Environment

ചൂടും അപകടങ്ങളും വില്ലനാകുമ്പോള്‍; സുരക്ഷാ കവചമില്ലാത്ത ഇന്ത്യയിലെ കരാര്‍ തൊഴിലാളികള്‍

സര്‍വേയില്‍ പങ്കെടുത്തവരില്‍ 62.2 ശതമാനം പേര്‍ വാഹന അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞപ്പോള്‍, 38 ശതമാനം പേര്‍ക്ക് റോഡുകളുടെ മോശം അവസ്ഥ കാരണം പരിക്കേല്‍ക്കുകയും 27.5 ശതമാനം പേര്‍ റോഡപകടങ്ങളില്‍പ്പെടുകയും ചെയ്തിട്ടുണ്ട്

Madism Desk

ഇന്ത്യയില്‍ ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് ജീവിക്കുന്ന കരാര്‍ തൊഴിലാളികള്‍ ജോലിസ്ഥലങ്ങളില്‍ നേരിടുന്നത് കടുത്ത സുരക്ഷാഭീഷണികളും ആരോഗ്യ വെല്ലുവിളികളുമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. തൊഴിലിനിടയില്‍ നേരിടുന്ന അപകടസാധ്യതകള്‍ ഏറുമ്പോഴും ഇവര്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷയോ സുരക്ഷാ പരിശീലനങ്ങളോ പരാതിപരിഹാര സംവിധാനങ്ങളോ ലഭിക്കുന്നില്ലെന്ന് ദേശീയതലത്തില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. തൊഴിലവകാശ സംഘടനയായ 'ജന്‍പഹലും' ഗിഗ് തൊഴിലാളികളുടെ സംഘടനയായ 'ഗിഗ് ഡബ്ല്യു.എ.'യും (GigWA) ചേര്‍ന്ന് നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ പ്രധാന 10 നഗരങ്ങളിലെ 1,000 കരാര്‍ തൊഴിലാളികളിലാണ് സര്‍വേ നടത്തിയത്.

വില്ലനായി കടുത്ത വേനല്‍ച്ചൂട്

കടുത്ത വേനല്‍ച്ചൂടാണ് തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട അപകടസാധ്യതയെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. കടുത്ത കാലാവസ്ഥയില്‍ ജോലി ചെയ്യുന്നതായി വ്യക്തമാക്കിയ 778 തൊഴിലാളികളില്‍ 96.57 ശതമാനം പേരും അമിതമായ ചൂട് തങ്ങളുടെ ജോലിയെ ബാധിക്കുന്നതായി അറിയിച്ചു. ചൂട് തങ്ങളുടെ ഉല്‍പ്പാദനക്ഷമതയെയും സുരക്ഷയെയും സാരമായി ബാധിക്കുന്നുവെന്ന് 75.5 ശതമാനം പേര്‍ പറഞ്ഞു. ശാരീരിക തളര്‍ച്ച, നിര്‍ജ്ജലീകരണം, സൂര്യാഘാതം എന്നിവയാണ് ചൂട് മൂലമുണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളായി ഇവര്‍ ചൂണ്ടിക്കാണിച്ചത്.

തൊഴിലിലെ അപകടസാധ്യതകള്‍ ഇത്രയേറെ ഉണ്ടായിരുന്നിട്ടും സര്‍വേയില്‍ പങ്കെടുത്ത 62.2 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സോ 44.2 ശതമാനം പേര്‍ക്കും അപകട ഇന്‍ഷുറന്‍സോ ഇല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റോഡ് സുരക്ഷയാണ് മറ്റൊരു പ്രധാന വെല്ലുവിളി. സര്‍വേയില്‍ പങ്കെടുത്തവരില്‍ 62.2 ശതമാനം പേര്‍ വാഹന അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പറഞ്ഞപ്പോള്‍, 38 ശതമാനം പേര്‍ക്ക് റോഡുകളുടെ മോശം അവസ്ഥ കാരണം പരിക്കേല്‍ക്കുകയും 27.5 ശതമാനം പേര്‍ റോഡപകടങ്ങളില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 66.4 ശതമാനം പേരും ജോലി ആവശ്യങ്ങള്‍ക്കായി സ്വന്തം സ്‌കൂട്ടറുകളോ മോട്ടോര്‍ സൈക്കിളുകളോ ആണ് ഉപയോഗിക്കുന്നത്. അപകട ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ ശ്രമിച്ച 80 ശതമാനത്തിലധികം തൊഴിലാളികളും ആ നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

സ്ഥാപനങ്ങളുടെ പിന്തുണയില്ല, ഉത്തരവാദിത്തം തൊഴിലാളിയുടെ മാത്രം

തൊഴില്‍പരമായ അപകടസാധ്യതകള്‍ നേരിടേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം തൊഴിലാളികളുടെ മാത്രം ചുമതലയായി മാറുന്നതായും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് സാമൂഹിക സുരക്ഷാ സംവിധാനങ്ങളില്‍ നിന്നോ കാര്യമായ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, 59.3 ശതമാനം തൊഴിലാളികള്‍ക്കും തങ്ങള്‍ ജോലി ചെയ്യുന്ന പ്ലാറ്റ്ഫോമുകളില്‍ നിന്ന് യാതൊരുവിധ സുരക്ഷാ പരിശീലനമോ അനുബന്ധ സൗകര്യങ്ങളോ ലഭിച്ചിട്ടില്ല. 23.4 ശതമാനം പേര്‍ ലഭിച്ച പരിശീലനം അപൂര്‍ണ്ണമാണെന്ന് അഭിപ്രായപ്പെട്ടു. വെറും 7.5 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് സമഗ്രമായ സുരക്ഷാ പരിശീലനവും അവബോധവും ലഭിച്ചിട്ടുള്ളത്.

അജ്ഞതയും ആനുകൂല്യങ്ങളുടെ നഷ്ടവും

ഏറ്റവും ആശങ്കാജനകമായ വസ്തുത, സര്‍വേയില്‍ പങ്കെടുത്ത 50% തൊഴിലാളികളും കേന്ദ്ര സര്‍ക്കാരിന്റെ 'ഇ-ശ്രം' (e-Shram) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ്. ഇതുമൂലം പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വഴിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന വഴിയുള്ള അപകട ഇന്‍ഷുറന്‍സ് തുടങ്ങിയ നിര്‍ണായക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ഈ തൊഴിലാളികള്‍ക്ക് ലഭിക്കാതെ പോകുന്നു. കൂടാതെ, 'കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020' അനുസരിച്ച് ഗിഗ് തൊഴിലാളികള്‍ക്ക് ലഭ്യമാകേണ്ട നിയമപരിരക്ഷകള്‍ ലഭിക്കുന്നതിനും ഇത് വലിയ തടസ്സമാകുന്നുണ്ട്. ഗിഗ് തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ ശക്തമായ ഇടപെടലുകള്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്.

A national survey conducted by Janpahal and the Gig Workers Association (GigWA) across 10 major Indian cities reveals that platform-based gig workers face severe safety hazards and health risks. Out of 1,000 respondents, over 96% working in extreme weather cited severe heat as a major factor causing fatigue, dehydration, and heatstroke. Additionally, 62.2% lack health insurance, 44.2% have no accident coverage, and over 80% found the insurance claim process overly complex. Despite high road accident risks, nearly 60% received no safety training from their platforms. Furthermore, 50% are not registered on the e-Shram portal, depriving them of vital central social security schemes and protections under the Code on Social Security 2020.