Environment

രാജ്യത്ത് മലിനീകരണം വര്‍ധിക്കുന്നു; പ്രശ്‌നം പഠിക്കാനും നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്, പരിഹരിക്കാന്‍ ആളില്ല

ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയിലെ 55% തസ്തികകളും ഒഴിവുകിടക്കുകയാണെന്ന് 2025 മേയില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. 18 സംസ്ഥാനങ്ങളിലെ 393 നഗര ഭരണസമിതികളില്‍ നടപ്പാക്കിയ പരിശോധനയില്‍ 37% തസ്തികകളും ഒഴിവുകിടക്കുകയാണെന്ന് കണ്ടെത്തി.

Madism Desk

ശൈത്യകാലം ശക്തിപ്രാപിക്കുന്നതിനു മുമ്പേ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും അപകടകരമായ 'മോശം' നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതോടെ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ഒന്നാം ഘട്ടം നടപ്പാക്കാന്‍ വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷന്‍ നിര്‍ബന്ധിതരായി. റോഡുകളില്‍ യന്ത്രസഹായത്തോടെ വെള്ളം തളിക്കുക, പൊടിപടലങ്ങള്‍ ഉയരുന്നത് തടയാന്‍ നിര്‍മ്മാണ-പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികളാണ് ഈ ഘട്ടത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. ശൈത്യകാലം കനക്കുന്നതോടെ ഡല്‍ഹിയിലെ വായു ഇനിയും മോശമാകും. അപ്പോള്‍ പതിവുപോലെ മലിനീകരണ നിയന്ത്രണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും മോണിറ്ററിംഗ് സ്റ്റേഷനുകള്‍ വിഷവായുവിന്റെ തീവ്രത അളക്കുകയും അത്യാധുനിക ഡിജിറ്റല്‍ ഡാഷ്ബോര്‍ഡുകള്‍ തത്സമയ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

വിവരങ്ങള്‍ക്ക് കുറവില്ല

ഡല്‍ഹിയിലെ വിഷവായുവിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഭരണകൂടത്തിന്റെ പക്കലുണ്ട്. 2019-ല്‍ 'കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍' നടത്തിയ വിവിധ പഠനങ്ങളില്‍ പറയുനത് സല്‍ഹിയിലെ മലിനീകരണത്തിന്റെ 18% മുതല്‍ 39% വരെ വാഹനങ്ങളില്‍ നിന്നുള്ള പുകയും 18% മുതല്‍ 38% വരെ റോഡിലെ പൊടിപടലങ്ങളുമാണ് എന്നാണ്. റോഡിലെ പൊടി, വാഹനങ്ങള്‍, വ്യവസായശാലകളില്‍ നിന്നുള്ള പുക, മാലിന്യങ്ങള്‍ കത്തിക്കല്‍ എന്നിവയാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങള്‍. ഇവ സംസ്ഥാന-ഭരണ അതിര്‍ത്തികള്‍ കടന്ന് എന്‍സിആര്‍ മേഖലയിലുടനീളം വ്യാപിക്കുന്നു. ഇവ തടയാന്‍ ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളും കമ്മീഷന്‍ കൃത്യമായി നല്‍കിയിട്ടുമുണ്ട്.

എന്നാല്‍, പ്രശ്‌നത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ഇത്രയധികം ഡാറ്റ കൈവശമുണ്ടായിട്ടും എന്തുകൊണ്ട് പരിഹരിക്കപ്പെടുന്നില്ല എന്ന ചോദ്യം ഓരോ വര്‍ഷവും ആവര്‍ത്തിച്ച് ഉയരുന്നുണ്ട്. ശൈത്യകാലത്ത് മലിനീകരണം കൂടുതല്‍ ദൃശ്യമാകുന്നു എന്നേയുള്ളൂ, എന്നാല്‍ അതിന് കാരണമാകുന്ന ഘടകങ്ങളും അത് തടയാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങളും വര്‍ഷം മുഴുവന്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിസന്ധി വായുമലിനീകരണത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. തകര്‍ന്ന റോഡുകള്‍, അടഞ്ഞുപോയ ഓടകള്‍, മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത പ്രദേശങ്ങള്‍, ജീവനക്കാരോ ഉപകരണങ്ങളോ ഇല്ലാത്ത ആശുപത്രികളും വിദ്യാലയങ്ങളും എന്നിവയെ കുറിച്ചെല്ലാം കൃത്യമായ കണക്കുകള്‍ വ്യക്തമാക്കുന്ന സംവിധാനങ്ങളും ഇന്ന് സര്‍ക്കാരുകളുടെ പക്കലുണ്ട്.

എന്നാല്‍, പ്രശ്‌നങ്ങളെക്കുറിച്ച് അറിയുക എന്നതും അവ പരിഹരിക്കുക എന്നതും രണ്ടാണ്. ലഭ്യമായ വിവരങ്ങള്‍ വച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ മനുഷ്യവിഭവശേഷി, ഫണ്ട്, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, അധികാരം എന്നിവ സ്ഥാപനങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ.

സ്ഥാപനങ്ങളുടെ ശേഷിക്കുറവ്

അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്ത് ഈ വിടവ് വലിയൊരു ഭീഷണിയാണ്. പ്രകടനശേഷിയില്ലാത്ത സംവിധാനങ്ങളില്‍ നിന്ന് ഫലങ്ങള്‍ മാത്രം അളക്കാന്‍ ശ്രമിക്കുന്നതാണ് ഇവിടുത്തെ പ്രധാന പോരായ്മ. അതില്‍ പ്രധാനം ജീവനക്കാരുടെ കുറവാണ്. ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയിലെ 55% തസ്തികകളും ഒഴിവുകിടക്കുകയാണെന്ന് 2025 മേയില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. 18 സംസ്ഥാനങ്ങളിലെ 393 നഗര ഭരണസമിതികളില്‍ നടപ്പാക്കിയ പരിശോധനയില്‍ 37% തസ്തികകളും (മൂന്നിലൊന്ന്) ഒഴിവുകിടക്കുകയാണെന്ന് കണ്ടെത്തി. ഇതില്‍ ഭൂരിഭാഗം ഭരണസമിതികള്‍ക്കും സ്വന്തമായി ജീവനക്കാരെ നിയമിക്കാനുള്ള അധികാരം പോലുമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ക്കും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വലിയ തുക ചെലവഴിച്ചിട്ടുമുണ്ട്.

മാറ്റം എവിടെനിന്നാണ് തുടങ്ങേണ്ടത്?

ഈ പ്രതിസന്ധി മറികടക്കാന്‍ പ്രധാനമായും നാല് മാറ്റങ്ങള്‍ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ട്. ഒന്നാമതായി, പൊതു ഡാഷ്ബോര്‍ഡുകള്‍ ഫലങ്ങള്‍ മാത്രം കാണിക്കാതെ അനുവദിച്ച തസ്തികകള്‍, നിലവിലെ ജീവനക്കാര്‍, ലഭ്യമായ യന്ത്രങ്ങള്‍, ഫണ്ട് എന്നിവയും സുതാര്യമായി പ്രദര്‍ശിപ്പിക്കണം. രണ്ടാമതായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ആവശ്യകത വിലയിരുത്താനും നിയമനം നടത്താനുമുള്ള സ്വയംഭരണ അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം. മൂന്നാമതായി, പുതിയ പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ സ്വകാര്യ ധനസഹായം ആകര്‍ഷിക്കാനുള്ള ശേഷിക്കൊപ്പം അവ നഗരത്തിന്റെ പൊതുസേവന ശേഷിയെ എത്രത്തോളം വര്‍ദ്ധിപ്പിക്കുന്നു എന്നും വിലയിരുത്തേണ്ടതുണ്ട്. അവസാനമായി, പദ്ധതികള്‍ ഡിസൈന്‍ ചെയ്യുകയും ഫണ്ട് നല്‍കുകയും ചെയ്യുന്ന ഏജന്‍സികള്‍ ഡിജിറ്റല്‍ പ്രകടന സൂചികകള്‍ക്ക് പകരം പൊതുസ്ഥാപനങ്ങളുടെ യഥാര്‍ത്ഥ സേവന ശേഷി വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണം.

Delhi’s air quality has deteriorated to the ‘poor’ category ahead of winter, prompting the Commission for Air Quality Management (CAQM) to implement Stage I of the Graded Response Action Plan (GRAP). Measures include mechanised road cleaning, water sprinkling and restrictions on construction and demolition activities to control dust pollution. Despite extensive monitoring systems, pollution studies and real-time digital dashboards, Delhi continues to face recurring air quality crises. Vehicles, road dust, industrial emissions and waste burning are among the major sources of pollution across the National Capital Region. The central issue, however, is not a lack of data but the limited capacity of public institutions to act on it.