ആഗോളതലത്തില്‍ കാലവസ്ഥയില്‍ മുന്‍പില്ലാത്ത വിധത്തിലുള്ള മാറ്റമാണ് അനുഭവപ്പെടുന്നത്. അസാധാരണ കാലാവസ്ഥ തകിടംമറിച്ചിലിന് ഒപ്പം എത്തുന്ന ഈ വര്‍ഷത്തെ എല്‍ നിനോ തീര്‍ത്തും പുതിയതും തീവ്രവുമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. 2023ലും 2024-ലും ഉണ്ടായ എല്‍ നിനോ പ്രതിഭാസത്തിനിടയില്‍ ഭൂമിയിലെ പലഭാഗങ്ങളിലും അസാധാരണമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
കൊളറാഡോയിലെ ബോള്‍ഡറിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റിസര്‍ച്ചിന്റെ ഭാഗമായ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച സൂചന നല്‍കുന്നത്. അപ്രതീക്ഷിതമായ മാറ്റങ്ങള്‍ പ്രതിഫലിപ്പിച്ചാണ് എല്‍ നിനോ കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തെ വിവിധ ഭാഗങ്ങളെ സ്വാധീനിച്ചത്. അമേരിക്കയുടെ തെക്കന്‍ മേഖലകളില്‍ മഴ ശക്തമാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതുണ്ടായില്ല. അമേരിക്കയുടെ ാ വടക്കന്‍ മേഖലകളില്‍ വരണ്ട കാലാവസ്ഥയും പ്രവചിക്കപ്പെട്ടിരുന്നു. അതും ഉണ്ടായില്ല. എന്നാല്‍, ആമസോണ്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. കഴിഞ്ഞ 120 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരളള്‍ച്ചയായിരുന്നു ബ്രസീല്‍ നേരിട്ടത്.
ആഗോളതാപനം മൂലം ഉഷ്ണമേഖലാ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിലെയും ജലം ചൂടായതിന്റെ ഫലമാണ് വടക്കേ അമേരിക്കയിലുടനീളമുള്ള എല്‍ നിനോയുടെ സ്വാധീനം ദുര്‍ബലപ്പെടുത്തിയത്. ഇതുവഴി, 'ടെലികണക്ഷന്‍' എന്നറിയപ്പെടുന്ന, പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാലാവസ്ഥാ പാറ്റേണുകളുടെ പതിവ് പ്രവര്‍ത്തനം തടസ്സപ്പെട്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഈ വര്‍ഷം പ്രതീക്ഷിക്കുന്ന എല്‍ നിനോയുടെ തീവ്രത വര്‍ധിപ്പിക്കും. ഇതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സമുദ്രോപരിതല താപനില വര്‍ധിക്കുന്നത് പോലുള്ള ആഗോളതാപനത്തിന്റെ ഫലങ്ങളും എല്‍ നിനോയുടെ സ്വാധീനവും സാഹചര്യങ്ങള്‍ പ്രവചനാതീതമാക്കുന്നു. ഇത് കാലാവസ്ഥ സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്‍ കരുതലുകളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
'ബട്ടര്‍ഫ്‌ലൈ ഇഫക്റ്റ്' എന്നാണ് 2023-ലെ ടെലികണക്ഷന്‍ പ്രതിഭാസങ്ങളെ സ്‌പെയിനിലെ യൂണിവേഴ്‌സിറ്റി ഓഫ് ലെയിഡയിലെയും ജോയിന്റ് റിസര്‍ച്ച് യൂണിറ്റിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ സെര്‍ജിയോ ഡി മിഗുവല്‍ വിശേഷിപ്പിക്കുന്നത്. ഒരിടത്തുണ്ടാകുന്ന സംഭവങ്ങള്‍ക്ക് വളരെ അകലെയുള്ള സ്ഥലങ്ങളില്‍ പലവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. പരസ്പരബന്ധിതമായ ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനം ആഴ്ചകളോ വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം. എല്‍ നിനോ/സതേണ്‍ ഓസിലേഷന്‍ പോലുള്ള സാഹചര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
തെക്കന്‍ ഏഷ്യയിലും വടക്കുകിഴക്കന്‍ ആഫ്രിക്കയിലും 1960-നും 1990-നും ഇടയില്‍ എല്‍ നിനോ മൂലം ഉണ്ടായ താപനില വര്‍ദ്ധനവിന്റെ രീതികള്‍ പിന്നീട് വിചിത്രമായ രീതിയില്‍ മാറിമറിഞ്ഞതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെ ഫലമായി, അടുത്ത കാലത്തുണ്ടായ എല്‍ നിനോ സമയങ്ങളില്‍ ഈ പ്രദേശങ്ങളില്‍ താപനില കുറഞ്ഞു. അതേസമയം, പടിഞ്ഞാറന്‍ യൂറോപ്പില്‍, അക്കാലയളവില്‍ എല്‍ നിനോയുമായി ബന്ധപ്പെട്ട് അനുഭവപ്പെട്ടിരുന്ന ശീതതരംഗങ്ങളുടെ രീതി നിലവിലെ സാഹചര്യത്തില്‍ മാറുകയാണ് ഉണ്ടായത്. ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ താരതമ്യേന ചൂടേറിയ കാലാവസ്ഥയാണ് സ്ഥിരമായി അനുഭപ്പെടുന്നത്.
എന്നാല്‍, ഈ വര്‍ഷം എല്‍ നിനോ കൂടുതല്‍ തീവ്രവും പ്രവചനാതീതവുമാകുന്നതിന് കാലാവസ്ഥാ വ്യതിയാനം മാത്രമല്ല കാരണമായി കരുതുന്നത്. 1990-കളുടെ അവസാനത്തിന് ശേഷം, മധ്യ പസഫിക് സമുദ്രത്തിന് പകരം കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ രൂപം കൊള്ളുന്ന ആദ്യത്തെ എല്‍ നിനോ പ്രതിഭാസമാണ് 2026-ലേത്. ചുരുക്കത്തില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ താപനില വര്‍ദ്ധനവിന്റെ സാഹചര്യത്തില്‍ ഇപ്പോഴത്തെ എല്‍ നിനോയുടെ രീതിയും കാലാവസ്ഥാപരമായ ദൂരവ്യാപക മാറ്റങ്ങളോ പ്രവചിക്കാന്‍ കഴിയുന്ന മുന്‍കാല ഉദാഹരണങ്ങള്‍ കുറവാണ്.
'മനുഷ്യനിര്‍മ്മിത പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള താപനില വര്‍ദ്ധനവ് തീവ്രമാകുമ്പോള്‍, മുന്‍കാല മാതൃകകള്‍ ഇനി വിശ്വസനീയമായ വഴികാട്ടിയാകണമെന്നില്ല.' സമുദ്രോപരിതലത്തിലെ താപനിലയിലെ മാറ്റങ്ങള്‍ക്കൊപ്പം അന്തരീക്ഷത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍, തികച്ചും അപരിചിതമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നും 2023-24 എല്‍ നിനോ കാലഘട്ടത്തെക്കുറിച്ചുള്ള പഠനത്തില്‍ പങ്കാളികളായ എന്‍സിഎആര്‍ ലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ക്ലാര ഡെസറും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.
Scientists are warning that the El Niño phenomenon expected this year could occur alongside unprecedented changes in the global climate and trigger new and more intense weather conditions. Researchers note that significant and unusual climatic changes were observed in several parts of the world during the 2023–24 El Niño period. The latest concerns highlight the possibility of further disruptions to global weather patterns as climate variability continues to increase.