Environment

മലനിരകളിലെ മഞ്ഞ് ബോംബുകള്‍; ഹിമാനി തടാക വിസ്‌ഫോടനങ്ങളും ഭാവിയുടെ മുന്നറിയിപ്പുകളും

ജിഎല്‍ഒഎഫ് അപകടത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇന്ത്യയിലാണ് (6,119). പാകിസ്താന്‍ (1,991), ചൈന (617), നേപ്പാള്‍ (36), ഭൂട്ടാന്‍ (20), അഫ്ഗാനിസ്താന്‍ (15) എന്നിവയാണ് തൊട്ടുപിന്നില്‍

Madism Desk

ഉയര്‍ന്ന മലനിരകളില്‍ സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണ്ണമായ പ്രകൃതിദുരന്തങ്ങളില്‍ ഒന്നാണ് ഹിമാനി തടാക വിസ്‌ഫോടന പ്രളയം (Glacial Lake Outburst Flood- ജിഎല്‍ഒഎഫ്). ഒരു മഞ്ഞു തടാകം തകരുമ്പോള്‍ അത് ഉരുള്‍പൊട്ടല്‍, മണ്ണടിച്ചില്‍, പ്രളയം എന്നിവയ്ക്ക് വഴിവെക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ പ്രതിഭാസം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. 1900 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകമെമ്പാടും 609 ജിഎല്‍ഒഎഫ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഈ ദുരന്തങ്ങളില്‍ 13,000-ത്തിലധികം പേര്‍ മരണപ്പെട്ടു. 1981-90 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ശരാശരി 5.2 ആയിരുന്ന ജിഎല്‍ഒഎഫുകളുടെ എണ്ണം 2011-20 കാലഘട്ടത്തില്‍ 15.2 ആയി ഉയര്‍ന്നു എന്നും പഠനം വ്യക്തമാക്കുന്നു.

മൊത്തം ജിഎല്‍ഒഎഫുകളുടെ 39.6 ശതമാനവും തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍, മധ്യേഷ്യന്‍ മേഖലകളിലാണ് സംഭവിച്ചത്. തൊട്ടുപിന്നാലെ 21.7 ശതമാനവുമായി താഴ്ന്ന അക്ഷാംശ മേഖലകള്‍ വരുന്നു. തെക്കന്‍ ആന്ഡീസ് (15.8 ശതമാനം), പടിഞ്ഞാറന്‍ കാനഡയും യു.എസും (8.5 ശതമാനം), മധ്യ യൂറോപ്പ് (4.3 ശതമാനം), സ്വാല്‍ബാര്‍ഡ് (3.8 ശതമാനം) എന്നിങ്ങനെയാണ് അപകടങ്ങള്‍ സംഭവിച്ച മേഖലകള്‍. രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍, പെറുവിലാണ് ഏറ്റവും കൂടുതല്‍ ഹിമാനി തടാകം പൊട്ടിയുള്ള അപകടങ്ങള്‍ ഉണ്ടായത്. ചൈനയും (112 സംഭവങ്ങള്‍) ചിലിയുമാണ് (74 സംഭവങ്ങള്‍) തൊട്ടുപിന്നില്‍. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കാരണം മഞ്ഞുതടാകങ്ങള്‍ വികസിക്കുന്നതും ഹിമാനി മേഖലകളിലെ അശാസ്ത്രീയമായ റോഡ്-ഡാം നിര്‍മ്മാണങ്ങളുമാണ് ഈ ഭീഷണി വര്‍ദ്ധിപ്പിക്കുന്നത്.

ഹിന്ദു കുഷ് ഹിമാലയത്തിലെ ആശങ്കകള്‍

ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ (അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്താന്‍) അടങ്ങുന്ന ഹിന്ദു കുഷ് ഹിമാലയന്‍ മേഖല ഇത്തരം ദുരന്തങ്ങളുടെ പ്രധാന കേന്ദ്രമാണ്. മേഖലയിലെ ഉയര്‍ന്ന ദാരിദ്ര്യം, അനിയന്ത്രിതമായ ജനസംഖ്യാ വളര്‍ച്ച, അപൂര്‍ണ്ണമായ ദുരന്തനിവാരണ സംവിധാനങ്ങള്‍ എന്നിവ അപകടസാധ്യത ഇരട്ടിയാക്കുന്നു. 27 കോടി ജനങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. 1,088 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന 9,600 മഞ്ഞുതടാകങ്ങളുള്ള ഈ മേഖലയില്‍ 1833-നും 2024-നും ഇടയില്‍ 333 ജിഎല്‍ഒഎഫ് സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ജിഎല്‍ഒഎഫ് അപകടസാധ്യത ചൈന-നേപ്പാള്‍ അതിര്‍ത്തിയിലാണ്.

ചൈനയിലാണ് ഏറ്റവും കൂടുതല്‍ ജിഎല്‍ഒഎഫ് സംഭവങ്ങള്‍ രേഖപ്പെടുത്തിയത് (202). തൊട്ടുപിന്നാലെ പാകിസ്താന്‍ (149), ഇന്ത്യ (60), നേപ്പാള്‍ (57), ഭൂട്ടാന്‍ (21), അഫ്ഗാനിസ്താന്‍ (4) എന്നിവയാണ്. ഏകദേശം 70 ശതമാനം ജിഎല്‍ഒഎഫ് സംഭവങ്ങളും മണ്‍സൂണ്‍ കാലത്താണ് ഉണ്ടായിട്ടുള്ളത്. ജിഎല്‍ഒഎഫ് അപകടത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇന്ത്യയിലാണ് (6,119). പാകിസ്താന്‍ (1,991), ചൈന (617), നേപ്പാള്‍ (36), ഭൂട്ടാന്‍ (20), അഫ്ഗാനിസ്താന്‍ (15) എന്നിവയാണ് തൊട്ടുപിന്നില്‍. കൂടാതെ ജിഎല്‍ഒഎഫ് കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടതും ഇന്ത്യയിലാണ്, നേപ്പാളും പാകിസ്താനുമാണ് തൊട്ടുപിന്നില്‍.

വികസിക്കുന്ന തടാകങ്ങളും ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങളും

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനും (സിഡബ്ല്യൂസി) നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററു (എന്‍ആര്‍എസ്സി) മാണ് മഞ്ഞുതടാകങ്ങളുടെയും ജലാശയങ്ങളുടെയും വികാസം നിരീക്ഷിക്കുന്നത്. 2011-ല്‍ സിഡബ്ല്യൂസിയും എന്‍ആര്‍എസ്സിയും ഇന്ത്യയിലേക്ക് ഒഴുകുന്ന 2,028 തടാകങ്ങളെയും ജലാശയങ്ങളെയും കണ്ടെത്തിയിരുന്നു. എന്‍ആര്‍എസ്സിയുടെ 2023-ലെ പട്ടിക പ്രകാരം രാജ്യത്ത് 0.25 ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുള്ള 28,043 മഞ്ഞുതടാകങ്ങള്‍ കണ്ടെത്തി. 2025-ല്‍ നിരീക്ഷണം കൂടുതല്‍ വ്യാപിപ്പിച്ചു.

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിക്കായി സ്വിസ് ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് കോപ്പറേഷന്‍ 10-50 ഹെക്ടര്‍ വിസ്തൃതിയുള്ള 425 മഞ്ഞുതടാകങ്ങളെ കൂടി നിരീക്ഷിച്ചു. ഇതില്‍ 40 എണ്ണം ജിഎല്‍ഒഎഫ് അപകടസാധ്യത വളരെ കൂടിയവയാണ്. 2025 ജൂണ്‍ ആയപ്പോഴേക്കും, ഇന്ത്യന്‍ ഹിമാലയന്‍ നദീതടങ്ങളിലായി 2,485 മഞ്ഞുതടാകങ്ങളും 358 ജലാശയങ്ങളും സിഡബ്ല്യുസി നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു. ഈ മഞ്ഞുതടാകങ്ങളുടെയും ജലാശയങ്ങളുടെയും ആകെ വിസ്തൃതി 2011-ലെ 5,28,329 ഹെക്ടറില്‍ നിന്ന് 2025 ജൂണില്‍ 5,39,402 ഹെക്ടറായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇനി എന്ത് ചെയ്യണം?

മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതും തടാകങ്ങളില്‍ നിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടുന്നതും അടക്കമുള്ള ദീര്‍ഘകാല പദ്ധതികള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ സമയമെടുക്കുമെന്നതിനാല്‍, അടിയന്തരവും താല്‍ക്കാലികവുമായ മുന്‍കരുതലുകള്‍ ഉടനടി നടപ്പാക്കേണ്ടതുണ്ട്. ഇതിനായി അപകടസാധ്യതയേറിയ മേഖലകളില്‍ തത്സമയ നിരീക്ഷണ സംവിധാനങ്ങളും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളും വേഗത്തില്‍ സ്ഥാപിക്കുകയും, ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍, വീടുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും വേണം. ഒപ്പം, ദുരന്തമുണ്ടായാല്‍ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ തദ്ദേശീയ തലത്തില്‍ വ്യക്തമായ പ്ലാനുകള്‍ രൂപീകരിച്ച് പ്രാദേശിക ജനവിഭാഗങ്ങളെ ബോധവല്‍ക്കരിച്ച് സജ്ജരാക്കേണ്ടതുണ്ട്. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സാറ്റലൈറ്റ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി തടാകങ്ങളിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുകയും ദേശീയതലത്തില്‍ ഒരു ഡിസാസ്റ്റര്‍ ഡാറ്റാബേസ് തയ്യാറാക്കുകയും ചെയ്യുന്നത് ദുരന്തനിവാരണം കൂടുതല്‍ കാര്യക്ഷമമാക്കും.

Glacial Lake Outburst Floods (GLOFs) are among the most complex and dangerous disasters in high mountain regions. When a glacial lake suddenly breaches, it can trigger devastating floods, landslides and debris flows. A Nature Communications study recorded 609 GLOF events worldwide between 1900 and 2020, causing more than 13,000 deaths. The annual average rose from 5.2 events during 1981–90 to 15.2 during 2011–20. The Hindu Kush Himalaya, shared by eight countries including India, is particularly vulnerable. The region has around 9,600 glacial lakes, and 333 GLOF events were recorded between 1833 and 2024. India has recorded 60 events and the highest number of deaths linked to GLOFs in the region. Climate change, expanding glacial lakes, vulnerable infrastructure and inadequate disaster preparedness are increasing the risks.