Environment

കാനഡയിലെ തടാകത്തിൽ അത്ഭുതമായി ഒരു 'ഒളിച്ചുകളിക്കുന്ന' ഒഴുകും ദ്വീപ്

ദൃക്‌സാക്ഷികളുടെ വിവരണങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഇതൊരു യാഥാർഥ്യമാണെന്ന് സ്ഥിരീകരിച്ചു.

Madism Desk

പശ്ചിമ കാനഡയിലെ വില്ലിസ്റ്റൺ തടാകത്തിൽ പെട്ടെന്നൊരു ദിവസം ഒരു ദ്വീപ് പ്രത്യക്ഷപ്പെട്ടു. ഭൂപടങ്ങളിലോ നാവി​ഗേഷൻ ചാർട്ടുകളിലോ ഇല്ലാത്ത, മരങ്ങൾ തിങ്ങിനിറഞ്ഞ ഈ ദ്വീപ് പ്രദേശവാസികളെയും വി​ദ​ഗ്ദരെയും ഒരുപോലെ അമ്പരപ്പിച്ചു. ഏകദേശം 150 മീറ്റർ നീളവും 75 മീറ്റർ വീതിയുമുള്ള ഈ കരഭാ​ഗം തടാകത്തിന്റെ നടുവിലാണ് പെട്ടെന്ന് രൂപപ്പെട്ടത്.

തടാകത്തിലൂടെ ബോട്ടിൽ യാത്ര ചെയ്ത ഒരാൾ ഈ ദ്വീപിന്റെ വീഡിയോ പകർത്തിയിരുന്നു. വെള്ളത്തിൽ തിരമാലകൾക്കൊപ്പം ആടിയുലയുന്ന നൂറോളം മരങ്ങൾ ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം ആ ദ്വീപ് അവിടെനിന്ന് അപ്രത്യക്ഷമായി. പിന്നീട് ദിവസങ്ങൾക്ക് ശേഷം ആദ്യമായി കണ്ട സ്ഥലത്തുനിന്ന് ഏകദേശം 20 മൈൽ അകലെ ദ്വീപ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്രയും വലിയൊരു ഭൂവിഭാഗത്തിന് എങ്ങനെ ഇങ്ങനെ അപ്രത്യക്ഷമാകാനും സഞ്ചരിക്കാനും കഴിയുമെന്ന അത്ഭുതത്തിലാണ് പ്രദേശവാസികൾ.

1970കളിൽ ഡാം നിർമ്മിച്ചപ്പോൾ രൂപപ്പെട്ട വലിയൊരു ജലസംഭരണിയാണ് വില്ലിസ്റ്റൺ തടാകം. ഈ അജ്ഞാത ദ്വീപിന്റെ ചിത്രങ്ങൾ ആദ്യമായി കണ്ടപ്പോൾ ഇതൊരുപക്ഷേ കൃത്രിമമായി നിർമ്മിച്ചതാകാം എന്നാണ് ഡാമിന്റെ ചുമതലയുള്ള ബി സി ഹൈഡ്രോ വക്താവ് ബോബ് ​ഗാമർ കരുതിയത്. എന്നാൽ ദൃക്‌സാക്ഷികളുടെ വിവരണങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഇതൊരു യാഥാർഥ്യമാണെന്ന് സ്ഥിരീകരിച്ചു.

എങ്ങനെയാണ് ഈ ദ്വീപ് ഉണ്ടായതെന്നതിന് അധികൃതർക്ക് ശാസ്ത്രീയമായ ഉത്തരമുണ്ട്. വർഷങ്ങളായി തടാകത്തിന്റെ തീരങ്ങളിൽ അടിഞ്ഞുകൂടിയ മരത്തടികളിലും അവശിഷ്ടങ്ങളിലും വളർന്നുവന്ന മരങ്ങളും ചെടികളുമാണ് പിന്നീട് ഒരു ദ്വീപായി മാറിയത്. മഞ്ഞുവീഴ്ചയും കനത്ത മഴയും കാരണം തടാകത്തിലെ ജലനിരപ്പ് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. ജലനിരപ്പ് ഉയർന്നപ്പോൾ തീരത്തുനിന്നും അടർന്നുമാറിയ ഈ ദ്വീപിനെ ശക്തമായ പ്രവാഹം തടാകത്തിന് നടുവിലേക്ക് എത്തിച്ചതാകാം. കാണാതായ ദിവസങ്ങളിൽ ഇത് കാറ്റിൽ ഒഴുകി ഏതെങ്കിലും തീരത്ത് ഒതുങ്ങി നിന്നിട്ടുണ്ടാകാം എന്നാണ് ഗാമർ പറയുന്നത്.

ചെടികൾ മാത്രമല്ല, വലിയ മരങ്ങളും പക്ഷികളും ചെറിയ മൃ​ഗങ്ങളും അടങ്ങുന്ന ഒരു വലിയ ആവാസവ്യവസ്ഥ തന്നെ ഈ ഒഴുകും ദ്വീപിലുണ്ട്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വേരുകൾക്കിടയിൽ തടാകത്തിലെ മികച്ച മത്സ്യങ്ങൾ വസിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. ദ്വീപിൽ ഇറങ്ങി നടക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ഇതിന്റെ വീഡിയോ ആദ്യം പങ്കുവെച്ച റോക്കി എവരി പറഞ്ഞെങ്കിലും, അത് വളരെ അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദ്രവിച്ച തടികൾക്ക് മുകളിൽ നിൽക്കുന്ന ഈ ദ്വീപ് ഏത് നിമിഷവും തകർന്നേക്കാം എന്നതിനാൽ ആരും ഇതിലേക്ക് കയറാൻ ശ്രമിക്കരുത് എന്നാണ് നിർദേശം.

അതേസമയം, ഈ അത്ഭുത ദ്വീപിന്റെ വാർത്തകൾക്കൊപ്പം ഒരു രാഷ്ട്രീയ തമാശയും പ്രദേശവാസികൾക്കിടയിൽ ചിരി പടർത്തുന്നുണ്ട്. വ്യാപാര കരാറുകൾ സംബന്ധച്ച തർക്കങ്ങൾക്കൊടുവിൽ ഒന്റാറിയോ തടാകത്തിന്റെ പേര് മാറ്റാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത് കാനഡയിൽ വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, "ട്രംപ് ഇതുവരെ ഈ ദ്വീപിന് പുതിയ പേരിടുകയും അതിന്മേൽ അവകാശം ഉന്നയിക്കുകയും ചെയ്തില്ലേ എന്നത് അത്ഭുതപ്പെടുത്തുന്നു" എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. വിസ്കോൺസിനിലെ പ്രശസ്തമായ 'ഫോർട്ടി ഏക്കർ ബോഗ്' പോലുള്ള ഒഴുകുന്ന ദ്വീപുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, വില്ലിസ്റ്റൺ തടാകത്തിലെ ഈ അപ്രതീക്ഷിത അതിഥി കാനഡക്കാർക്ക് ഇപ്പോഴും ഒരു അത്ഭുതമാണ്.

A mysterious, thickly forested floating island appeared in western Canada's Williston Lake, surprising locals and experts. Formed by years of plant growth on woody debris, the landmass was dislodged due to unusually high water levels. Measuring nearly 12,000 square meters, it harbors large trees and wildlife. After briefly disappearing, the island drifted and reappeared 20 miles away, prompting authorities to warn the public against stepping on the highly unstable structure.