Environment

ഇറച്ചി വേണ്ട, പച്ചക്കറി മതി, 'മെനു' മാറ്റി കരടികള്‍; കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം ജീവികളുടെ ഭക്ഷണക്രമത്തിലും

കരടികള്‍ കൂടുതല്‍ സസ്യഭക്ഷണത്തിലേക്കു തിരിയുന്നത് പരിസ്ഥിതിയിൽ ഉണ്ടാവാനിടയുള്ള വലിയൊരു പരിണതഫലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്

Madism Desk

ലോകത്തെമ്പാടും കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ഓരോ ദിവസവും വ്യത്യസ്ത രൂപത്തില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയും മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളും ഈ ദുരവസ്ഥയില്‍നിന്ന് മോചിതമല്ല. പാരിസ്ഥിതിക മാറ്റം കരടികളുടെ ഭക്ഷണക്രമത്തിൽ വരുത്തിയ ഞെട്ടിപ്പിക്കുന്ന മാറ്റം വെളിപ്പെടുത്തുകയാണ് പുതിയ പഠനം. ലോകമെമ്പാടുമായി കരടികള്‍ മാംസം ഉപേക്ഷിച്ച് സസ്യഭക്ഷണത്തിലേക്ക് കൂടുതല്‍ മാറുകയാണെന്നാണ് രാജ്യാന്തര പഠനം വ്യക്തമാക്കുന്നത്.

മനുഷ്യനെപ്പോലെ യഥാര്‍ത്ഥത്തില്‍ മിശ്രഭുക്കുകളാണ് കരടികള്‍. സസ്യങ്ങളും മാസവും ഒരുപോലെ ആഹാരമാക്കുന്നവര്‍. എന്നാല്‍ അതിനു മാറ്റം വന്നുവെന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധം പറയുന്നത്. അനിയന്ത്രിതമായി താപനില ഉയരുകയും സസ്യങ്ങള്‍ വളരുന്ന സീസണുകള്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും ചെയ്യുന്നതാണ് കരടികളുടെ ഭക്ഷണരീതില്‍ മാറ്റംവരുത്തുന്നതിന് കാരണമായിരിക്കുന്നത്.

ആധുനിക ഭക്ഷണക്രമം, ഏകദേശം 55,000 വര്‍ഷത്തെ ഫോസില്‍ തെളിവുകള്‍ എന്നിവ സംയോജിപ്പിച്ചാണ് ഭൂപ്രകൃതി മാറുന്നതിനനുസരിച്ച് കരടികള്‍ ഭക്ഷണശീലങ്ങള്‍ എങ്ങനെ ക്രമീകരിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. യൂറോപ്പില്‍നിന്നും കാനഡയില്‍നിന്നുമുള്ള 18 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഗവേഷണ സംഘമാണു കണ്ടെത്തലിനു പിന്നില്‍. ലോകമെമ്പാടുമുള്ള ഏഴ് ഭൗമ കരടി ഇനങ്ങളെ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 155 പഠനങ്ങളില്‍നിന്നായി 210 ആഹാരക്രമങ്ങള്‍ സമാഹരിച്ച ഗവേഷകര്‍, അവ വിലയിരുത്തി സ്ഥിരമായ ഒരു ഘടന കണ്ടെത്തി.

അധിവസിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചുള്ളതാണ് കരടികളുടെ സ്വഭാവിക ഭക്ഷണരീതി. ബെറികള്‍, വേരുകള്‍, പുല്ലുകള്‍, കായ്കള്‍ എന്നിവയ്‌ക്കൊപ്പം മത്സ്യം, പ്രാണികള്‍, ചെറിയ സസ്തനികള്‍ എന്നിവയെും അവ ഭക്ഷണമാക്കാറുണ്ട്. പ്രദേശം, സീസണ്‍ എന്നിവയ്ക്കനുസരിച്ച് ഈ സന്തുലിതാവസ്ഥ മാറുന്നു. എന്നാല്‍ കാലാവസ്ഥയനുസരിച്ച് ഭക്ഷണക്രമവും മാറാമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കുറഞ്ഞ വളര്‍ച്ചാ സീസണുകളുള്ള ആവാസവ്യവസ്ഥകളിലെ കരടികള്‍ മൃഗങ്ങളെ ഇരയായി ഭക്ഷിക്കാന്‍ കൂടുതല്‍ പ്രവണത കാണിക്കുന്നുവെന്നും കൂടുതല്‍ ചൂടുള്ള കാലാവസ്ഥയുള്ളതും കൂടുതല്‍ വളര്‍ച്ചാ സീസണുള്ളതുമായ സ്ഥലങ്ങളില്‍ അവ സസ്യങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. ശരാശരി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ തുടരുന്ന മാസങ്ങളുടെ എണ്ണത്തെയാണ് വളര്‍ച്ചാ സീസണ്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത്.

ഫോസില്‍ തെളിവുകള്‍ പുതിയ കണ്ടെത്തലിനെ സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച 219 തവിട്ട് കരടി സാമ്പിളുകളില്‍നിന്നും 372 ചുവന്ന മാന്‍ മാതൃകകളില്‍നിന്നുമുള്ള അസ്ഥി കൊളാജന്റെ രാസവിശകലനം ഉപയോഗിച്ച്, സഹസ്രാബ്ദങ്ങളായി തവിട്ടുകരടികള്‍ എന്താണ് കഴിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. അവസാന ഹിമയുഗത്തില്‍ കരടികള്‍ കൂടുതല്‍ മൃഗങ്ങളെ തിന്നു. ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാനികള്‍ പിന്‍വാങ്ങുകയും സസ്യങ്ങള്‍ കൂടുതല്‍ സമൃദ്ധമാവുകയും ചെയ്തതിനുശേഷം, തവിട്ട് കരടികള്‍ ക്രമേണ കൂടുതല്‍ സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്കു മാറി.

കരടികള്‍ കൂടുതല്‍ സസ്യഭക്ഷണത്തിലേക്കു തിരിയുന്നത് വലിയൊരു പരിണതഫലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മൊത്തം ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്നവരായ കരടികള്‍, ഭക്ഷിക്കുന്ന ഫലങ്ങളില്‍നിന്നുള്ള വിത്തുകള്‍ പലയിടങ്ങളിലായി നിക്ഷേപിക്കുകയും പോഷകങ്ങള്‍ ചംക്രമണം ചെയ്യുകയും ഇരകളുടെ എണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നവരാണ്. കരടികള്‍ വേട്ടയാടല്‍ കുറയ്ക്കുകയും കൂടുതല്‍ സസ്യാഹാരത്തിലേക്കു തിരിയുകയും ചെയ്യുമ്പോള്‍ ജൈവശൃംഖലയ്ക്കു തന്നെയാണ് മാറ്റംവരുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലം വളര്‍ച്ച സീസണുകളുടെ ദൈര്‍ഘ്യം കൂടുന്നത് കരടികള്‍ മാസഭക്ഷണം കൂടുതല്‍ ഉപേക്ഷിക്കാന്‍ കാരണമായേക്കാം. എന്നാല്‍ കൃഷി വന്യപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് പോലുള്ള ഭൂവിനിയോഗ സമ്മര്‍ദ്ദങ്ങള്‍ പ്രകൃതിദത്ത സസ്യഭക്ഷണങ്ങളുടെ ലഭ്യത കുറയ്ക്കുന്നത് വിപരീത ദിശയിലേക്കു കാര്യങ്ങള്‍ മാറാന്‍ കാരണമായേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കരടികള്‍ കന്നുകാലികളിലേക്കോ വിളകളിലേക്കോ തിരിഞ്ഞേക്കാം. ഇത് കരടികളും കര്‍ഷകരുമായും ഗ്രാമീണസമൂഹങ്ങളുമായും സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ-കരടി സംഘര്‍ഷം തുടര്‍ക്കഥയാണ്.

English summary: Climate change is altering bears’ diets, with many shifting from eating animal prey to more plant-based food as warmer temperatures lengthen growing seasons. Research shows that in warmer environments with longer growing seasons, bears rely more on vegetation, while colder regions push them toward meat-heavy diets. This shift has also been observed historically, especially after the last Ice Age. The change could disrupt ecosystems, as bears play a key role in controlling prey populations and spreading nutrients. It may also increase human-wildlife conflict if reduced natural food sources push bears toward crops or livestock.