സൂപ്പർ എൽനിനോ മൂലമുള്ള താപനില വർധന ലോകത്താകെ കാലാവസ്ഥയെ ബാധിക്കുമെന്നും കൊടുംചൂട് മൂലം മരണങ്ങൾ വർധിക്കുമെന്നും പഠനം. 2026 ജൂൺ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ ലോകത്താകെ ചൂടുമൂലം 8,57,000 അധിക മരണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ പ്രവചനം.
ലോകത്താകെ കൊടുംചൂട് വർധിക്കുന്നതിനിടെ സൂപ്പർ എനിനോ സംബന്ധിച്ച ആശങ്കകളും ഉയരുകയാണ്. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില അസാധാരണമായി വർധിക്കുന്നതുമായി ബന്ധപ്പെട്ട ഈ പ്രതിഭാസം ആഗോള താപനിലയെയും ലോകത്താകെ മഴയുടെ രീതികളെയും ബാധിക്കുമെന്നാണ് പഠനം. അതിന്റെ ഭാഗമായി ചൂട് മുലമുള്ള മരണങ്ങൾ ഗണ്യമായി ഉയരുമെന്നാണ് ക്ലൈമറ്റ് ഇംപാക്ട് ലാബിന്റെ മുന്നറിയിപ്പ്. ചരിത്രത്തിൽ ഇതിന് മുമ്പ് സമാനമായ രീതിയിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ താരതമ്യം ചെയ്തുകൊണ്ടാണ് ഈ പ്രവചനം.
എന്താണ് സൂപ്പർ എൽനിനോ?
പസഫിക് സമുദ്രത്തിന്റെ മധ്യ, കിഴക്കൻ ഉഷ്ണമേഖലകലിൽ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഉയരുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് അന്തരീക്ഷത്തിലെ വായുപ്രവാഹത്തെയും മഴയുടെ ലഭ്യതയെയും ആഗോള താപനിലയെയും സ്വാധീനിക്കുന്നു. എൽനിനോയുടെ തീവ്ര രൂപത്തെയാണ് സുപ്പർ എൽനിനോയെന്ന് വിളിക്കുന്നത്.
എന്നാൽ എല്ലാ സ്ഥലങ്ങളിലും ഇതുമൂലം ഒരേ കാലാവസ്ഥാ മാറ്റങ്ങളല്ല സംഭവിക്കുക. ചില ഇടങ്ങളിൽ കൊടും ചൂടുമൂലമുള്ള വരൾച്ച ഉൾപ്പടെ ബാധിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കാം. കാട്ടുതീയുടെ സാധ്യതയും കൂടുതലാണെന്നാണ് പഠനം.
ലോകത്താകെ 8.57 ലക്ഷം മരണങ്ങൾക്ക് സാധ്യത
ക്ലൈമറ്റ് ഇംപാക്ട് ലാബ് വികസിപ്പിച്ച കണക്കനുസരിച്ച് 2026 ജൂൺ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ ലോകത്താകെ ചൂട് മൂലം ഏകദേശം 8.57 ലക്ഷം അധിക മരണങ്ങളാണ് മുന്നറിയിപ്പ് നൽകുന്നത്. ഇതിൽ ഏകദേശം 4,84,500 മരണങ്ങൾ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സംഭവിച്ചതായാണ് റിപ്പോർട്ടിൽ കണക്കാക്കപ്പെടുന്നത്. 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ 3.73 ലക്ഷത്തിലധികം അധിക മരണങ്ങൾ കൂടി ഉണ്ടായേക്കാമെന്നും പ്രവചിക്കുന്നു. എന്നാൽ ഈ മരണസംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലും കടുത്ത ഭീഷണി; 55,000 അധിക മരണങ്ങൾക്ക് സാധ്യത
സൂപ്പർ എൽനിനോയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെട്ടേക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിൽ ഏകദേശം 55,000 അധിക ചൂടുമരണങ്ങൾ ഉണ്ടായേക്കാമെന്നാണ് കണക്ക്. 56,000 മരണങ്ങൾ പ്രവചിക്കപ്പെട്ട നൈജിരിയയ്ക്ക് തൊട്ടുപിന്നിലായാണ് ഇന്ത്യയുടെ സ്ഥാനമെന്നാണ് കണക്കുകൾ. ഇന്തോനേഷ്യയിൽ ഏകദേശം 29,000 അധിക മരണങ്ങളും ബ്രസീലിൽ 19,000 മരണങ്ങളും ഉണ്ടായേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. സുഡാനും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് മാർച്ച് മാസത്തിലെ താപനിലാ വർധനവ് കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കനത്ത ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
ഉയർന്ന താപനിലയിൽ ദീർഘനേരം കഴിയുന്നത് ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തിന് അമിതമായ സമ്മർദമുണ്ടാക്കും. ശരീരത്തിൽ ജലാംശം കുറയുക, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ ഇതുമൂലമുണ്ടാകാം. അതേസമയം, കടുത്ത ചൂട് ഹൃദയസംബന്ധമായും ശ്വാസകോശസംബന്ധമായും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരുടെ അവസ്ഥ വഷളാക്കുകയും ചെയ്യാം. ചൂട് മൂലമുള്ള എല്ലാ മരണങ്ങളും ഹീറ്റ് സ്ട്രോക്കിന് കീഴിൽ രേഖപ്പെടുത്തണമെന്നില്ല. ഉയർന്ന താപനില മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ബാധിക്കുമെന്നും അതിലൂടെ മരണസാധ്യത ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മരണങ്ങൾ കുറയ്ക്കാൻ കഴിയുമോ?
കൊടുംചൂട് പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും മുൻകരുതലുകളിലൂടെ മരണസാധ്യത കുറയ്ക്കാൻ കഴിയും. ചൂടിന്റെ മുന്നറിയിപ്പുകൾ സമയബന്ധിതമായി നൽകുക, കുടിവെള്ളം ലഭ്യമാക്കുക, തണുപ്പുള്ള ഇടങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുക, ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾക്ക് മരണസംഖ്യ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുണ്ട്.
പുറത്തിറങ്ങി ജോലി ചെയ്യുന്നവർക്ക് ആവശ്യമായ വിശ്രമവും വെള്ളവും ഉറപ്പാക്കുക, പ്രായമായവരെയും മറ്റ് അപകടസാധ്യതയുള്ളവരെയും പ്രത്യേകം നിരീക്ഷിക്കുക, ചൂട് കൂടുന്ന സമയങ്ങളിൽ കഠിനമായ ജോലികൾ കുറയ്ക്കുക എന്നിവയും പ്രധാനമാണ്.