ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ആരാണ് മിർസ ഫഖ്റുൽ ആലംഗീർ? ഇന്ത്യയുമായി നിർണായക ബന്ധം

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയും അധ്യാപന രംഗത്തിലൂടെയും പൊതുരംഗത്തെത്തി, പിന്നീട് ബിഎൻപിയുടെ പ്രധാന നേതാക്കളിലൊരാളായി ഉയർന്ന മിർസ പതിറ്റാണ്ടുകളുടെ രാഷ്ടീയ പാരമ്പര്യമുള്ള വ്യക്തിയാണ്
ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ആരാണ് മിർസ ഫഖ്റുൽ ആലംഗീർ? ഇന്ത്യയുമായി നിർണായക ബന്ധം
Published on

ബംഗ്ലാദേശ് തങ്ങളുടെ രാഷ്ട്രീയ പ്രയാണത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകവെയാണ് രാജ്യത്തിന് ഒരു പുതിയ പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (BNP) മുതിർന്ന നേതാവായ മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ രാജ്യത്തിന്റെ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പാർലമെന്റിൽ നടന്ന മത്സരത്തിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഒലി അഹമ്മദിനെ പരാജയപ്പെടുത്തിയാണ് മിർസ ഫഖ്റുൽ ഈ പദവിയിലെത്തിയത്. കഴിഞ്ഞ 35 വർഷത്തിനിടെ ബംഗ്ലാദേശിൽ നടക്കുന്ന ആദ്യ മത്സരപൂർണ്ണമായ (contested) പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്.

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെയും അധ്യാപന രംഗത്തിലൂടെയും പൊതുരംഗത്തെത്തി, പിന്നീട് ബിഎൻപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായി ഉയർന്ന മിർസ പതിറ്റാണ്ടുകളുടെ രാഷ്ടീയ പാരമ്പര്യമുള്ള വ്യക്തിയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അമരത്തുനിന്ന് രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്കാണ് അദ്ദേഹം ഇപ്പോൾ ചുവടുവെയ്ക്കുന്നത്.

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ആരാണ് മിർസ ഫഖ്റുൽ ആലംഗീർ? ഇന്ത്യയുമായി നിർണായക ബന്ധം
കോട്ടകളിൽ വിള്ളൽ, മങ്ങുന്ന മോദി പ്രഭാവം; ഉപതിരഞ്ഞെടുപ്പ് നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ, പ്രതിപക്ഷത്തിന് ആഘോഷിക്കാൻ വകയുണ്ടോ?

ആരാണ് യഥാർഥത്തിൽ മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ?

ആദ്യകാല ജീവിതവും വിദ്യാഭാസവും

1948 ജനുവരി 26-ന് ഠാക്കൂർഗാവിൽ ജനനം. പിതാവ് മിർസ റൂഹുൽ അമീൻ എം.പി.യും മന്ത്രിയുമായിരുന്നു. ധാക്ക സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1969-ലെ ബഹുജന പ്രക്ഷോഭത്തിൽ വിദ്യാർത്ഥി നേതാവായി സജീവ പങ്കാളിത്തം.

അധ്യാപനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്

പഠനത്തിനു ശേഷം സിവിൽ സർവീസിലൂടെ അധ്യാപന മേഖലയിൽ പ്രവേശിച്ചു. ധാക്ക കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു. കൂടാതെ യ യുനെസ്കോ നാഷണൽ കമ്മീഷനിലും പ്രവർത്തിച്ചു.

ബിഎൻപിയുടെ അമരക്കാരൻ

പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം തങ്ഗയിൽ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തായിരുന്ന സമയത്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ പാർട്ടിയെ നയിച്ചതിൽ പ്രധാന പങ്കുവഹിച്ചു. ഏറെക്കാലമായി ബിഎൻപിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ആരാണ് മിർസ ഫഖ്റുൽ ആലംഗീർ? ഇന്ത്യയുമായി നിർണായക ബന്ധം
സഖ്യകക്ഷികളുടെ പ്രതിഷേധം അവഗണിച്ച് ട്രംപ്; എണ്‍പതിലധികം രാജ്യങ്ങള്‍ക്കുമേല്‍ വീണ്ടും വന്‍ നികുതി ഭാരം, ആഗോള വ്യാപാരത്തില്‍ 'തീരുവ യുദ്ധം'

ഫഖ്‌റുൽ ഭരണം ബംഗ്ലാദേശിന് എന്തുകൊണ്ട് നിർണ്ണായകമാണ്?

ഭരണഘടനാപരമായ മാറ്റങ്ങൾ

പ്രധാനമന്ത്രി കൈയാളുന്ന അനിയന്ത്രിതമായ ഭരണാധികാരങ്ങൾ പരിമിതപ്പെടുത്താനും, രാഷ്ട്രപതിയുടെ പദവിക്ക് കൂടുതൽ നിയന്ത്രണാധികാരങ്ങൾ നൽകാനുമുള്ള ഭരണഘടനാ പരിഷ്കാരങ്ങൾ വരാനിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

രാഷ്ട്രീയ സ്ഥിരത

മുൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജിയെ തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാനും രാജ്യത്ത് ജനാധിപത്യപരമായ ഭരണം ഉറപ്പാക്കാനും അദ്ദേഹത്തിന്റെ നേതൃത്വം നിർണ്ണായകമാകും.

നിഷ്പക്ഷമായ മേൽനോട്ടം

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാൻ 'കെയർടേക്കർ ഗവൺമെന്റ്' സംവിധാനം തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുമ്പോൾ, ഭരണഘടനാ തലവനെന്ന നിലയിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് അദ്ദേഹമായിരിക്കും.

വർഷങ്ങളോളം പ്രതിപക്ഷ നിരയിൽ നിന്ന് പാർട്ടിയെ നയിച്ച വ്യക്തി എന്ന നിലയിൽ, എല്ലാ വിഭാഗം ജനങ്ങളുടെയും ഭരണകൂടത്തിന്റെയും വിശ്വാസം നേടിയെടുത്ത് മുന്നോട്ട് പോകുക എന്നതായിരിക്കും മിർസയുടെ പ്രധാന വെല്ലുവിളി.

ഇന്ത്യയോട് കർശന നിലപാടെടുത്ത നേതാവ്

ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുമ്പോഴും, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ ബഹുമാനിക്കണമെന്ന് ആലംഗീർ മുൻപ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ആരാണ് മിർസ ഫഖ്റുൽ ആലംഗീർ? ഇന്ത്യയുമായി നിർണായക ബന്ധം
കണ്ണിങ്ഹാം സര്‍ക്കുലര്‍ മുതല്‍ കാമ്പസ് സെന്‍സറിങ് വരെ: ബ്രിട്ടീഷ് രാജിന്റെ തന്ത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍

2024 ഡിസംബറിൽ ലണ്ടനിൽ നടന്ന ബിഎൻപി റാലിയെ അഭിസംബോധന ചെയ്യവേ, അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനു നേരെയുണ്ടായ ആക്രമണത്തെയും മറ്റ് നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ നടന്ന പ്രതിഷേധങ്ങളെയും ആലംഗീർ രൂക്ഷമായി വിമർശിച്ചിരുന്നു. 2024-ൽ ഭരണം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയെ ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം തന്നെ, ഇന്ത്യയെ ബംഗ്ലാദേശിന്റെ "ഏറ്റവും വലിയ അയൽരാജ്യവും സുഹൃത്തുമായി" വിശേഷിപ്പിച്ച ആലംഗീർ, 1971-ലെ വിമോചന യുദ്ധത്തിൽ ഇന്ത്യ നൽകിയ പങ്കിനെ സ്മരിക്കുകയും ചെയ്തു. എങ്കിലും ബംഗ്ലാദേശുകാരെ താഴ്ത്തിക്കെട്ടരുതെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും ജനങ്ങളുടെ ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ബഹുമാനിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

അതേമാസത്തിൽ നടത്തിയ മറ്റൊരു പ്രസ്താവനയിൽ, ബംഗ്ലാദേശികളുടെ ജനാധിപത്യ ആഗ്രഹങ്ങളെ ഇന്ത്യ ബഹുമാനിക്കുമെന്ന് ബിഎൻപി പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന ബംഗ്ലാദേശ് വിരുദ്ധ നിലപാടുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ വിള്ളലുകൾ വീഴ്ത്താൻ ഇടയാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

Madism Digital
madismdigital.com