

കല്ലും ചെളിയും രാക്ഷസത്തിരമാലകളായി ഗ്രാമങ്ങളെ അപ്പാടെ വിഴുങ്ങുന്ന ഭീകരമായ കാഴ്ച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. നേപ്പാൾ മിന്നൽപ്രളയത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ. ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം നേപ്പാളിന്റെ ഹൃദയമാണ് തകർത്തത്. ഇപ്പോഴിതാ മഹാദുരന്തത്തിനു പിന്നാലെ, ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ ചൈന നിർമിക്കുന്ന വൻ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാവുകയാണ്. പ്രളയത്തിൽ ഇതുവരെ 270 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ദുരന്തത്തിന്റെ കാരണം ആദ്യം ഭൂകമ്പമാണെന്നായിരുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ സാറ്റലൈറ്റ് ദൃശ്യങ്ങളും സീസ്മിക് വിവരങ്ങളും പരിശോധിച്ച യുഎസ് ജിയോളജിക്കൽ സർവേ പിന്നീട് മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ 5.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനവും അനുഭവപ്പെട്ടു.
എന്നാൽ നിലവിലെ പ്രളയത്തിന് ചൈനയുടെ അണക്കെട്ട് പദ്ധതിയുമായി നേരിട്ടുള്ള ബന്ധമില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, ഹിമാലയൻ മേഖലയിലെ പ്രകൃതിദുരന്ത സാധ്യതകളും ചൈനയുടെ വൻകിട ജലവൈദ്യുത പദ്ധതിയുടെ വ്യാപ്തിയും കണക്കിലെടുക്കുമ്പോൾ, ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ ദുരന്തങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പായാണ് വിദഗ്ധർ സംഭവത്തെ കാണുന്നത്.
റോയിട്ടേഴ്‌സ് 2025-ൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, തെക്കുകിഴക്കൻ ടിബറ്റിലെ മെഡോഗ് മേഖലയിൽ ചൈന ഏകദേശം 1600 കോടി രൂപ ചെലവിൽ അഞ്ച് അണക്കെട്ടുകൾ ഉൾപ്പെടുന്ന വൻ ജലവൈദ്യുത പദ്ധതിയാണ് നിർമിക്കുന്നത്. പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ ഏകദേശം 60 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇത് ചൈനയിലെ ത്രീ ഗോർജസ് ഡാമിന്റെ ഏകദേശം മൂന്നിരട്ടി ശേഷിയുള്ള പദ്ധതിയായിരിക്കും.
ടിബറ്റിൽ യാർലുങ് സാങ്പോ എന്നറിയപ്പെടുന്ന നദി ഇന്ത്യയിലെത്തിയ ശേഷം ബ്രഹ്മപുത്രയായി മാറുകയും തുടർന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുകയും ചെയ്യുന്നു. അതിനാൽ ചൈനയിലെ അണക്കെട്ടുകളുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകൾക്ക് ഇന്ത്യയിലും ബംഗ്ലാദേശിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകാമെന്നാണ് ആശങ്ക. അണക്കെട്ട് തകർന്നാൽ വൻതോതിലുള്ള ജലപ്രവാഹം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിനെയും ഗുരുതരമായി ബാധിക്കാമെന്ന് പ്രതിരോധ വിദഗ്ധൻ ബ്രഹ്മ ചെല്ലാനിയും എക്സിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭൂഘടനയും ഭീതിയേറ്റുന്നു
പദ്ധതിയുടെ വലുപ്പം മാത്രമല്ല, അണക്കെട്ട് നിർമിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും ആശങ്കയ്ക്ക് കാരണമാകുന്നു. പദ്ധതിക്ക് സമീപം സജീവമായ പൈഷെൻ ഫാൾട്ട് കണ്ടെത്തിയതായി ചൈനീസ് ഭൂഗർഭശാസ്ത്രജ്ഞർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ഉയർന്ന ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
ശക്തമായ ഭൂകമ്പത്തെ അണക്കെട്ടിന് അതിജീവിക്കാനായാലും, അതിന്റെ ആഘാതത്തിൽ ഉണ്ടാകുന്ന മണ്ണിടിച്ചിൽ, പാറയിടിച്ചിൽ, പെട്ടെന്നുള്ള മലവെള്ളപ്പാച്ചിൽ തുടങ്ങിയ പ്രതിഭാസങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിമാലയൻ മേഖലയിൽ മഞ്ഞുമലകൾ അതിവേഗം ഉരുകുന്നതും മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കങ്ങളും വർധിക്കുന്നതും ഇത്തരം വൻകിട പദ്ധതികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമാക്കുന്നു.
നേപ്പാളിലെ ഇപ്പോഴത്തെ ദുരന്തത്തിന് ചൈനയുടെ അണക്കെട്ട് പദ്ധതിയെ നേരിട്ട് ഉത്തരവാദിയാക്കാനാകില്ലെങ്കിലും, ഹിമാലയൻ മേഖലയിൽ പ്രകൃതിദുരന്തങ്ങളും വൻകിട അണക്കെട്ടുകളും ഒരുമിച്ച് ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സംഭവം വീണ്ടും വഴിതുറന്നിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളിലൊന്നായ മെഡോഗ് അണക്കെട്ട് ടിബറ്റിലെ യാർലുംഗ് സാങ്പോ നദിയിൽ നിർമിക്കുകയാണ് ചൈന. ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ ഇതേ നദി ബ്രഹ്മപുത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചൽ പ്രദേശിന്റെ അതിർത്തിക്ക് സമീപമുള്ള മെഡോഗ് മേഖലയിലാണ് പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. 2033ഓടെ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഏകദേശം 137 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 300 ബില്യൺ കിലോവാട്ട് മണിക്കൂർ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇതുവഴി ഏകദേശം 30 കോടി ആളുകൾക്ക് വൈദ്യുതി ലഭ്യമാക്കാനാകുമെന്നാണ് ചൈനയുടെ അവകാശവാദം.
അതേസമയം, ‘ലോകത്തിന്റെ മേൽക്കൂര’ എന്നറിയപ്പെടുന്ന ടിബറ്റൻ പീഠഭൂമി ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയാണ്. അണക്കെട്ട് നിർമിക്കുന്ന മെഡോഗ് പ്രദേശവും ശക്തമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുള്ള മേഖലയാണ്. ഇത്രയും വലുപ്പത്തിലുള്ള ജലവൈദ്യുത പദ്ധതി ഇവിടെ സ്ഥാപിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയാണ് വിദഗ്ധർ ഉന്നയിക്കുന്നത്.
ശക്തമായ ഭൂകമ്പം, മണ്ണിടിച്ചിൽ, ഹിമപാതം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ അണക്കെട്ടിനും സമീപ പ്രദേശങ്ങൾക്കും വലിയ ഭീഷണിയുണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പദ്ധതിയുടെ നിർമാണം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നാണ് ചൈനയുടെ നിലപാട്.