കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യതാ നിയമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ പ്രമുഖ വ്യവസായികളായ അംബാനിയുടെയും അദാനിയുടെയും സ്ഥാപനങ്ങളും. ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ (ഡിപിഡിപി) നിയമത്തിനെതിരെ 21 വാര്‍ത്താ പ്രസാധകരുടെ കൂട്ടായ്മയാണഅ സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ നിയമം അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ നട്ടെല്ലൊടിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ രഹസ്യ ഉറവിടങ്ങളെ കണ്ടെത്താന്‍ ഭരണകൂടത്തിന് അധികാരം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് സ്ഥാപനങ്ങള്‍ ഹര്‍ജി നല്‍കിയത്.
ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന് (ഡിഎന്‍പിഎ) സമര്‍പ്പിച്ച 698 പേജുള്ള ഹര്‍ജിയെക്കുറിച്ചുള്ള വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് പുറത്തുവിട്ടത്. മാധ്യമസ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കുന്ന ഈ നിയമത്തിലെ വിവാദ വകുപ്പുകള്‍ റദ്ദാക്കണമെന്നാണ് പബ്ലിഷര്‍മാരുടെ പ്രധാന ആവശ്യം. ഡിജിറ്റല്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് സ്വകാര്യതാ നിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്കാത്തതിനാല്, ഈ നിയമം പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രസാധകര് വ്യക്തമാക്കി.
ഓഗസ്റ്റില്‍ സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പത്രസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് മാധ്യമ കമ്പനികള്‍ക്ക് ഉറപ്പ് ലഭിച്ചിരുന്നു. എങ്കിലും യൂറോപ്യന്‍ യൂണിയന്, സിംഗപ്പൂര്‍, ബ്രിട്ടന് എന്നിവിടങ്ങളിലേതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേക രേഖാമൂലമുള്ള ഇളവുകള്‍ ഉള്‍പ്പെടുത്താത്തത് ആശങ്കാജനകമാണെന്ന് ഡിഎന്‍പിഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിന് ഫയല്‍ ചെയ്തതും ചൊവ്വാഴ്ച പരിഗണിക്കാന്‍ ഇരിക്കുന്നതുമായ ഈ കേസ്, സ്വകാര്യതാ നിയമത്തിനെതിരെയുള്ള ഏറ്റവും ശ്രദ്ധേയമായ നിയമപോരാട്ടമാണ്. ഇതുവരെ അഭിപ്രായസ്വാതന്ത്ര്യ പ്രവര്‍ത്തകരും ചില ചെറിയ വാര്‍ത്താ മാധ്യമങ്ങളും മാത്രമാണ് ഇതിനെ ചോദ്യം ചെയ്തിരുന്നത്.
മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കല്‍
പുതിയ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തികളുടെ പൂര്‍ണ്ണ സമ്മതം ആവശ്യമാണ്. ഒരു പ്രമുഖ വ്യക്തിയോ സ്ഥാപനമോ നടത്തുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അവരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടി വരുന്നത് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് ഡിഎന്‍പിഎ വാദിക്കുന്നു. അന്വേഷണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കുറ്റക്കാര്‍ക്ക് അവസരമൊരുക്കും.
വാര്‍ത്തകള്‍ പിന്‍വലിക്കാനുള്ള അധികാരം
ഏതൊരു വ്യക്തിക്കും തങ്ങള്‍ നല്കിയ അനുമതി ഏതുസമയത്തും പിന്‍വലിക്കാനും തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മായ്ച്ചു കളയാന്‍ ആവശ്യപ്പെടാനും നിയമം അനുവാദം നല്കുന്നു. പൊതുതാല്‍പ്പര്യ സംരക്ഷണത്തിനുള്ള ഇളവുകള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍, വസ്തുതാപരമായ റിപ്പോര്‍ട്ടുകള്‍ പോലും വെബ്സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കാനോ തിരുത്താനോ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാകും.
സ്രോതസ്സുകള്‍ വെളിപ്പെടുത്തേണ്ടി വരും
വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏത് സ്ഥാപനത്തോടും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന് ഉത്തരവിടാന്‍ കേന്ദ്ര സര്‍ക്കാരിന് പുതിയ നിയമം അധികാരം നല്‍കുന്നുണ്ട്. ഇത് മാധ്യമപ്രവര്‍ത്തകരുടെ രഹസ്യ സ്രോതസ്സുകളെ ചോര്‍ത്താന്‍ ഇടയാക്കും. അഴിമതി, കോര്‍പ്പറേറ്റ് ക്രമക്കേടുകള്‍ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തിരിമറികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുന്നതില്‍ നിന്ന് വിസില്‍ബ്ലോവര്‍മാരെ പിന്തിരിപ്പിക്കാന് ഇത് കാരണമാകുമെന്നും ഡിഎന്‍പിഎ വാദിച്ചു.
അംബാനി-അദാനി ഗ്രൂപ്പുകളുടെ അപൂര്‍വ്വ നിലപാട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിരന്തരം ആരോപിക്കുന്ന വ്യവസായ ഗ്രൂപ്പുകളാണ് അംബാനിയുടേതും അദാനിയുടേതും. എന്നാല്‍, ഭരണകൂടത്തിന്റെ ഈ നയത്തിനെതിരെ അവര്‍ ഒന്നിച്ചു നിലയുറപ്പിച്ചു എന്നത് ഈ കേസിലെ ശ്രദ്ധേയമായ കാര്യമാണ്. മുകേഷ് അംബാനിയുടെ 'നെറ്റ്വര്‍ക്ക് 18' (ഏഴ് ഡിജിറ്റല്‍ ന്യൂസ് പ്ലാറ്റ്ഫോമുകള്), ഗൗതം അദാനിയുടെ 'എന്‍ഡിടിവി' എന്നിവയ്ക്ക് പുറമെ ടൈംസ് ഇന്റര്‍നെറ്റ്, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങി രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഈ ഹര്‍ജിക്ക് പിന്നിലുണ്ട്.
മാധ്യമസ്വാതന്ത്ര്യവും സര്‍ക്കാരിന്റെ വാദവും
ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം നാളുകള്‍ക്ക് മുന്‍പേ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ 'വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍' ഇന്ത്യയുടെ റാങ്ക് 2014-ലെ 140-ല്‍ നിന്ന് ഈ വര്‍ഷം 180 രാജ്യങ്ങളില്‍ 157-ാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. എന്നാല്‍ ഈ റാങ്കിംഗുകള്‍ തള്ളിക്കളയുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഭദ്രമാണെന്നും നൂറുകണക്കിന് പത്രങ്ങളും വാര്‍ത്താ ചാനലുകളുമുള്ള ഇന്ത്യയ്ക്ക് വിദേശ ഏജന്‍സികളുടെ അംഗീകാരം ആവശ്യമില്ലെന്നുമാണ് വാദിക്കുന്നത്.
നിയമത്തിലെ മിക്ക നിര്‍ണായക വകുപ്പുകളും 2027 മേയ് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ വ്യവസ്ഥകള്‍ പ്രീ-സെന്‍സര്‍ഷിപ്പിന് (മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ്) വഴിവെക്കുമെന്നും ജനാധിപത്യപരമായ മാധ്യമപ്രവര്‍ത്തനത്തെ വെറുമൊരു നിഷ്ക്രിയ സംഭവവിവരണ സംവിധാനമായി മാറ്റുമെന്നും ഡിഎന്‍പിഎ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
A group of 21 news publishers, including media companies owned by industrialists Mukesh Ambani and Gautam Adani, has approached the Supreme Court challenging India's Digital Personal Data Protection (DPDP) Act, arguing that it threatens press freedom and investigative journalism. The Digital News Publishers Association (DNPA) filed a 698-page petition seeking the repeal of controversial provisions in the law. The publishers argue that the legislation could undermine investigative reporting, force journalists to obtain prior consent before collecting personal information and expose confidential sources to government scrutiny.