Monicah Mwangi
Environment

അന്താരാഷ്ട്ര വിപണിയിൽ വൻ വില, കെനിയയിൽനിന്ന് ഓരോ വര്‍ഷവും കടത്തുന്നത് ആയിരക്കണക്കിന് ഉറുമ്പുകളെ; ചൈനക്കാരന് തടവുശിക്ഷ

തോട്ട ഉറുമ്പുകളെ കടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് പരിസ്ഥിതിക്ക് വെല്ലുവിളിയാവുന്ന സാഹചര്യത്തില്‍ ശിക്ഷ കടുപ്പിക്കണമെന്ന് കെനിയൻ കോടതി

Madism Desk

കള്ളക്കടത്തിനു പിടിയിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും അത്ര പുതുമയുള്ള വാര്‍ത്തയല്ല. എന്നാല്‍, ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ചതിനു ഒരു ചൈനീസ് പൗരന്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമാകുകയാണ്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഉറുമ്പുകളെയാണ് ഷാങ് കെക്വന്‍ എന്ന ചൈനക്കാരന്‍ കെനിയയില്‍നിന്ന് കടത്താന്‍ ശ്രമിച്ചത്. ഇയാളെ നെയ്‌റോബി കോടതി ഒരു വര്‍ഷത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ചിരിക്കുകയാണ്.

ചൈന, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് ഉറുമ്പുകളെ പ്രധാനമായും കടത്തുന്നത്. ഈ രാജ്യങ്ങളില്‍ വളര്‍ത്താനായി ഉപയോഗിക്കാനാണ് കൊണ്ടുപോകുന്നത്. പതിനായിരത്തോളം (100 ഡോളര്‍) രൂപയാണു വില.

ബെല്‍ജിയന്‍ കൗമാരക്കാര്‍ അറസ്റ്റിലായതോടെയാണ് ഉറമ്പുകടത്ത് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇവരുടെ പക്കല്‍നിന്ന് ഏകദേശം 5,000 ഉറുമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ചെറിയ ടെസ്റ്റ് ട്യൂബുകളില്‍ സൂക്ഷിച്ചനിലയിലായിരുന്നു ഉറുമ്പുകള്‍. ഇരുവര്‍ക്കുമായി ഏകദേശം 7.18 ലക്ഷം (7,700 ഡോളര്‍) പിഴ ചുമത്തിയിരുന്നു.

ഒളിവിലായിരുന്ന ഷാങ് കെക്വന്‍ മാര്‍ച്ച് 10 നാണ് അറസ്റ്റിലായത്. രണ്ട് വിയറ്റ്‌നാമീസ്, കെനിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട മറ്റൊരു കേസുമായി ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നു.

ചൈനയിലേക്ക് പോകാന്‍ നെയ്റോബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഷാങ് അറസ്റ്റിലാവുന്നത്. ഇയാളുടെ ലഗേജില്‍നിന്ന് ടെസ്റ്റ് ട്യൂബുകളില്‍ സൂക്ഷിച്ച നിലയില്‍ 2,200-ലധികം ഉറുമ്പുകളെ അധികൃതര്‍ കണ്ടെത്തി. ഇവയില്‍ 1,948 എണ്ണം വിലയേറിയ മെസ്സോര്‍ സെഫലോട്ട് ഇനത്തില്‍ പെട്ടവയായിരുന്നു.

ഒരു വര്‍ഷത്തെ തടവും 10 ലക്ഷം കെനിയ ഷില്ലിങ് (7,700 ഡോളര്‍) പിഴയുമാണ് പ്രതിക്ക് നെയ്‌റോബി കോടതി ഐറിന്‍ ഗിച്ചോബി വിധിച്ചിരിക്കുന്നത്. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ ചൈനയിലേക്കു നാടുകടത്തും.

തോട്ട ഉറുമ്പുകളെ കടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് പരിസ്ഥിതിക്ക് വെല്ലുവിളിയാവുന്ന സാഹചര്യത്തില്‍ ശിക്ഷ കടുപ്പിക്കേണ്ടതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു സംഭവത്തില്‍, കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്ക് ഉറുമ്പുകളെ വിറ്റതിന് കെനിയക്കാരനായ ചാള്‍സ് മവാംഗിക്കെതിരെ പോലീസ് കേസെടുത്തു.

English summary: A Kenyan court sentenced a Chinese man to one year in prison and imposed a fine of about $7,700 after he was caught trying to smuggle more than 2,200 rare ants out of the country, drawing attention to the rising illegal trade in insects. The Messor cephalotes ants, which are highly sought after by collectors, were intended for international markets where they are often kept as pets, raising concerns about the ecological impact of large-scale harvesting. The incident highlights a broader trend in wildlife trafficking, with increasing focus on lesser-known yet environmentally significant species like ants.