Environment

നാല് വർഷത്തിലൊരിക്കൽ ലോകകപ്പിനൊപ്പം വരുന്ന അതിഥികൾ; തീൻ മേശയിലേക്ക് നിയാങ്താസർ ചീവീടുകളെ കാത്തിരിക്കുന്ന മേഘാലയൻ ​ഗ്രാമം

മേയ്-ജൂൺ മാസങ്ങളിലെ മഴക്കാലത്തിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകകപ്പിന്റെ സമയങ്ങളിലാണ് കോടിക്കണക്കിന് നിയാങ്താസർ ചീവീടുകൾ ഭൂമിക്കടിയിൽ നിന്ന് പുറത്തുവരുന്നത്

Madism Desk

ഫുട്ബോൾ ആരാ​​ധകർ ഓരോ നാല് വർഷത്തേയും കാത്തിരിക്കുന്നത് ലോകകപ്പെന്ന കാൽപന്ത് ഉത്സവത്തിനാണല്ലോ. എന്നാൽ അതേ കാലയളവിൽ ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനമായ മേഘാലയയിൽ ​ഗ്രാമ വാസികൾക്ക് മറ്റൊരു നാല് വർഷത്തെ കാത്തിരിപ്പുണ്ട്. പതിറ്റാണ്ടുകളായി സംസ്ഥാനത്തെ സൈദൻ ഗ്രാമവാസികൾ ലോകകപ്പിനോടൊപ്പം മറ്റൊരു വിസ്മയത്തിനെയും പ്രതീക്ഷിച്ച് നിൽക്കുന്നതിന്റെ കഥ..

നാല് വർഷം ഭൂമിക്കടിയിൽ കഴിയുന്ന ശേഷം ഒരുമിച്ച് പുറത്തുവരുന്ന നിയാങ്താസർ എന്ന അപൂർവ ചീവീടുകൾക്കുവേണ്ടിയാണ് ജനങ്ങളുടെ കാത്തിരിപ്പ്. മേയ്-ജൂൺ മാസങ്ങളിലെ മഴക്കാലത്തിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകകപ്പിന്റെ സമയങ്ങളിലാണ് കോടിക്കണക്കിന് നിയാങ്താസർ ചീവീടുകൾ ഭൂമിക്കടിയിൽ നിന്ന് പുറത്തുവരുന്നത്. കൂട്ടത്തോടെയുള്ള ഇവയുടെ വരവിൽ ഗ്രാമം മുഴുവൻ അവയുടെ ഉച്ചത്തിലുള്ള ശബ്ദം കൊണ്ട് നിറയും.

ഓരോ നാല് വർഷത്തിലും ലോകകപ്പും വരും, ആ സമയം തന്നെ നിയാങ്താസറും വരും. ഞങ്ങൾക്ക് രണ്ടും ഒരേ പ്രിയപ്പെട്ട സമയമാണെന്നാണ് ഗ്രാമമുഖ്യനായ ഇവാൻസിസ് ജോൺസ് മിർതോങ് പറഞ്ഞത്. തങ്ങളുടെ കൗമാരത്തിൽ ഈ ചീവീടുകളെ ശേഖരിച്ച് ഗ്രാമത്തിലെ ഏക ടെലിവിഷനിൽ രാത്രി വൈകിയും ലോകകപ്പ് മത്സരങ്ങൾ കണ്ടിരുന്ന ഓർമ്മകൾ ഇന്നും ഗ്രാമവാസികൾക്കുണ്ട്.

സൂര്യൻ അസ്തമിച്ചതോടെ ഗ്രാമവാസികൾ ടോർച്ചും "ടിൻഡോങ്" എന്ന മുളകൊണ്ടുള്ള പാത്രവുമെടുത്ത് കാടിന്റെ അതിർത്തിയിലേക്ക് നീങ്ങും. തുടക്കത്തിൽ അത്ര വലുതല്ലാത്ത ചീവീടുകളാണ് മണ്ണ് തുരന്ന് പുറത്തുവരുന്നത്. ഇളം നീലയും പിങ്കും കലർന്ന നിറങ്ങളുള്ള ഈ സിക്കാഡകളുടെ പുറംതോട് അപ്പോഴും മൃദുവായിരിക്കും. മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഇലകളിൽ നിന്ന് അവയെ ശ്രദ്ധയോടെ ശേഖരിച്ച് പാത്രങ്ങളിലാക്കുകയാണ് ഗ്രാമവാസികൾ. പൂർണ വളർച്ചയെത്തുന്നതിന് മുമ്പുള്ള സിക്കാഡകളെയാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.

പിറ്റേന്ന് രാവിലെതന്നെ ശേഖരിച്ച ചീവീടുകൾ ഗ്രാമത്തിലെ വീടുകളിലും ചെറിയ ചായക്കടകളിലും വിഭവങ്ങളായി മാറും. ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്ന നിയാങ്താസർ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ്. ഇതിന്റെ രുചി ചെമ്മീനിനോട് സാമ്യമുള്ളതാണ്. പുറത്ത് പരുത്തതും അകത്ത് മൃദുവുമായ ഈ വിഭവം സീസൺ കാലത്ത് നല്ല വരുമാനവും നൽകുന്നു. ഒരു കിലോ അസംസ്കൃത നിയാങ്താസറിന് 400 മുതൽ 800 രൂപവരെ വില ലഭിക്കും.

"നിയാങ്" എന്നാൽ കീടമെന്നും "ടാസർ" ഒരു സ്ത്രീയുടെ പേരുമാണ്. ഗ്രാമത്തിലെ ഐതിഹ്യമനുസരിച്ച് ടാസർ എന്ന സ്ത്രീ ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ട ശേഷം ഗുരുതര രോഗബാധിതയായി. രോഗം പകരാതിരിക്കാൻ ഗ്രാമവാസികൾ അവളെ കാട്ടിന്റെ അരികിലെ ഒരു കുടിലിൽ ഒറ്റപ്പെടുത്തി. നാല് വർഷങ്ങൾക്ക് ശേഷം അവിടെ തിരിച്ചെത്തിയപ്പോൾ ടാസറെ കാണാനായില്ല. പകരം ആയിരക്കണക്കിന് കീടങ്ങൾ കുടിലിലും കാട്ടിലും നിറഞ്ഞിരുന്നു. അതിനുശേഷം നാല് വർഷത്തിലൊരിക്കൽ ടാസർ ഈ കീടങ്ങളുടെ രൂപത്തിൽ തിരിച്ചെത്തുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. മരങ്ങളിൽ നിന്ന് വീഴുന്ന ജലത്തുള്ളികളെ അവർ "ടാസറിന്റെ സാന്നിധ്യം" എന്നാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ ശാസ്ത്രലോകം ഇതിനെ "സിക്കാഡ മഴ" (Cicada Rain) എന്നാണ് വിളിക്കുന്നത്. ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിലെ കീടശാസ്ത്രജ്ഞനായ പ്രൊഫ. സുധന്യ റായ് ഹാജോങ് 2006-ലാണ് ഈ സിക്കാഡയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. പിന്നീട് ഇത് ലോകത്ത് മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത അപൂർവ ഇനമാണെന്ന് കണ്ടെത്തി. സിക്കാഡയ്ക്ക് "റിഭോയ് ക്രെമിസ്റ്റിക്ക" (Ribhoi Chremistica) എന്ന ശാസ്ത്രീയ നാമവും നൽകി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നാല് വർഷത്തെ കൃത്യമായ ജീവിതചക്രമുള്ള ഏക സിക്കാഡ ഇനമാണിത്.

മുളയുടെ വേരുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് നാല് വർഷം ഭൂമിക്കടിയിൽ കഴിയുന്ന ഇവ, മഴയും താപനിലയും മണ്ണിലെ ഈർപ്പവും ഉൾപ്പെടെയുള്ള പ്രകൃതിസൂചനകളെ ആശ്രയിച്ചാണ് സമയം തിരിച്ചറിയുന്നത്. നാല് വർഷം പൂർത്തിയാകുമ്പോൾ കോടിക്കണക്കിന് സിക്കാഡകൾ ഒരേ സമയത്ത് പുറത്തുവരുന്നു. ഭക്ഷണ സ്റ്റാളുകൾ, സംഗീത പരിപാടികൾ, മത്സ്യബന്ധന മത്സരം, ഫുട്ബോൾ ടൂർണമെന്റ് എന്നിവയിലൂടെ ഈ ചീവീടിനേയും അതുമായി ബന്ധപ്പെട്ട സംസ്കാരത്തെയും ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെ സൈദൻ ഗ്രാമത്തിൽ 2010 മുതൽ നിയാങ്താസർ ഫെസ്റ്റിവൽ എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.

എന്നാൽ വനനശീകരണം, കാട്ടുതീ, വികസന പദ്ധതികൾ, ജൂം കൃഷി തുടങ്ങിയവ സിക്കാഡകളുടെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതിനെ നേരിടാൻ ഗ്രാമസഭ 16 ഹെക്ടറിലധികം ഭൂമി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇതിനെ വേട്ടയാടുന്നത് പൂർണമായും നിരോധിച്ചുമുണ്ട്. ജൂൺ പകുതിയോടെ നിയാങ്താസറിന്റെ ജീവിതം അവസാനിക്കും. വളർന്ന സിക്കാഡകൾ കൂട്ടത്തോടെ ഉംറോങ് നദിയിലേക്ക് പറന്ന് വെള്ളത്തിൽ വീഴും. നാട്ടുകാർ ഇതിനെ "നിയാങ്താസർ ആത്മഹത്യ" എന്ന് വിളിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദമാണ് അവയെ നദിയിലേക്ക് ആകർഷിക്കുന്നത്. ഒരുകാലത്ത് വീടുകൾക്ക് മുന്നിലും ഗ്രാമവഴികളിലും നിറഞ്ഞുനിന്നിരുന്ന നിയാങ്താസറിനെ ഇപ്പോൾ കണ്ടെത്താൻ ടോർച്ചുമായി കാട്ടിലേക്ക് പോകേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാർ പറയുന്നത്.

For the residents of Saiden village in Meghalaya, the FIFA World Cup is not the only event that arrives every four years. Alongside football’s biggest tournament comes the emergence of millions of rare Niangtaser cicadas, insects that spend four years underground before appearing in huge numbers during May and June. Villagers collect the young cicadas as a seasonal delicacy and celebrate their arrival through the Niangtaser Festival, which features football tournaments, music and local traditions. Scientists have identified the insect as Ribhoi Chremistica, a species found nowhere else on Earth. However, habitat loss, deforestation and development now threaten its survival.