Entertainment Special

ആരാണ് ജസ്വന്ത് സിങ് ഖല്‍റ? 'സത്‌ലജ്' സിനിമ ചര്‍ച്ചയാകുന്നത് എന്തുകൊണ്ട്?

മൂന്നു വര്‍ഷത്തോളം നീണ്ട സെന്‍സര്‍ ബോര്‍ഡ് തടസങ്ങള്‍ക്കും പേരുമാറ്റങ്ങള്‍ക്കും ശേഷമാണു ചിത്രം റിലീസ് ചെയ്തതെങ്കിലും പെട്ടെന്നുള്ള പിന്‍വലിക്കല്‍ വലിയ വിവാദമായിട്ടുണ്ട്

Entertainment Desk

പ്രമുഖ ഗായകന്‍ ദില്‍ജിത് ദോസാഞ്ച് നായകനായി അഭിനയിച്ച 'സത്‌ലജ്' എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സീ-5ല്‍ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് പിന്‍വലിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹണി തഹാന്‍ സംവിധാനം ചെയ്ത ഈ ചിത്രം, പഞ്ചാബിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ജസ്വന്ത് സിങ് ഖല്‍റയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മൂന്നു വര്‍ഷത്തോളം നീണ്ട സെന്‍സര്‍ ബോര്‍ഡ് തടസങ്ങള്‍ക്കും പേരുമാറ്റങ്ങള്‍ക്കും ശേഷമാണു ചിത്രം റിലീസ് ചെയ്തതെങ്കിലും പെട്ടെന്നുള്ള പിന്‍വലിക്കല്‍ വലിയ വിവാദമായിട്ടുണ്ട്.

ആരായിരുന്നു ജസ്വന്ത് സിങ് ഖല്‍റ?

അമൃത്സര്‍ സ്വദേശിയായ ജസ്വന്ത് സിങ് ഖല്‍റ, പഞ്ചാബിലെ തീവ്രവാദ കാലഘട്ടത്തില്‍ (1980-90) കാണാതായ ആയിരക്കണക്കിനു സിഖ് യുവാക്കളുടെ തിരോധാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ വ്യക്തിയായിരുന്നു. ശിരോമണി അകാലി ദളിന്റെ മനുഷ്യാവകാശ വിഭാഗം ജനറല്‍ സെക്രട്ടറിയായിരുന്ന ഖല്‍റ, വ്യാജ ഏറ്റുമുട്ടലുകളിലൂടെ നടന്ന കൊലപാതകങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

1995 സെപ്റ്റംബര്‍ ആറിനു സ്വന്തം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഖല്‍റ ക്രൂരമായ പീഡനങ്ങള്‍ക്കുശേഷം കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മൃതദേഹം സത്‌ലജ് നദിയിലെ ഹരിക പാലത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. നീണ്ട നിയമപോരാട്ടങ്ങള്‍ക്കുശേഷം 2005-ല്‍ പാട്യാല കോടതി ആറ് പോലീസ് ഉദ്യോഗസ്ഥരെ കൊലപാതകക്കുറ്റത്തിനു ശിക്ഷിച്ചു. ഈ വിധി 2011-ല്‍ സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി. ഇന്നും അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഭാര്യ പരഞ്ജിത് കൗര്‍ 'ഖല്‍റ മിഷന്‍ ഓര്‍ഗനൈസേഷന്‍' മുന്നോട്ടുകൊണ്ടുപോകുന്നു.

സെന്‍സര്‍ഷിപ്പും തടസങ്ങളും

പഞ്ചാബ് '95' എന്ന പേരില്‍ ആരംഭിച്ച ഈ പ്രോജക്റ്റ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് കടുത്ത വെല്ലുവിളികള്‍ നേരിട്ടു. 127 കട്ടുകളും പേര് മാറ്റവും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബോര്‍ഡ് വെച്ചിരുന്നു. ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഒടുവില്‍ തിയറ്റര്‍ റിലീസ് ഉപേക്ഷിച്ച് നേരിട്ട് ഒടിടി വഴി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയുടെ പൂര്‍ണരൂപം തങ്ങള്‍ പ്രേക്ഷകരിലെത്തിച്ചുവെന്നു സംവിധായകന്‍ ഹണി തഹാന്‍ അവകാശപ്പെട്ടെങ്കിലും, റിലീസ് ചെയ്ത് അധികം വൈകാതെ ഇന്ത്യയില്‍നിന്ന് ചിത്രം അപ്രത്യക്ഷമായി.

എന്തുകൊണ്ട് പിന്‍വലിച്ചു?

ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് സിനിമ നീക്കംചെയ്യാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോർട്ട്. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രം ഇന്ത്യയിൽ ഇനിമുതൽ ലഭ്യമാകില്ലെന്ന് സീ5 അറിയിക്കുകയും ചെയ്തു.

ആവിഷ്‌കാര സ്വാതന്ത്ര്യവും സെന്‍സര്‍ഷിപ്പും തമ്മിലുള്ള സംഘര്‍ഷത്തെയാണ് ഈ സംഭവം വീണ്ടും ഓര്‍മിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സീ-5 ഗ്ലോബല്‍ വഴി ചിത്രം തുടര്‍ന്നും ലഭ്യമാണെങ്കിലും ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ഇതു നിലവില്‍ അപ്രാപ്യമാണ്. ദില്‍ജിത് ദോസാഞ്ച് നേരത്തെ തന്നെ ഇത്തരം ആശങ്കകള്‍ പങ്കുവെച്ചിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Prominent singer-actor Diljit Dosanjh's film Satluj has sparked widespread debate after it was removed from the Indian catalogue of OTT platform ZEE5 just two days after its release. Directed by Honey Trehan, the film is based on the life of Jaswant Singh Khalra, the Punjabi human rights activist. Despite overcoming nearly three years of censorship hurdles and multiple title changes before its release, the film's sudden withdrawal has triggered controversy.

A native of Amritsar, Jaswant Singh Khalra was a prominent human rights activist who raised his voice against the disappearance of thousands of Sikh youths during Punjab's militancy period in the 1980s and 1990s. As the General Secretary of the Human Rights Wing of the Shiromani Akali Dal, Khalra played a crucial role in exposing alleged fake encounter killings and other human rights violations.