പശ്ചിമേഷ്യന്‍ സംഘര്‍ഷം സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയുടെ പാചകവാതക (എല്‍പിജി) ഇറക്കുമതിയെ ബാധിച്ചതോടെ ഭക്ഷണം പാചകം ചെയ്യാന്‍ വിറക്, കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധങ്ങളിലേയ്ക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. വിറകിലേക്കും കല്‍ക്കരിയിലേക്കും തിരിച്ചുപോകുന്നത് യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പൊതുജനാരോഗ്യം, വായുമലിനീകരണം, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള മാറ്റത്തിലെ അസ്ഥിരത എന്നിവയെക്കുറിച്ചും വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ 90 ശതമാനവും വരുന്നത് ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നിര്‍ണായക കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ പാചകവാതക ഉപഭോഗത്തില്‍ 2.2 ദശലക്ഷം ടണ്ണിന്റെ ഇടിവുണ്ടായിട്ടുണ്ട്. യുദ്ധം നീണ്ടുപോയതോടെ, അനൗദ്യോഗിക വിപണികളില്‍ പാചകവാതകത്തിന്റെ വിലയില്‍ നാലിരട്ടിവരെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
ക്ഷാമമില്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ധനത്തിന്റെയും പെട്രോളിന്റെയും ഉപയോഗം പരിമിതപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇനി 45 ദിവസത്തേക്കുള്ള പാചകവാതക ശേഖരം മാത്രമാണുള്ളത്.
ജൈവ ഇന്ധനവും ആരോഗ്യ-പരിസ്ഥിതി അപകടങ്ങളും
ജൈവ ഇന്ധനത്തിലേക്കുള്ള മടക്കം വലിയതോതില്‍ ആരോഗ്യ-പരിസ്ഥിതി അപകടസാധ്യതകള്‍ ഉണ്ടാക്കും. നഗരങ്ങളിലെ വായുമലിനീകരണ തോത് കൂട്ടുകയും വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, അന്തരീക്ഷ മലിനീകരണത്തിന്റെയും വീടിനുള്ളിലെ വായുമലിനീകരണത്തിന്റെയും സംയുക്ത ഫലമായി പ്രതിവര്‍ഷം 6.7 ദശലക്ഷം ആളുകള്‍ അകാലത്തില്‍ മരിക്കുന്നുണ്ട്. പാചകം ചെയ്യുകയും വിറക് ശേഖരിക്കുകയും ചെയ്യുന്ന സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്.
ഡല്‍ഹി ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നാണ്. മലിനീകരണം കുറയ്ക്കുന്നതിനായി എല്‍പിജി, സിഎന്‍ജി തുടങ്ങിയ ശുദ്ധമായ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു വര്‍ഷങ്ങളായുള്ള നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ ശ്രമങ്ങള്‍ക്കാണ് ഇന്ധന പ്രതിസന്ധിയോടെ തിരിച്ചടി നേരിടുന്നത്. അതേസമയം, നിലവില്‍ കല്‍ക്കരിയുടെയും വിറകിന്റെയും ഉപയോഗത്തിനുള്ള നിയന്ത്രണങ്ങളില്‍ ഡല്‍ഹി അധികൃതര്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയിട്ടുണ്ട്.
'വില കൂടുമ്പോള്‍ ദരിദ്രര്‍ വിറകിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നു'വെന്ന് കാലാവസ്ഥാ പ്രവര്‍ത്തകനായ ഹര്‍ജീത് സിംഗ് പറയുന്നു. 'സൂക്ഷ്മ കണികാ മലിനീകരണത്തിന്റെ (fine particulate pollution) പ്രധാന സ്രോതസ്സാണ് ജൈവ ഇന്ധനം കത്തിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രദേശങ്ങളില്‍ വായുസഞ്ചാരം കുറവായതിനാല്‍ ഇതിന്റെ ആഘാതം വളരെ കൂടുതലായിരിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 10 കോടിയിലധികം സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലെ പ്രതിസന്ധി തെളിയിക്കുന്നത് കണക്ഷന്‍ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അത് ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയിലായിരിക്കണം എന്നതുമാണ്. കുടുംബങ്ങള്‍ ഇപ്പോള്‍ ഭക്ഷണത്തിനും ഇന്ധനത്തിനുമിടയില്‍ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്.
ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ഫിലിപ്പൈന്‍സും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ എല്‍പിജി ആവശ്യത്തിന്റെ 90 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ ഗ്യാസ് സിലിണ്ടറിന്റെ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഭക്ഷ്യവിലക്കയറ്റം കൂടിയായതോടെ പല കുടുംബങ്ങളും ഭക്ഷണം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഫിലിപ്പൈന്‍സിലെ എല്‍പിജി ഉപഭോഗം 30 ശതമാനം കുറഞ്ഞു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി എല്‍പിജിയുടെയും മണ്ണെണ്ണയുടെയും എക്‌സൈസ് നികുതി സര്‍ക്കാര്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തലാക്കിയിട്ടുണ്ട്.
English Summary: Due to the ongoing conflict in the Middle East and the blockade of the Strait of Hormuz, LPG supplies have been severely disrupted, causing prices to quadruple in some areas. As a result, millions of low-income families can no longer afford clean cooking gas and are being forced to return to using firewood, coal, and charcoal. This shift back to biomass fuels poses a major public health hazard. Burning wood and charcoal indoors releases toxic smoke and fine particulate matter, increasing the risk of respiratory diseases and other serious health problems.