൂടിയാണ്.

സി എസ് മീനാക്ഷി

കാലം കഥകളെഴുതി

ജലം ഒഴുകീ നദിയിലെത്രയോ....

വിടര്‍ത്തിയിന്നൊരു

വര്‍ണ്ണമെന്നോര്‍മ്മയില്‍

ദീപം കൊളുത്തിയാരോ

അതു നീയായിരുന്നോ...

(ശ്രീകുമാരന്‍ തമ്പി, ശ്യാം, എസ് പി ബി)

എസ് പി ബി എന്ന മഹാഗായകന്‍ നമ്മെ വിട്ടുപോയിട്ട് ആറു വര്‍ഷമായി. എന്നാല്‍ ആസ്വാദകരുടെ മനസ്സില്‍ തെല്ലും പ്രഭ മങ്ങാതെ അദ്ദേഹം വിളങ്ങിനില്‍ക്കുന്നുണ്ട്. പാടിവച്ച പാട്ടുകള്‍ എല്ലാവരും പിന്നെയും പിന്നെയും പാടുന്നുണ്ട്. ഓര്‍ക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളില്‍ വീഡിയോ ആയി, റീലുകളായി, അഭിമുഖസംഭാഷണങ്ങളായി, സ്റ്റേജ് പരിപാടികളായി അദ്ദേഹം നമ്മുടെയിടയില്‍ത്തന്നെയുണ്ട്. ഒരു കലാകാരന്‍ അനശ്വരനാകുന്നത് പ്രതിഭ കൊണ്ടുമാത്രമല്ല, സ്വഭാവം കൊണ്ടുകൂടിയാണ്, വേദികളിലെ പ്രസാദാത്മകമായ സാന്നിദ്ധ്യം കൊണ്ടുകൂടിയാണ്. എസ് പി ബിയെ കുറിച്ചുള്ള കുറിപ്പുകളെല്ലാം വൈയക്തികമായിപ്പോകുന്നത് ആ വ്യക്തിത്വത്തിന്റെ മഹിമ കൊണ്ടുകൂടിയാണ്.

എന്റെ തലമുറയില്‍പ്പെട്ടവരുടെ ജീവിതത്തിന്റെ ഒരു ആധാരശ്രുതി തന്നെയായിരുന്നു എസ് പി ബി സംഗീതം. ക്യാമ്പസ് കാലത്താണ് ഇളമൈ ഊഞ്ചല്‍ ആടുകിറത്, ഏക് ദൂജേ കേലിയേ തുടങ്ങിയ റൊമാന്റിക് ചിത്രങ്ങളും അവയിലെ എസ് പി ബി പാട്ടുകളുമിറങ്ങുന്നത്. 'ഒരേ നാള്‍ ഉനൈ നാന്‍ നിലാവില്‍ പാര്‍ത്തത്...' എന്ന് അദ്ദേഹം പാടിയപ്പോള്‍ കൗമാരപ്രണയിനികളുടെ ഹൃദയങ്ങള്‍ മഴൈ നീ നിലം നാന്‍ എന്ന് ഊഞ്ഞാലാടി. 'ഹം ബനേ തും ബനേ ഏക് ദൂജേ കേലിയേ', തേരേ മേരെ ബീച്ച് മേ ഐസാ ഹേ യേ ബന്ധന്‍' എന്നിവ ദേശമെമ്പാടുമുള്ള കാമ്പസ് ഗീതങ്ങളായി മാറാന്‍ അധികം സമയമെടുത്തില്ല.

മലയാളത്തില്‍ അദ്ദേഹം പാടിയ സിനിമാഗാനങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ഗുണത്തില്‍ മികച്ചവയാണ്. ദേവരാജന്റെ സംഗീതത്തില്‍ ആദ്യം പാടിയ 'ഈ കടലും മറുകടലും' ആണെങ്കിലും ഇളയരാജയുടെ ഈണത്തില്‍ 'താരാപഥം ചേതോഹരം' ആയാലും മലയാളികള്‍ നെഞ്ചേറ്റി പാടിനടന്നു. എന്നാല്‍ അദ്ദേഹം പാടിയ തമിഴ്ഗാനങ്ങളാണ് മലയാളികള്‍ക്കിടയിലും ഒരു പാട് പ്രിയവും പ്രസിദ്ധിയും നേടിയെടുത്തത്.

എസ് പി ബിയുടെ നിരവധിയായ നിലാപ്പാട്ടുകള്‍ തുടങ്ങുന്നത് അദ്ദേഹം ഏറ്റവുമാദ്യം സിനിമയ്ക്ക് വേണ്ടി ആലപിച്ച 'ആയിരം നിലവേ വാ' എന്ന ഗാനത്തോടുകൂടിയാണ്. പിന്നീട് ഇളനിലാ പൊഴുകിറത് ഇദയം വരെ നനൈകിറത്', 'നിലാവേ വാ', 'ഇത് ഒരു പൊന്മാലൈ പൊഴുത്', 'വണ്ണം കൊണ്ട വെണ്ണിലവേ' എന്നിങ്ങനെ ജനപ്രിയങ്ങളായി മാറിയ എത്രയെത്ര നിലാഗാനങ്ങള്‍!

ശാസ്ത്രീയസംഗീതം പഠിക്കാത്ത എസ് പി ബി ശങ്കരാഭരണത്തിനു വേണ്ടി പാടിയ പാട്ടുകള്‍ സാധാരണക്കാരെ അതിലേക്കടുപ്പിച്ചു. അതിലെ 'ഓംകാരനാദാനു', ശങ്കരാ, നാദശരീരാ, പരാ' 'സാമജവരഗമനാ', 'ദൊരഗുണാ', 'രാഗം താനം പല്ലവി' തുടങ്ങീ ഏതാണ്ടെല്ലാ പാട്ടുകളും ശാസ്ത്രീയസംഗീതം അറിയാത്തവര്‍ പോലും ആസ്വദിക്കുകയും പാടിനടക്കുകയും ചെയ്തു. മാര്‍ഗ്ഗി/ദേശി സംഗീതാഭ്യസന, ആലാപനരീതികള്‍ വെള്ളം കടക്കാത്ത അറകളല്ല എന്നും ശാസ്ത്രീയസമ്പ്രദായത്തിന്റെ ചിട്ടകളോ ചട്ടക്കൂടുകളോ സാധാരണക്കാര്‍ക്ക് എത്തിപ്പിടിയ്ക്കാനാവാത്ത എന്തോ ഒന്നല്ലെന്നും നമ്മെ ബോദ്ധ്യപ്പെടുത്തിയ പാട്ടുകളായിരുന്നു ശങ്കരാഭരണത്തിലേത്. അതിന് എസ് പി ബി യുടെ ജനപ്രിയതയും വേദികളിലെ അയഞ്ഞ ഇടപെടലുകളും 'ഞങ്ങളിലൊരാള്‍' എന്ന പ്രതിച്ഛായയും വളരെയേറെ സഹായിച്ചിട്ടുണ്ട്.

ആറു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്‌കാരം ലഭിച്ച എസ് പി ബി മിയ്ക്കപ്പോഴും അര്‍ദ്ധശാസ്ത്രീയഗാനങ്ങള്‍ക്കാണ് അവ നേടിയത് എന്നത് ശ്രദ്ധേയമാണ്. ശങ്കരാഭരണത്തിലെ പാട്ടുകള്‍ സാങ്കേതികമായി പൂര്‍ണ്ണമല്ലായിരിക്കാം, എന്നാല്‍ ഞാനവയ്ക്ക് എന്റെ ആത്മാവ് കൊടുത്താണ് പാടിയത് എന്ന് എസ് പി ബി സംഭാഷണങ്ങളില്‍ പറയാറുണ്ട്. ഒരു ഹരികഥാകാലക്ഷേപകനായിരുന്ന അച്ഛനില്‍ നിന്നും സിദ്ധിച്ചതായിരിക്കണം അദ്ദേഹത്തിന് പെര്‍ഫോമന്‍സിനുള്ള കഴിവ്. 'രാമന്‍ കഥൈ കേളുങ്കള്‍' (സിപ്പിക്കുള്‍ മുത്ത്) എന്ന പാട്ട് ഹരികഥാ കാലക്ഷേപത്തിന്റെ ശൈലിയില്‍ ചെയ്തിട്ടുള്ള ഒരു സംഗീതശകലമാണ്. വളരെ ഭാവ(നാ)പൂര്‍ണ്ണമായിട്ടാണ് എസ് പി ബി അത് അവതരിപ്പിച്ചിരിക്കുന്നത്.

ഇളയരാജയുടെ പ്രതാപകാലത്തിറങ്ങിയ ഒരുപാട് ഗാനങ്ങള്‍ എസ് പി ബി പാടിയവയാണ്. അവ ഒട്ടുമിയ്ക്കവയും ഹിറ്റാവുകയും ചെയ്തു. 'മാങ്കുയിലേ തേങ്കുയിലേ', മാടത്തിലെ കന്നിമാടത്തിലെ, സുന്ദരി കണ്ണാലൊരു സെയ്തി, സിപ്പിയിരുക്ക്ത് മുത്തുമിരുക്ക്ത് തുടങ്ങീ എത്രയെത്ര പാട്ടുകള്‍!

റഹ്മാന്റെ വരവ് തൊണ്ണൂറുകളെ കൂടുതല്‍ പ്രഭാമയമാക്കി. 1992ല്‍ റോജ വിരിഞ്ഞു. അതിന്റെ ഗാനസുഗന്ധം ലോകം മുഴുവനും പരന്നു. അത് ഇന്നും നിലനില്‍ക്കുന്നു. കാതല്‍ റോജാവേ എന്ന പ്രണയാര്‍ദ്രമായ ഒരു പാട്ടും രുക് മണിയേ എന്ന കാമവിവശമായ ഒരു പാട്ടും എസ് പി ബി ഇതില്‍ പാടിയിട്ടുണ്ട്. റോജയുടെ ഹിന്ദി പതിപ്പില്‍ 'യേഹ് ഹസീന്‍ വാദിയാന്‍' എന്ന പാട്ട് ചിത്രയുമൊത്ത്, മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വതനിരകള്‍ക്കു നടുവിലുള്ള ആ പാട്ടിന്റെ ദൃശ്യങ്ങളുമായി ഇണങ്ങി കുളിരു കോരും വിധമാണ് എസ് പി ബി പാടിയിട്ടുള്ളത്. വേറെ വേറെ ശൈലികളില്‍ ഇളയരാജയുടെയും റഹ്മാന്റെയും സംഗീതസഞ്ചാരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ എസ് പി ബി രണ്ടു പേരുടേയും ഹൃദയഗായകനായി. എന്‍ വീട്ടു തോട്ടത്തില്‍ എന്ന കേദാരരാഗ പ്രണയഗാനം, ധര്‍മ്മവതി രാഗത്തിലുള്ള ഒട്ടകത്തെ കട്ടിക്കോ എന്ന താളം ത്രസിക്കുന്ന ഗാനം എന്നിവ ജന്റില്‍മാന്‍ എന്ന സിനിമയില്‍ റഹ്മാന് വേണ്ടി പാടിയപ്പോള്‍ നാന്‍ ആട്ടോക്കാരന്‍, സ്‌റ്റൈലു സ്‌റ്റൈലു താന്‍ എന്നീ പാട്ടുകള്‍ ബാഷ എന്നചിത്രത്തില്‍ ദേവയ്ക്കു വേണ്ടി പാടി അദ്ദേഹം. ആയിടയ്ക്ക് എസ് പി ബി അഭിനയിക്കുകയും നര്‍ത്തനം ചെയ്യുകയും പാടുകയും ചെയ്ത കാതലന്‍ എന്ന പടമിറങ്ങി.

കാതലിക്കും പെണ്ണിന്‍ എന്ന എസ് പി ബി പാട്ടും ഡാന്‍സും നമ്മില്‍ ചിരിയും അത്ഭുതവുമുണര്‍ത്തും. അഴകാന രാചസിയേ,തങ്കത്താമരമകളെ എന്നീ ഹിറ്റുകളും റഹ്മാന്റെ സംവിധാനത്തില്‍ പാടി. റഹ്മാന്റെ സൃഷ്ടിയില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ഗാനമായിരുന്നു തെന്നാലിയിലെ സ്വാസമേ, സ്വാസമേ. സംഗീതം, വരികള്‍, ചിത്രീകരണം, എസ് പി ബിയുടെയും സാധനാസര്‍ഗ്ഗത്തിന്റെയും മികച്ച ആലാപനം എന്നിവ കൊണ്ട് യുവാക്കളുടെ ശ്വാസം തന്നെയായി മാറിയ പാട്ടായിരുന്നു അത്. അതിനിടയ്ക്കാണ് തമിഴ് സിനിമയിലെ ഏറ്റവും മനോഹരമായ പ്രണയഗാനം എന്നുവിളിക്കാവുന്ന ' മലരേ മൌനമാ' എന്ന ഗാനം വിദ്യാസാഗറിനു വേണ്ടി പാടുന്നത്. ഒരുപാട് പാട്ടൊന്നും വേണ്ട, വര്‍ഷത്തിലിത്തരം ഒരേയൊരു പാട്ട് പാടാന്‍ പറ്റിയാല്‍ മതി എന്നാണ് ഈ പാട്ടിനെപ്പറ്റി എസ് പി ബി പറഞ്ഞത്.

1997 ലോ 98 ലോ ആണ് അദ്ദേഹത്തിന്റെ ഗാനമേള നേരിട്ട് കേള്‍ക്കാനായത്, കോഴിക്കോട് സാമൂതിരി സ്‌കൂള്‍ മൈതാനത്തില്‍ ആയിരക്കണക്കിന് സംഗീതപ്രേമികളിലൊരാളായി. അന്ന് 'അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ' പാടിക്കൊണ്ടാണ് തുടങ്ങിയത് എന്നോര്‍ക്കുന്നു. 'എന്‍ കാതലേ എന്‍ കാതലേ എന്ന സൊല്ല പോകിറായ് '(ഡ്യുവറ്റ്, 1994, എ ആര്‍ റഹ്മാന്‍) എന്തൊരു വൈകാരികതയോടെയാണ് അന്നദ്ദേഹം പാടിയത്!

കാലമെത്ര കടന്നുപോയാലും സംഗീതാസ്വാദകരുടെ ഹൃദയാകാശങ്ങളില്‍ എസ് പി ബിയുടെ സംഗീതം നിലാവ് പൊഴിച്ചുകൊണ്ടിരിക്കും.

Six years after the passing of legendary singer S. P. Balasubrahmanyam (SPB), his presence continues to remain strong in the hearts of music lovers. The songs he recorded are still sung, remembered and celebrated across generations. Through social media videos, reels, interviews and stage performances, SPB continues to remain a familiar presence among audiences. His lasting legacy is attributed not only to his extraordinary musical talent but also to his warmth, humility and captivating stage presence. Writings about SPB often become deeply personal, reflecting the enduring impact of his remarkable personality and artistic legacy.