Entertainment Special

‘Soulmates – ഒരു സാത്തുക്കുടി പ്രണയം’; ദൈവം പോലും കരഞ്ഞുപോവൂടോ... - REVIEW

പ്രണയബന്ധങ്ങളുടെ സങ്കീർണതകളിലേക്ക് എത്തിനോക്കുന്ന ഈ ചിത്രം കണ്ടാൽ ദൈവം പോലും കരഞ്ഞുപോകും.

anusha Andrews

ജീവിതം വളരെ ‘അൺഫെയർ’ ആണെന്ന് തോന്നുന്നവർ കണ്ടിരിക്കേണ്ട ഒരു ലവ് സൈക്കോളജിക്കൽ ത്രില്ലറാണ് ‘Soulmates – ഒരു സാത്തുക്കുടി പ്രണയം’. ആരാണ് യഥാർഥത്തിൽ സോൾമേറ്റ്സ്? ആരെയാണ് നമ്മൾ സോൾമേറ്റ്സ് എന്ന് കരുതുന്നത്? എന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിക്കൊണ്ട് അവസാനിക്കുന്ന ഈ ഷോർട്ട് ഫിലിം, പ്രണയത്തിന്റെ കെണികളും അതിൽ അകപ്പെട്ടുപോകുന്ന മനുഷ്യരുടെ മനഃശാസ്ത്രവുമാണ് പറയുന്നത്. പ്രണയബന്ധങ്ങളുടെ സങ്കീർണതകളിലേക്ക് എത്തിനോക്കുന്ന ഈ ചിത്രം കണ്ടാൽ ദൈവം പോലും കരഞ്ഞുപോകും.

ജോയൽ ഡേവിസ് സംവിധാനം ചെയ്ത് ജസ്റ്റിൻ ഡേവിസ് നിർമിച്ച ‘Soulmates – ഒരു സാത്തുക്കുടി പ്രണയം’ മൊറേലി പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിമാണ്. നന്ദൻ വെങ്കിടങ്ങും സായൂജ്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും: രോഹിത് മൊറേലി, സംഗീതം: ആൽബിൻ അങ്കമാലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു സദാശിവൻ, സൗണ്ട് ഡിസൈനും ഫൈനൽ മിക്സിങ്ങും: ജോസ്വിൻ മൂക്കന്നൂർ.

സിനിമാമോഹവുമായി ഒറ്റപ്പാലത്തുനിന്ന് കൊച്ചിയിലേക്ക് വണ്ടികയറിയ ചെറുപ്പക്കാരനാണ് ചിത്രത്തിലെ നായകൻ കാർത്തിക്. വർഷങ്ങൾ പിന്നിട്ടിട്ടും സ്വപ്നങ്ങളിലേക്കെത്താനാകാതെ കൊച്ചിയിൽ ഫുഡ് ഡെലിവറി ബോയിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ് അയാൾ. അതേസമയം, മുൻ കാമുകനുമായുള്ള വേർപാടിന്റെ വേദനയിൽ വിഷാദത്തിലായ നായിക നടാഷ, ഹോമിയോ മരുന്നുകളെ ആശ്രയിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഒറ്റപ്പെടലിന്റെ വേദനയിൽ പുകവലിക്ക് അടിമപ്പെട്ടുകഴിഞ്ഞ അവളുടെ ജീവിതത്തിലേക്കാണ് വർഷങ്ങൾക്കുശേഷം പഴയ കാമുകൻ വീണ്ടും കടന്നുവരുന്നത്.

എന്നാൽ, ‘ടോക്സൺ’ എന്ന പേരുള്ള തന്റെ നിലവിലെ കാമുകനിൽനിന്ന് കടുത്ത ടോക്സിസിറ്റിയാണ് നടാഷ അനുഭവിക്കുന്നത്. അതേസമയം, നടാഷയുടെ സഹോദരൻ നടേഷൻ വിദേശത്തായതിനാൽ അവൾ ഏറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് നടാഷയുടെ അടുത്തേക്ക് കൊത്തുപൊറോട്ട ഡെലിവറി ചെയ്യാനായി കാർത്തിക് എത്തുന്നത്.

കേരളത്തിൽ ‘നടാഷ’ എന്ന പേര് അപൂർവമായതിനാൽ, താൻ ഡെലിവർ ചെയ്യാൻ പോകുന്നത് മുൻ കാമുകിയുടെ വീട്ടിലേക്കാണെന്ന് കാർത്തിക് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ഏറെക്കാലത്തിനുശേഷമുള്ള ആ കൂടിക്കാഴ്ചയിൽ ഇരുവരും പഴയ ഓർമകളിലേക്ക് മടങ്ങുന്നു. സാധാരണ മുൻകാമുകി-കാമുകന്മാരുടെ ഏറ്റുമുട്ടലുകളിൽനിന്ന് വ്യത്യസ്തമായി, പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം “നീ ഓക്കെയല്ലേടോ?” എന്ന് ചോദിക്കുന്ന രണ്ട് പേരെയാണ് ജോയൽ ഡേവിസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

‘സാത്തുക്കുടി’ എന്ന പാനീയവും ചിത്രത്തിലെ ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്. സാത്തുക്കുടി കുടിച്ചുകൊണ്ടാണ് ഇരുവരും പരസ്പരം ഇഷ്ടപ്പെടാൻ തുടങ്ങുന്നത്. എന്നാൽ സാത്തുക്കുടിയുടെ ഓർഡർ എടുക്കാനെത്തുന്ന വെയ്റ്ററുടെ അഭിനയം ചിത്രത്തിന് തിരിച്ചടിയാകുന്നുണ്ട്. സ്വാഭാവികത ഒട്ടുമില്ലാത്ത പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ കഥയിൽനിന്ന് വഴിതിരിച്ചുവിടുന്ന തരത്തിലാണ് അനുഭവപ്പെടുന്നത്. രംഗത്തിന്റെ ഒഴുക്കിനെയും അത് ബാധിക്കുന്നുണ്ട്. "കണ്ണിൽ പായസം ഒഴിച്ച് കാത്തിരുന്ന ഷോർട്ട് ഫിലിം", "ആ കഫെയിലെ പുള്ളി ആണ് ഇതിന്റെ പ്രൊഡ്യൂസർ എന്ന് തോന്നുന്നു. നല്ല ആർട്ടിഫിഷ്യൽ അഭിനയം", തുടങ്ങിയ പ്രേക്ഷകപ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

തന്റെ കാമുകന്റെ ടോക്സിക് പെരുമാറ്റങ്ങളോട് ‘നോ’ പറയാൻ പഠിക്കുന്ന നടാഷയുടെ മാറ്റമാണ് ചിത്രത്തിന്റെ ആകെത്തുക. തകർന്നുപോയ ഇടങ്ങളിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ കാർത്തിക് അവൾക്ക് കൈത്താങ്ങാകുന്നു. നഷ്ടപ്പെട്ട ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ഊർജവും പകരുന്നു. എന്നാൽ പ്രണയത്തിന്റെയും തിരിച്ചുവരവിന്റെയും ഈ യാത്ര പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിയിലൂടെയല്ല അവസാനിക്കുന്നത്. കഥയെ മറ്റൊരു തലത്തിലേക്ക് തിരിക്കുന്ന വമ്പൻ ട്വിസ്റ്റോടെയാണ് ചിത്രം അവസാനിക്കുന്നത്.

ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങൾ, തൊട്ടടുത്ത തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ബെത്ലഹേം കുടുംബയൂണിറ്റ്’ എന്ന സിനിമയിൽ കാണാമെന്ന സംവിധായകന്റെ ആശംസയോടെയാണ് ‘Soulmates’ അവസാനിക്കുന്നത്. പ്രണയത്തിന്റെ പല നിറങ്ങളും ബന്ധങ്ങളുടെ സങ്കീർണതകളും പറയുന്ന ‘Soulmates – ഒരു സാത്തുക്കുടി പ്രണയം’ കണ്ടറിയേണ്ട ഒരു ഷോർട്ട് ഫിലിം തന്നെയാണ്.

‘Soulmates – Oru Sathukkudi Pranayam’ is a Malayalam short film that blends romance and psychological thriller elements. Directed by Joel Davis, the film follows former lovers Karthik and Natasha as they reconnect unexpectedly. Exploring toxic relationships, loneliness, healing and emotional transformation, the film builds toward an unexpected twist that reshapes their story.