Weather

ചുട്ടുപഴുത്ത് കേരളം; 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക, അതീവ ജാഗ്രതാ നിർദേശം

പകൽ 10 മുതൽ 3 വരെ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ, ആ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക

Madism Desk

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് രേഖപ്പെടുത്തിയത്. പകൽ 10 മുതൽ 3 വരെ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാൽ ആ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ടും, കണ്ണൂർ, കാസർകോഡ് ജില്ലകൾക്ക് ജാഗ്രത നിർദ്ദേശവുമാണ് പുറപ്പെടുവിച്ചത്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗം, നേത്രരോഗം, കുറഞ്ഞ പ്രതിരോധശേഷി ഉള്ളവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും, പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട്.

കൂടാതെ, പകൽ 11 മുതൽ 3 വരെ നേരിട്ട് വെയില്‍ ശരീരത്തിലടിക്കുന്നത് ഒഴിവാക്കുകയും, മതിയായ ശുദ്ധജലം കുടിക്കുകയും, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, കുട്ടികൾ, വയോധികർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും പൊതുപരിപാടികൾ ഉച്ച വെയിലിൽ നടത്തുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്..

English Summary: Kerala reports high UV index in the last 24 hours with orange alert issued in six districts including Pathanamthitta, Alappuzha and Kottayam. Authorities warn against sun exposure between 10 am and 3 pm and urge public to follow heat safety precautions