ഹിമാലയന്‍ മലനിരകളിലുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ എങ്ങനെയാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിമാറുക എന്നതിനുള്ള ഉദാഹരണമാണ് നേപ്പാള്‍ പ്രളയം. ഈ വിനാശകരമായ പ്രളയത്തിന്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഇന്ത്യയിലുണ്ടായ നാല് പ്രധാന ദുരന്തങ്ങളുമായി സാദൃശ്യമുണ്ട്. ഇവയിലെല്ലാം തന്നെ പര്‍വ്വതനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളിലേക്ക് വലിയ അളവില്‍ പെട്ടെന്ന് വെള്ളവും മണ്ണും കുതിച്ചെത്തുകയായിരുന്നു. ഇതിനുപിന്നില്‍ ഹിമാലയന്‍ മഞ്ഞുപാളികള്‍ക്കുണ്ടാകുന്ന അസ്ഥിരതയാണെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. ദുരന്ത സാധ്യത ഏറ്റവും കൂടുതലുള്ളത് ഇന്ത്യയ്ക്കാണ്. ഉയരുന്ന ആഗോള താപനിലയും കാലാവസ്ഥാ വ്യതിയാനവും ഹിമാലയന്‍ ഹിമപാളികളുടെ സ്വാഭാവിക ഘടനയെ തകര്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി ഇവയില്‍ ഭൂരിഭാഗവും 'ഹാങ്ങിങ് ഹിമാനികള്‍' ആയി മാറുന്നു. കുത്തനെയുള്ള പര്‍വ്വത ചരിവുകളില്‍ തികച്ചും അസ്ഥിരമായി ഉറച്ചുനില്‍ക്കുന്ന ഇത്തരം കൂറ്റന്‍ മഞ്ഞുപാളികള്‍ ഏതുനിമിഷവും വേര്‍പെട്ടുമാറാനും താഴ്വരകളെ വിഴുങ്ങുന്ന വന്‍ ഹിമപാതങ്ങള്‍ക്ക് കാരണമാകാനും സാധ്യതയേറെയാണ്.
അപകട മുനമ്പില്‍ അളകനന്ദ നദീതടം
പ്രമുഖ ശാസ്ത്ര മാസികയായ 'നേച്ചര്‍' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഗഡ്വാള്‍ ഹിമാലയത്തിലെ അളകനന്ദ നദീതടത്തില്‍ മാത്രം 219 ഹാങ്ങിങ് ഹിമാനികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്ഥിരമായ ഈ മഞ്ഞുപാളികളുടെ മൂന്നിലൊന്ന് ഭാഗവും അപ്പര്‍ അളകനന്ദ തടത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ഭുവനേശ്വറിലെ അസിം സത്താര്‍, ഐ.ഐ.എസ്.സി ബംഗളൂരുവില്‍ നിന്നുള്ള നന്ദു കൃഷ്ണന്‍ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ പഠനത്തിന് പിന്നില്‍. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഹിമാലയന്‍ ഹിമാനികള്‍ക്ക് 'ഘടനയിലുള്ള അസ്ഥിരത' വര്‍ദ്ധിച്ചുവരികയാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഈ അസ്ഥിരതയാണ് കുത്തനെയുള്ള ചരിവുകളില്‍ ഹാങ്ങിങ് ഹിമാനികള്‍ രൂപപ്പെടാന്‍ കാരണമാകുന്നത്. ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ ഇവയെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ടെങ്കിലും ഹിമാലയത്തില്‍ ഇത്തരം പഠനങ്ങള്‍ പരിമിതമാണ്.
ഇവ തകര്‍ന്നുവീണാല്‍ എന്ത് സംഭവിക്കും?
ഉത്തരാഖണ്ഡിലെ ബദരീനാഥ്-മാന മേഖലയില്‍ ഇത്തരം ഹിമപാതങ്ങള്‍ ഉണ്ടായാല്‍ മഞ്ഞുപ്രവാഹത്തിന്റെ ഉയരം 50 മീറ്ററിലധികമാകാം എന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പ്രദേശത്തെ പ്രധാന ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും പൂര്‍ണ്ണമായി വിഴുങ്ങും. കൂടാതെ, മഞ്ഞുതടാകങ്ങള്‍ പൊട്ടിയുണ്ടാകുന്ന പ്രളയം പോലെയുള്ള അനുബന്ധ ദുരന്തങ്ങള്‍ക്കും കാരണമാകാം. അളകനന്ദ നദീതടത്തില്‍ 68.2 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 75.2 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഹാങ്ങിങ് ഹിമാപാതങ്ങളാണ് ഉള്ളതെന്ന പഠനം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 2.39 ± 0.42 ഘന കിലോമീറ്റര്‍ മഞ്ഞുണ്ടെന്നും അതില്‍ 0.74 ± 0.14 ഘന കിലോമീറ്റര്‍ ഹാങ്ങിങ് മഞ്ഞുപാളികളാണെന്നും പഠനം വ്യക്തമാക്കുന്നു.
അടുത്ത ദശകത്തില്‍ ഈ മേഖലയില്‍ മഞ്ഞിടിച്ചില്‍ മൂലമുള്ള അപകടസാധ്യത വര്‍ദ്ധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. രണ്ടായിരമാണ്ടിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2030-ഓടെ ഈ മേഖലയില്‍ അപകടസാധ്യതയുള്ള കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വിസ്തൃതിയില്‍ 120% വര്‍ദ്ധനവുണ്ടാകും. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളുടെ എണ്ണം ഇതേ കാലയളവില്‍ 17% ആയി വര്‍ദ്ധിക്കും. ഉയര്‍ന്ന അപകടസാധ്യതയുള്ള ഹിമാനികളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടതിന്റെയും ദുരന്തസാധ്യത മുന്‍കൂട്ടിക്കണ്ടുള്ള ഭൂവിനിയോഗ ആസൂത്രണം നടപ്പാക്കേണ്ടതിന്റെയും ആവശ്യകത ഈ കണക്കുകള്‍ അടിവരയിടുന്നു. നേപ്പാളില്‍ സംഭവിച്ചത് ഇതിനൊരു വ്യക്തമായ മുന്നറിയിപ്പാണ്.
ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍
ഹിമാലയത്തില്‍ ദുരന്തമുണ്ടായാല്‍ കൈക്കൊള്ളേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് മാര്‍ച്ച് ആറിന് നേച്ചര്‍ മാഗസിനില്‍ തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്‍ഷുമാന്‍ ഭരദ്വാജ്, റയീസ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ രണ്ട് ദുരന്ത സംഭവങ്ങളെയാണ് താരതമ്യം ചെയ്തത്. ആദ്യത്തേത് 2021-ലെ ചമോലി ദുരന്തമാണ്. ഋഷിഗംഗാ താഴ്വരയിലേക്ക് കൂറ്റന്‍ മഞ്ഞുപാളിയും പാറക്കല്ലുകളും ഇടിഞ്ഞുവീണ ദുരന്തത്തില്‍ ജലവൈദ്യുത നിലയങ്ങള്‍ തകരുകയും പാലങ്ങള്‍ ഒലിച്ചുപോകുകയും 200-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്ലറ്റന്‍ ഗ്രാമത്തിലുണ്ടായ ഹിമപാതത്തില്‍ ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായെങ്കിലും ഒരാള്‍ മാത്രമാണ് മരണപ്പെട്ടത്.
മരണസംഖ്യ കുറയ്ക്കാന്‍ സഹായിച്ചത് മുന്‍കൂട്ടിയുള്ള നിരീക്ഷണവും അതിവേഗ പ്രതികരണവും ആയിരുന്നു. ചരിവുകളിലെ അസ്ഥിരതയുടെ പ്രാഥമിക സൂചനകള്‍ കണ്ട് അധികൃതരും പ്രദേശവാസികളും ഉടനടി പ്രവര്‍ത്തിക്കുകയും സമയബന്ധിതമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ദുരന്തങ്ങള്‍ സംഭവിച്ച ശേഷം പ്രതികരിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി, മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്ന രീതിയിലേക്ക് ഹിമാലയന്‍ മേഖലകള്‍ മാറേണ്ടതുണ്ട്. മുന്‍കൂട്ടിയുള്ള ഉപഗ്രഹ-ചലന നിരീക്ഷണങ്ങള്‍, ഭൂവിനിയോഗ ആസൂത്രണം, ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഊര്‍ജ്ജ വ്യതിയാനം എന്നിവ മാത്രമാണ് പര്‍വ്വത അപകടങ്ങള്‍ ഒഴിവാക്കാനാകാത്ത ദുരന്തങ്ങളായി മാറാതിരിക്കാനുള്ള ഏക മാര്‍ഗം.
The recent Nepal flood highlights the growing disaster risks posed by climate change and instability in the Himalayan glaciers. Scientists warn that rising temperatures are altering the natural structure of Himalayan glaciers, increasing the formation of unstable “hanging glaciers” on steep mountain slopes. A Nature study identified 219 hanging glaciers in the Alaknanda River basin in Uttarakhand, with a significant concentration in the Upper Alaknanda basin. If these massive ice formations collapse, they could trigger avalanches, landslides and glacial lake outburst floods, threatening settlements and critical infrastructure. The study also projects a sharp rise in exposed infrastructure and population by 2030. Researchers stress that the Himalayan region needs stronger glacier monitoring, early-warning systems, disaster preparedness and risk-sensitive land-use planning rather than relying solely on post-disaster response.