ഇന്ത്യയിലെ ജനജീവിതത്തെയും ആരോഗ്യരംഗത്തെയും നിശ്ശബ്ദമായി വിഴുങ്ങുന്ന ഒരു ദുരന്തത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്ത് ഒരു ദിവസം മാത്രമുണ്ടാകുന്ന കടുത്ത ഉഷ്ണതരംഗം പോലും പ്രതിവര്‍ഷം ശരാശരി 3,400 പേരുടെ മരണത്തിന് കാരണമാകുന്നുണ്ടെന്നാണ് മെയ് 26-ന് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര ജേണലായ 'ഫ്രണ്ടിയേഴ്‌സ് ഇന്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത്' റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉഷ്ണതരംഗമായാല്‍ മരണസംഖ്യ മുപ്പതിനായിരത്തോളം (30,000) ആയി കുതിച്ചുയരുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍, ഈ യഥാര്‍ത്ഥ ഭീകരാവസ്ഥയെ പാടേ നിഷേധിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കുറഞ്ഞ മരണനിരക്കുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.
സര്‍ക്കാര്‍ കണക്കുകളിലെ വൈരുദ്ധ്യം
ഈ പഠനമനുസരിച്ച് ഇന്ത്യയില്‍ വെറും ഒരു ദിവസത്തെ കടുത്ത ഉഷ്ണതരംഗം പോലും 3,400-ഓളം മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും മാധ്യമങ്ങളും പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മുഴുവന്‍ വര്‍ഷത്തെയും ആകെ ചൂടുമരണങ്ങള്‍ വെറും 800-ല്‍ താഴെ മാത്രമാണ്! അതുപോലെ ഒരേ വര്‍ഷത്തെ മരണനിരക്കില്‍ പോലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന വിവരങ്ങള്‍ പരസ്പരവിരുദ്ധമാണ്.
ഉദാഹരണത്തിന് (2024 മാര്‍ച്ച് - ജൂലൈ കാലയളവ്): ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍ നിന്നായി 733 പേര്‍ സൂര്യാതപമേറ്റ് മരിച്ചതായി 'ഹീറ്റ് വാച്ച്' എന്ന സ്വതന്ത്ര സംഘടന കണ്ടെത്തി. എന്നാല്‍ ഇതേ കാലയളവില്‍ ഇതേ സംസ്ഥാനങ്ങളിലെ മരണസംഖ്യ കേന്ദ്ര ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ (ലോക്സഭയില്‍) രേഖപ്പെടുത്തിയത് വെറും 360 മാത്രമാണ്. അതായത് പകുതിയിലധികം മരണങ്ങളും ഔദ്യോഗിക രേഖകളില്‍ നിന്ന് അപ്രത്യക്ഷമായി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018 നും 2022 നും ഇടയിലുള്ള 5 വര്‍ഷത്തിനിടെ ഇന്ത്യയിലാകെ മരിച്ചത് 3,798 പേര്‍ മാത്രമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ആകട്ടെ കഴിഞ്ഞ 20 വര്‍ഷത്തെ ആകെ സൂര്യാതപ മരണം വെറും 20,615 ആയി ചുരുക്കിക്കാണിക്കുന്നു. എന്നാല്‍ പുതിയ പഠനപ്രകാരം അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഒരൊറ്റ ഉഷ്ണതരംഗമുണ്ടായാല്‍ തന്നെ രാജ്യത്ത് മുപ്പതിനായിരത്തോളം (30,000) പേര്‍ മരണപ്പെടുന്നുണ്ട്.
എന്തുകൊണ്ട് ഈ ഒളിച്ചുകളി?
ഇന്ത്യയില്‍ ഭൂരിഭാഗം ഉഷ്ണതരംഗ മരങ്ങളും ഔദ്യോഗികമായി 'സൂര്യാതപം' (Heatstroke) എന്ന ഗണത്തില്‍ രേഖപ്പെടുത്താറില്ല. കടുത്ത ചൂട് മൂലം ഹൃദയാഘാതമോ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തന വൈകല്യമോ ഉണ്ടായാണ് പലരും മരിക്കുന്നത്. പഠനത്തില്‍ ഉപയോഗിച്ച 'എക്‌സസ് മോര്‍ട്ടാലിറ്റി' (Excess Mortality) എന്ന ശാസ്ത്രീയ രീതിയിലൂടെ മാത്രമേ ഇത്തരം അദൃശ്യ മരണങ്ങളെ കൃത്യമായി കണ്ടെത്താനാകൂ.
കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതല്‍ തീവ്രവും ഇടവിട്ടതുമായി മാറുമ്പോഴും, ഇന്ത്യന്‍ സര്‍ക്കാര്‍ ഉഷ്ണതരംഗങ്ങളെ ഒരു 'ദേശീയ ദുരന്തമായി' (Notified National Disaster) ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാന്‍ പ്രത്യേക ഫണ്ടുകള്‍ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു
ശാസ്ത്രീയ പഠനത്തിന്റെ വഴിത്തിരിവ്
ഡല്‍ഹി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്, അശോക യൂണിവേഴ്‌സിറ്റി, നാഷണല്‍ റിസര്‍ച്ച് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ 2008 മുതല്‍ 2019 വരെയുള്ള കാലയളവിലെ 10 ഇന്ത്യന്‍ നഗരങ്ങളിലെ മരണനിരക്കും താപനിലയും വിശകലനം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരായ പിയൂഷ് നാരംഗ്, അശോക് ഗാഡ്ഗില്‍ എന്നിവര്‍ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ (CRS 2020) ജില്ലാതല ജനസംഖ്യാ-മരണ ഡാറ്റയുമായി ഇതിനെ കൂട്ടിച്ചേര്‍ത്ത് നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു പ്രദേശത്തെ ചരിത്രപരമായ താപനിലയുടെ 97 ശതമാനത്തിനും മുകളില്‍ (97th annual percentile) തുടര്‍ച്ചയായി രണ്ട് ദിവസം ചൂട് രേഖപ്പെടുത്തുന്നതിനെയാണ് ഇവര്‍ കടുത്ത ഉഷ്ണതരംഗമായി കണക്കാക്കിയത്. ഇത്തരം രണ്ട് ദിവസത്തെ ഉഷ്ണതരംഗം രാജ്യത്തെ പ്രതിദിന മരണനിരക്കില്‍ 14.7 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ ആരോഗ്യ ദുരന്തത്തിന്റെ ഭാരം രാജ്യത്ത് തുല്യമായല്ല വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് കടുത്ത ഒരു 'പരിസ്ഥിതി അനീതി' (Environmental Injustice) ആണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അഞ്ച് ദിവസത്തെ ഉഷ്ണതരംഗമുണ്ടായാല്‍ ഉണ്ടാകുന്ന ആകെ മരണങ്ങളില്‍ 60 ശതമാനവും സംഭവിക്കുന്നത് വെറും 5 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
5 ദിവസത്തെ ഉഷ്ണതരംഗത്തിലെ മരണങ്ങള്‍ (ഏകദേശം) സംസ്ഥാനം തിരിച്ച്
ഉത്തര്‍പ്രദേശ് 8,056
ബീഹാര്‍ 3,615
മധ്യപ്രദേശ് 2,964
രാജസ്ഥാന്‍ 2,664
ഗുജറാത്ത് 2,354
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 43 ശതമാനം വരുന്ന ഈ അഞ്ച് സംസ്ഥാനങ്ങളാണ് ചൂടുമരണത്തിന്റെ 66 ശതമാനവും ചുമക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് (GDP) ഇവരുടെ സംഭാവന വെറും 29 ശതമാനം മാത്രമാണ്. അതായത്, ചൂടിനെ പ്രതിരോധിക്കാനുള്ള സാമ്പത്തിക ശേഷി ഏറ്റവും കുറഞ്ഞ ദരിദ്ര സംസ്ഥാനങ്ങളാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകള്‍.
ജില്ലാതലത്തിലെ ഭീതിദമായ അവസ്ഥ
പ്രാദേശിക തലത്തിലേക്ക് പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ വന്‍ നഗരങ്ങളാണ് ഉഷ്ണതരംഗത്തിന്റെ പ്രധാന ഇരകള്‍. അഞ്ച് ദിവസത്തെ ഉഷ്ണതരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രധാന ജില്ലകള്‍ താഴെ പറയുന്നവയാണ്:
അഹമ്മദാബാദ്: 307 മരണങ്ങള്‍
ജയ്പൂര്‍: 265 മരണങ്ങള്‍
സൂററ്റ്: 261 മരണങ്ങള്‍
മറ്റ് അപകടസാധ്യതയുള്ള ജില്ലകള്‍: പ്രയാഗ്രാജ്, പട്ന, ലഖ്നൗ, കാണ്‍പൂര്‍ നഗര്‍, അസംഗഡ്, ആഗ്ര, ബറേലി (ഓരോ ജില്ലയിലും 180-ലധികം മരണങ്ങള്‍ പ്രതീക്ഷിക്കുന്നു).
ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വലിയ തിരിച്ചടി
കാലാവസ്ഥാ വ്യതിയാനം കാരണം ഉഷ്ണതരംഗങ്ങള്‍ കൂടുതല്‍ തീവ്രവും ഇടവിട്ടതുമായി മാറുമ്പോഴും, ഇന്ത്യന്‍ സര്‍ക്കാര്‍ ഉഷ്ണതരംഗങ്ങളെ ഒരു 'ദേശീയ ദുരന്തമായി' (Notified National Disaster) ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ പ്രതിസന്ധിയെ നേരിടാന്‍ പ്രത്യേക ഫണ്ടുകള്‍ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. 1999 ലെ ഒഡീഷ സൂപ്പര്‍ സൈക്ലോണ്‍ എപ്രകാരമാണോ രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങളെ മാറ്റിമറിച്ചത്, അതേ രീതിയിലുള്ള ഒരു അടിയന്തര ഇടപെടല്‍ ഉഷ്ണതരംഗങ്ങളുടെ കാര്യത്തിലും ഉണ്ടാകണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്.
English Summary: A new study published on May 26 in the international journal Frontiers in Environmental Health has revealed the alarming human cost of extreme heat in India. According to the research, even a single day of severe heatwave conditions can lead to an average of 3,400 deaths annually across the country. If a heatwave persists for five consecutive days, the death toll could surge to nearly 30,000. The findings highlight a major public health crisis linked to rising temperatures and climate change. The report also raises concerns that official figures released by the Indian government significantly underestimate heat-related deaths, potentially obscuring the true scale of the disaster.