Entertainment Special

വെഞ്ഞാറമൂട്ടിലെ മിമിക്രിക്കാരനിൽ നിന്ന് തമിഴകത്തെ അടക്കിവാഴാൻ നിൽക്കുന്ന സുരാജിന്റെ കഥ

മിമിക്രി വേദികളിൽ നിന്ന് ദേശീയ പുരസ്കാരത്തിലേക്ക്; മലയാളത്തിന് പിന്നാലെ തമിഴിലും വ്യത്യസ്ത വേഷങ്ങളിലൂടെ ഇടം നേടുന്ന സുരാജ് വെഞ്ഞാറമൂടിന്റെ വളർച്ച

Aravind Joshi S

‘വെഞ്ഞാറമൂട്’ എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുന്ന മുഖങ്ങളിലൊന്നാണ് സുരാജ് വെഞ്ഞാറമൂടിന്റേത്. വർഷങ്ങളോളം തിരുവനന്തപുരം ഭാഷയുടെ തനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുരാജ്, പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു നോട്ടം കൊണ്ടുപോലും പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന നടനായി മാറി.

ഹാസ്യനടൻ എന്ന ഇമേജിനപ്പുറം ശക്തമായ അഭിനയശേഷിയുള്ള താരമായി സ്വയം അടയാളപ്പെടുത്തിയ സുരാജ് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളിലൂടെ മലയാള സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോഴിതാ മലയാളത്തിന്റെ അതിരുകൾ കടന്ന് തമിഴ് സിനിമയിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറുകയാണ്. ഹാസ്യത്തിൽ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കും, മലയാളത്തിൽ നിന്ന് തമിഴിലേക്കുമുള്ള സുരാജിന്റെ ഈ യാത്ര, ഇന്ത്യൻ സിനിമയിൽ തന്റെ ഇടം കൂടുതൽ വിപുലമാക്കുന്ന ഒരു നടന്റെ പരിണാമം കൂടിയാണ്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ഗ്രാമത്തിൽ വാസുദേവൻ നായരുടെയും വിലാസിനിയുടെയും മകനായാണ് സുരാജ് വെഞ്ഞാറമൂടിന്റെ ജനനം. പഠനകാലം മുതൽ തന്നെ കലയോട്, പ്രത്യേകിച്ച് മിമിക്രിയോട്, വലിയ താൽപര്യം അയാൾ പുലർത്തിയിരുന്നു. ഉത്സവപ്പറമ്പുകളിലെ മിമിക്രി വേദികളിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള സുരാജിന്റെ ആദ്യ ചുവടുവെപ്പ്. അനുകരണകലയ്ക്ക് സ്വന്തമായൊരു ശൈലി കണ്ടെത്തിയ സുരാജ്, തിരുവനന്തപുരം ഭാഷാശൈലിയെ തന്റെ പ്രകടനങ്ങളുടെ പ്രധാന സവിശേഷതയാക്കി മാറ്റി. വേദികളിൽ നിന്ന് വേദികളിലേക്ക് ജനപ്രീതി വളർന്നതോടെ ടെലിവിഷനിലേക്കും അവസരങ്ങൾ ലഭിച്ചു. കൈരളി ടിവിയിലെ ‘ജഗപുക’ എന്ന പരിപാടിയിലൂടെയാണ് സുരാജ് ടെലിവിഷൻ പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാകുന്നത്.

‘ദോസ്ത്’ എന്ന ചിത്രത്തിലൂടെ 2001-ലാണ് സുരാജ് വെഞ്ഞാറമൂട് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കത്തിൽ ചെറിയ വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. എന്നാൽ മമ്മൂട്ടി നായകനായ ‘രാജമാണിക്യം’ സുരാജിന്റെ കരിയറിലെ നിർണായക വഴിത്തിരിവായി മാറി. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ‘ബെല്ലാരി രാജ ‘ എന്ന കഥാപാത്രത്തിന് തിരുവനന്തപുരം ഭാഷാശൈലി പകർന്നുനൽകുന്നതിൽ സുരാജിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ സുരാജും എത്തിയെങ്കിലും എഡിറ്റിംഗ് ടേബിളിൽ അത് ഒഴിവാക്കുകയായിരുന്നു. എന്നാൽ ‘രാജമാണിക്യം’ നേടിയ വമ്പൻ വിജയം സുരാജിന് സിനിമയിൽ കൂടുതൽ അവസരങ്ങളുടെ വാതിൽ തുറന്നു.

മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ സംസാരിക്കാൻ സഹായിച്ച അതേ മിടുക്ക് പിന്നീട് സുരാജിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നായി മാറി. പിന്നാലെ മലയാള സിനിമയിലെ ഹാസ്യകഥാപാത്രങ്ങളിൽ സുരാജിന്റെ സാന്നിധ്യം സ്ഥിരമായി. ഒരു ഘട്ടത്തിൽ സുരാജില്ലാത്ത കോമഡി സിനിമകൾ തന്നെ വിരളമാകുന്ന തരത്തിലേക്ക് താരത്തിന്റെ ജനപ്രീതി വളർന്നു. ‘ചട്ടമ്പിനാട്’ലെ ദശമൂലം ദാമുവും ‘പോക്കിരിരാജ’യിലെ ഇടിവെട്ട് സുഗുണനുമെല്ലാം തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ കഥാപാത്രങ്ങളായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഈ കഥാപാത്രങ്ങൾ ഇന്നും കേരളത്തിലെ ട്രോൾ പേജുകളിൽ നിറഞ്ഞുനിൽക്കുന്നു എന്നത് സുരാജിന്റെ ഹാസ്യകഥാപാത്രങ്ങൾ എത്രത്തോളം ജനപ്രിയമായിരുന്നുവെന്നതിന് തെളിവാണ്.

എന്നാൽ സുരാജിന് കോമഡി കഥാപാത്രങ്ങൾ മാത്രമേ ചെയ്യാനാകൂ എന്ന് കരുതിയിരുന്നവർക്ക് മുന്നിൽ 2014-ൽ എത്തിയ വാർത്ത മലയാള സിനിമയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഡോ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം! വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ചിരുന്ന ഒരു ഹാസ്യനടൻ ദേശീയ പുരസ്കാര വേദിയിലെത്തിയത് പലർക്കും ആദ്യം വിശ്വസിക്കാൻ തന്നെ കുറച്ച് സമയമെടുത്തു.

എന്നാൽ സുരാജിന്റെ അഭിനയശേഷി അവിടെ അവസാനിച്ചില്ല. 2016-ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’വിലെ പവിത്രൻ എന്ന കഥാപാത്രത്തോടെ പ്രേക്ഷകർക്ക് സുരാജിനെക്കുറിച്ചുള്ള ധാരണ തന്നെ മാറി. പ്രത്യേകിച്ച് പോലീസ് സ്റ്റേഷനിലെ ആ രംഗം. തൊണ്ടയിടറിയുള്ള സുരാജിന്റെ പ്രകടനം കണ്ട് മലയാളികളുടെ കണ്ണുകൾ നിറഞ്ഞു. വലിയ സംഭാഷണങ്ങളോ അമിതമായ അഭിനയമോ ഇല്ലാതെ, ഒരു നോട്ടത്തിലും ശബ്ദത്തിലെ ചെറിയ ഇടർച്ചയിലും കഥാപാത്രത്തിന്റെ വേദന പ്രേക്ഷകരിലേക്ക് എത്തിക്കാൻ സുരാജിന് കഴിഞ്ഞു. ഇത്രയും കാലം നമ്മളെ ചിരിപ്പിച്ച അതേ നടന്റെ ഉള്ളിൽ, സങ്കീർണമായ കഥാപാത്രങ്ങളെ പോലും സ്വാഭാവികമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരു അസാധാരണ നടനുണ്ടെന്ന് സിനിമ തെളിയിക്കുകയായിരുന്നു.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ പ്രസാദ് മുതൽ 2019-ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ലെ ഭാസ്കരൻ പൊതുവാൾ വരെ, സുരാജിന്റെ കഥാപാത്രങ്ങൾ ഓരോന്നും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരുന്നു. ‘വികൃതി’യിലെ എൽദോയും ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’, ‘ജന ഗണ മന’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുമെല്ലാം സുരാജിന്റെ അഭിനയപരിധി കൂടുതൽ വിപുലമാക്കി.

ഹാസ്യത്തിന്റെ അതിരുകൾക്കപ്പുറം, കഥാപാത്രത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് ഓരോ വേഷത്തിനും വ്യത്യസ്തമായ ഭാവം നൽകാൻ സുരാജിന് കഴിഞ്ഞു. അതോടെ മലയാള സിനിമയിൽ വെറുമൊരു കോമഡി നടൻ എന്നതിൽ നിന്ന്, ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്റെതായ രീതിയിൽ പകർന്നാടാൻ കഴിയുന്ന നടനെന്ന നിലയിലേക്ക് സുരാജ് വളർന്നു.

ഒരു കാലത്ത് നായകന്റെ സുഹൃത്തോ സഹതാരമോ ആയി മാത്രം ഒതുങ്ങിയിരുന്ന സുരാജ്, പിന്നീട് സിനിമയെ തന്നെ മുന്നോട്ട് നയിക്കുന്ന നായകനായി മാറി. മലയാളത്തിലെ അതിരുകൾക്കപ്പുറം തമിഴ് സിനിമയിലും തന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ഇപ്പോൾ താരം. കെൻ കരുണാസ് നായകനായി 2026-ൽ പുറത്തിറങ്ങിയ ‘യൂത്ത്’ ആണ് തമിഴിൽ സുരാജിന്റെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്. പിന്നാലെ ധനുഷ് നായകനായ ‘കര’യിലും വ്യത്യസ്തമായ വേഷത്തിലെത്തി സുരാജ് ശ്രദ്ധ നേടി. ‘പോർ തൊഴിൽ’ ഫെയിം വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തിൽ ഡിഎസ്പി എം ഭരതൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് എത്തുന്നത്. ശക്തമായ വില്ലൻ വേഷത്തിൽ താരത്തിന്റെ പ്രകടനം ചിത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളിലൊന്നായി മാറി. ഇതിന് പുറമെ ചിയാൻ വിക്രം നായകനാകുന്ന ‘വീര ധീര ശൂരൻ’ എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രവും താരത്തിന്റെ തമിഴ് സിനിമാ യാത്രയിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണ്.

തമിഴ് സിനിമയിൽ കൂടുതൽ ഗൗരവമുള്ളതും അഭിനയത്തിന് പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളാണ് സുരാജ് തിരഞ്ഞെടുക്കുന്നത്. മലയാളത്തിൽ ഹാസ്യനടനെന്ന പേരിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ഏറെ ദൂരം പിന്നിട്ട സുരാജ്, ഇപ്പോൾ തമിഴിലും കഥാപാത്രങ്ങളുടെ വൈവിധ്യത്തിലൂടെ ശ്രദ്ധ നേടുകയാണ്. വരാനിരിക്കുന്ന ‘ജെയ്ലർ 2’ൽ ദിലീപ് എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനത്തിനായി തെന്നിന്ത്യൻ സിനിമാലോകവും കാത്തിരിക്കുകയാണ്. ഉത്സവപ്പറമ്പുകളിലെ മിമിക്രി വേദികളിൽ നിന്ന് ഇന്ത്യൻ സിനിമയുടെ വലിയ വേദിയിലേക്കുള്ള സുരാജ് വെഞ്ഞാറമൂടിന്റെ യാത്ര ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല. വർഷങ്ങളുടെ അധ്വാനവും നിരന്തരമായ പരിശ്രമവും സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും ചേർന്നാണ് ഈ യാത്ര രൂപപ്പെട്ടത്. ചിരിപ്പിച്ചും കണ്ണുനനയിപ്പിച്ചും കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് പകർന്നാടിയ സുരാജിന്റെ അഭിനയയാത്ര ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ, ഈ നടനിൽ നിന്ന് ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രതീക്ഷിക്കാം.

From mimicry stages in Venjaramoodu to becoming a National Award-winning actor and expanding into Tamil cinema, Suraj Venjaramoodu has built a remarkable career beyond comedy. From iconic comic roles to intense performances and powerful Tamil characters, his journey reflects his versatility and evolution as an actor.