Explainer

എഐ മാറ്റിയെഴുതുന്ന തൊഴില്‍ വിപണി; ഏറ്റവും കൂടുതല്‍ ബാധിക്കുക സ്ത്രീകളെ

അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ പോലെയുള്ള സാധാരണ തസ്തികകളിലാണ് ഭൂരിഭാഗം സ്ത്രീകളും തൊഴിലെടുക്കുന്നത്. ഇത്തരം ജോലികളുടെ രീതികള്‍ മനസ്സിലാക്കി കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ എഐക്ക് എളുപ്പത്തില്‍ സാധിക്കും.

Madism Desk

നിര്‍മിതബുദ്ധി (എഐ) ലോകമെമ്പാടുമുള്ള തൊഴില്‍ സംസ്‌കാരത്തെ തന്നെ പുനര്‍നിര്‍മിക്കുകയാണ്. എന്നാല്‍, ഈ സാങ്കേതിക മാറ്റത്തിന്റെ ആഘാതങ്ങള്‍ ഓരോ തൊഴില്‍ മേഖലയിലും ഒരേപോലെയല്ല പ്രതിഫലിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍, ഓഫീസ് ജോലികള്‍ തുടങ്ങിയവ എഐ വല്‍ക്കരിക്കുമ്പോള്‍ ചരിത്രപരമായി ഈ മേഖലകളില്‍ കൂടുതലായി ജോലി ചെയ്തുവരുന്ന ദശലക്ഷക്കണക്കിന് വനിതാ ജീവനക്കാരെയാണ് അത് ബാധിക്കുക.

മുന്‍കാല സാങ്കേതിക വിപ്ലവങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പും ഇതുതന്നെയാണ്. പുതിയ സാങ്കേതികവിദ്യ പുതിയ മേഖലകള്‍ തുറക്കുമെങ്കിലും നിലവിലുള്ള തൊഴില്‍ നൈപുണ്യങ്ങള്‍ അപ്രസക്തമാകുന്നതോടെ ഈ തൊഴിലാളികള്‍ക്ക് സമാനമായ ശമ്പളവും സുരക്ഷിതത്വവുമുള്ള ജോലികള്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് അനുസരിച്ച്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ പത്തില്‍ ഒരു സ്ത്രീ എഐ ഭീഷണി നേരിടുന്നുണ്ട്.

സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി

അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ പോലെയുള്ള സാധാരണ തസ്തികകളിലാണ് ഭൂരിഭാഗം സ്ത്രീകളും തൊഴിലെടുക്കുന്നത്. ഇത്തരം ജോലികളുടെ രീതികള്‍ മനസ്സിലാക്കി കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ എഐക്ക് എളുപ്പത്തില്‍ സാധിക്കുമെന്നതിനാല്‍, ഈ വിഭാഗങ്ങളിലെ തൊഴിലുകളാണ് ഭൂരിഭാഗവും എഐ വല്‍ക്കരിക്കപ്പെടുന്നത്. സെക്രട്ടറി, ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവരില്‍ 90 ശതമാനവും ഇപ്പോഴും സ്ത്രീകളാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍സ് പോളിസി റിസര്‍ച്ചിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ അരിയാന്‍ ഹെഗെവിഷ് പറഞ്ഞു.

തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമുള്ള മറ്റ് ജോലികള്‍ സ്വീകരിക്കേണ്ടി വരികയോ തൊഴില്‍ മേഖലയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങേണ്ടി വരികയോ ചെയ്യാം എന്നത് ഇതിന്റെ പ്രത്യാഘാതം വര്‍ധിപ്പിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ നേടുന്ന കഴിവുകളെ അടിസ്ഥാനമാക്കിയാണ് ഭൂരിഭാഗം ആളുകളും ജോലിയില്‍ മുന്നേറുന്നത്. പ്രസ്തുത തൊഴിലുകള്‍ പെട്ടെന്ന് അപ്രസക്തമാകുമ്പോള്‍ സമാന നിലവാരമുള്ള മറ്റൊരു തൊഴിലിലേക്ക് മാറുക അത്ര എളുപ്പമല്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡേവിഡ് ഓട്ടര്‍ ചൂണ്ടിക്കാണിക്കുന്നു.

ചരിത്രം നല്‍കുന്ന പാഠം

1940-കളില്‍ അമേരിക്കയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ 95 ശതമാനവും സ്ത്രീകളായിരുന്നു. മികച്ച വേഗതയും പരിശീലനവും ആവശ്യമായിരുന്ന ഈ ജോലി അക്കാലത്ത് സ്ത്രീകള്‍ക്ക് മികച്ച വരുമാനം നല്‍കിയിരുന്നു. എന്നാല്‍, ഓട്ടോമേറ്റഡ് ടെലിഫോണ്‍ സ്വിച്ചിംഗ് സിസ്റ്റങ്ങള്‍ നിലവില്‍ വന്നതോടെ ഏകദേശം 75,000 ഓപ്പറേറ്റര്‍ ജോലികളാണ് പെട്ടെന്ന് ഇല്ലാതായത്. പരിചയസമ്പന്നരായ പല വനിതാ ജീവനക്കാര്‍ക്കും കരിയര്‍ നഷ്ടപ്പെടുകയും കുറഞ്ഞ ശമ്പളമുള്ള ജോലികളിലേക്ക് മാറേണ്ടി വരികയും ചെയ്തു.

എങ്കിലും, ചെറുപ്പക്കാരായ പുതിയ തൊഴിലാളികള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ വിപണിയുമായി പൊരുത്തപ്പെടാനും പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താനും കഴിഞ്ഞു. ചരിത്രത്തിലെ ഈ അനുഭവം എഐയുടെ കാര്യത്തിലും പ്രസക്തമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവന്നേക്കാം, എന്നാല്‍ നിലവില്‍ ഭീഷണി നേരിടുന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരായിരിക്കും ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതം ആദ്യം അനുഭവിക്കേണ്ടി വരിക.

സാങ്കേതികവിദ്യ എപ്പോഴും ഭീഷണിയാണോ?

എല്ലാ സാങ്കേതിക വിപ്ലവങ്ങളും സ്ത്രീകളുടെ സാമ്പത്തിക അവസരങ്ങളെ കുറച്ചിട്ടില്ല. പ്രത്യേകിച്ച് വീട്ടുപകരണങ്ങളുടെ കണ്ടുപിടിത്തം. വാഷിംഗ് മെഷീന്‍ പോലുള്ള വീട്ടുപകരണങ്ങളുടെ വരവ് പ്രതിഫലമില്ലാത്ത വീട്ടുജോലികള്‍ ലഘൂകരിക്കുകയും കൂടുതല്‍ സ്ത്രീകളെ തൊഴില്‍ വിപണിയിലേക്ക് വരാന്‍ സഹായിക്കുകയും ചെയ്തു. 1950 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 34%-ല്‍ നിന്ന് 52%-ലേക്ക് ഉയര്‍ന്നു.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വരവ് മറ്റൊരു മാറ്റം കൊണ്ടുവന്നു. 1980-കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും വേഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയറുകളും വന്നതോടെ ടൈപ്പിസ്റ്റ്, സെക്രട്ടറി തസ്തികകളുടെ ആവശ്യകത കുറഞ്ഞു. എന്നാല്‍, അതേ കമ്പ്യൂട്ടറുകള്‍ തന്നെ സ്ത്രീകള്‍ക്ക് പുതിയ സാങ്കേതിക കഴിവുകള്‍ നേടാനും ഉയര്‍ന്ന തസ്തികകളിലേക്ക് ഉയരാനുമുള്ള അവസരവും നല്‍കി. 1980-കളില്‍ ഏകദേശം 47 ലക്ഷം അമേരിക്കക്കാര്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ് എന്നിവരായി ജോലി ചെയ്തിരുന്നു. ഇതില്‍ 98% വും സ്ത്രീകളായിരുന്നു.

തൊഴില്‍നഷ്ടം പരിഹരിക്കാന്‍ തക്കവണ്ണം പുതിയ ജോലികള്‍ സൃഷ്ടിക്കാന്‍ എഐക്ക് കഴിയുമോ?

എഐ വല്‍ക്കരണം മൂലം നഷ്ടപ്പെടുന്ന ജോലികള്‍ക്ക് പകരമായി തുല്യ ശമ്പളവും സുരക്ഷിതത്വവുമുള്ള പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എഐക്ക് കഴിയുമോ എന്നതാണ് നിലവിലുള്ള ഏറ്റവും വലിയ അനിശ്ചിതത്വം. ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്കായി സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കമ്പനികളില്‍ ഈ മേഖലയിലെ തൊഴിലവസരങ്ങളില്‍ 1% കുറവുണ്ടായതായി ബോസ്റ്റണ്‍ സര്‍വ്വകലാശാലയും ഡ്യൂക്ക് സര്‍വ്വകലാശാലയും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു. അതേസമയം, സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിവുള്ള ബിരുദധാരികളുടെ വേതനത്തില്‍ 3% വര്‍ദ്ധനവും രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസവും മാനേജ്മെന്റ് പദവികളും സ്ത്രീകളെ ഒരു പരിധി വരെ സംരക്ഷിച്ചേക്കാം. എങ്കിലും, സാധാരണ ക്ലറിക്കല്‍ ജോലികള്‍ക്ക് പുറമെ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രൊഫഷണല്‍ മേഖലകളിലേക്കും എഐ കടന്നുകയറുന്നതിനാല്‍ ഇത് ബാധിക്കുന്ന തൊഴിലുകളുടെ വ്യാപ്തി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

Artificial intelligence (AI) is reshaping workplaces worldwide, but its impact is unlikely to be evenly distributed across occupations. Administrative, clerical and office jobs, traditionally dominated by women, are particularly vulnerable to automation. An International Labour Organization (ILO) study indicates that one in 10 women in high-income countries faces potential exposure to AI, raising concerns about job security and economic inequality.